ചുരിദാറിട്ടതിൻ്റെ പേരിൽ പ്രധാനാധ്യാപികയെ സ്കൂളിൽ പ്രവേശിക്കുന്നത് വിലക്കിയ സംഭവം; കേസെടുത്ത് പൊലീസ്

സംഭവം പരാതിക്കാരിയുടെ അന്തസ്സിന് ഹാനി വരുത്തിയതായി എഫ്ഐആർ

ചുരിദാറിട്ടതിൻ്റെ പേരിൽ പ്രധാനാധ്യാപികയെ സ്കൂളിൽ പ്രവേശിക്കുന്നത് വിലക്കിയ സംഭവം; കേസെടുത്ത് പൊലീസ്
dot image

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്‌കൂളിൽ തടഞ്ഞ സംഭവത്തിൽ കേസെടുത്ത് പൊലീസ്. നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശങ്കരനെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. അന്യായമായി തടഞ്ഞു വെച്ചതിനാണ് കേസ്. പരാതിക്കാരിയെ അകത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം സ്‌കൂൾ കോമ്പൗണ്ടിന്റെ ഗേറ്റിന് സമീപം അന്യായമായി തടഞ്ഞുവെച്ചുവെന്നും ഇത് സ്‌കൂൾ കുട്ടികളുടെയും അധ്യാപകരുടെയും മുന്നിൽ പരാതിക്കാരിയുടെ അന്തസ്സിന് ഹാനി വരുത്തിയതായും എഫ്‌ഐആറിൽ പറയുന്നു.

ഇന്നലെ രാവിലെ ഒമ്പത് മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയായ സിന്ധു എസ് നായരെ സ്‌കൂളിൽ പ്രവേശിപ്പിക്കാതെ സെക്യൂരിറ്റി ജീവനക്കാരൻ തടയുകയായിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ടാണ് അധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിച്ചത്. സ്‌കൂൾ മാനേജർ കെ സുരേഷ് കുമാറിന്റെ നിർദേശ പ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്നായിരുന്നു ആരോപണം. എന്നാൽ അധ്യാപികയെ തടഞ്ഞിട്ടില്ലെന്നായിരുന്നു സ്‌കൂൾ മാനേജരുടെ വിശദീകരണം. വിദ്യാഭ്യാസ വകുപ്പിന്റെ നിയമം അനുസരിച്ച് അധ്യാപികമാർ ചുരിദാർ ധരിക്കുന്നതിന് വിലക്കില്ല. ഈ സാഹചര്യം നിലനിൽക്കെയാണ് അധ്യാപികയെ തടഞ്ഞത്. പിന്നാലെ സ്‌കൂൾ ഗേറ്റിന് മുന്നിൽ ഇവർ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

ചുരിദാർ ധരിച്ച് വരരുതെന്ന് മുമ്പും മാനേജർ പറഞ്ഞിട്ടുണ്ടെന്ന് സിന്ധു റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. ഒമ്പത് മണിക്ക് മുമ്പ് ഓഫീസിൽ എത്തിയില്ലെങ്കിൽ വാതിൽ തുറക്കരുതെന്ന് മാനേജർ ഓഫീസ് അസിസ്റ്റൻറ്മാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സ്‌കൂളിന്റെ ആവശ്യത്തിന് പുറത്ത് പോകുന്നതും, ലീവ് എടുക്കുന്നതിനും സഹിതം മാനേജരുടെ അനുമതി തേടണമെന്നാണ് നിർദേശിച്ചരിക്കുന്നതെന്നും സിന്ധു ആരോപിച്ചിരുന്നു. മറ്റ് അധ്യാപികമാരോടും ചുരിദാർ ധരിച്ച് വരരുതെന്നാണ് മാനേജരുടെ നിർദേശം. തന്റെ സ്‌കൂളിൽ ചുരിദാർ ധരിച്ചു കയറരുതെന്നാണ് മാനേജരുടെ നിലപാട്. ഇയാൾ സ്ഥിരം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും അധ്യാപിക ആരോപിച്ചിരുന്നു. ഉച്ച ഭക്ഷണത്തിന് വേണ്ടുന്ന മുട്ടയുമായി ഓട്ടോയിൽ വന്നപ്പോഴാണ് തടഞ്ഞതെന്നും മറ്റ് അധ്യാപികമാർക്കെല്ലാം മാനേജരെ ഭയമാണെന്നും ഇനിയും താൻ ചുരിദാർ ധരിച്ച് സ്‌കൂളിലെത്തുമെന്നും അധ്യാപിക പറഞ്ഞിരുന്നു.

Content Highlights:‌ Kottarakkara police taken case on headmistress was allegedly restricted from entering the school gates due to wearing a churidar suit

dot image
To advertise here,contact us
dot image