സി ജെ റോയിയുടെ സംസ്‌കാരം ഇന്ന് ബെംഗളൂരുവിൽ; ഉച്ചയ്ക്ക് ഒരുമണിവരെ പൊതുദര്‍ശനം

ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് റോയ് ജീവനൊടുക്കിയതെന്ന് റോയിയുടെ സഹോദരന്‍ സി ജെ ബാബു ആരോപിച്ചിരുന്നു

സി ജെ റോയിയുടെ സംസ്‌കാരം ഇന്ന് ബെംഗളൂരുവിൽ; ഉച്ചയ്ക്ക് ഒരുമണിവരെ പൊതുദര്‍ശനം
dot image

ബെംഗളൂരു: ബെംഗളൂരുവില്‍ ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്‌കാരം ഇന്ന്. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലെ ദേവാലയത്തില്‍ ആണ് സംസ്‌കാരം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയില്‍ നിന്നും മൃതദേഹം കോറമംഗലയിലെത്തിക്കും. സഹോദരന്‍ സി ജെ ബാബുവിന്റെ വീട്ടില്‍ ഉച്ചയ്ക്ക് ഒരു മണിവരെ പൊതുദര്‍ശനം ഉണ്ടാകും. റോയിയുടെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അശോക് നഗര്‍ പൊലീസ് കേസെടുത്തു. ആധായവകുപ്പിന്റെ പരിശോധനയ്ക്കിടെ അതേകെട്ടിടത്തില്‍ തന്നെയുള്ള ഓഫീസിലെത്തി സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു. നേരത്തെ നടത്തിയ പരിശോധനയുടെ ബാക്കി നടപടിക്കായിട്ടായിരുന്നു ഉദ്യോഗസ്ഥര്‍ എത്തിയത്.

റോയിയുടെ മരണത്തില്‍ ആദായ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് റോയ് ജീവനൊടുക്കിയതെന്ന് റോയിയുടെ സഹോദരന്‍ സി ജെ ബാബുആരോപിച്ചിരുന്നു. ആദായ വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദാണ് റോയിയുടെ മരണത്തിന് ഉത്തരവാദി. റോയ് മരിച്ചിട്ടും ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടര്‍ന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു. ഇക്കാര്യം ഉന്നയിച്ച് പൊലീസില്‍ പരാതിയും നല്‍കി. പരിശോധന നടത്തിയ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ബെംഗളൂരു സെന്‍ട്രല്‍ ഡിസിപിക്കാണ് അന്വേഷണ ചുമതല.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് റോയ് ജീവനൊടുക്കുന്നത്. രാവിലെയോടെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. രണ്ട് മണിയോടെ റോയ് ഓഫീസിലേയ്ക്ക് എത്തി. ഇതിന് പിന്നാലെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റോയ്യെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. തുടര്‍ന്ന് റോയ്യോട് ചില രേഖകള്‍ ഹാജരാക്കാന്‍ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്ന് സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ച് റോയ് സ്വയം നിറയൊഴിക്കുകയായിരുന്നു.

തൃശൂര്‍ സ്വദേശിയാണ് റോയ്. കേരളം, കര്‍ണാടക, തമിഴ്നാട് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു സി ജെ റോയ്. റിയല്‍ എസ്റ്റേറ്റ് കൂടാതെ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, വിദ്യാഭ്യാസം, ഗോള്‍ഫിംഗ്, റീട്ടെയില്‍, ഇന്റര്‍നാഷണല്‍ ട്രേഡിങ്ങ് (ബില്‍ഡിംഗ് മെറ്റീരിയല്‍സ്) തുടങ്ങിയ മേഖലകളിലും സി ജെ റോയ് സജീവ സാന്നിധ്യമായിരുന്നു. റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ നടപ്പിലാക്കുമ്പോള്‍ 'സീറോ ഡെബിറ്റ്' (കടരഹിത) നയം സ്വീകരിച്ചിരുന്നു. അറബ് ലോകത്തെ ഇന്ത്യന്‍ ബിസിനസുകാരുടെ ഫോബ്സ് പട്ടികയില്‍ 14-ാം സ്ഥാനത്ത് എത്തിയിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്ഥാനം ബെംഗളൂരുവിലും അന്താരാഷ്ട്ര ആസ്ഥാനം ദുബായിലുമാണ്.

Content Highlights: Confident group owner C J Roy Funeral Today

dot image
To advertise here,contact us
dot image