

'കോണ്‍ഗ്രസിന് ശശി തരൂരിനെ ആവശ്യം'; പാര്‍ട്ടി നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ശശി തരൂരിനെ ആവശ്യമാണെന്ന് തന്നെ കാണാനെത്തിയ തിരുവനന്തപുരം എംപിയോട് പാര്‍ട്ടി നിലപാട് വ്യക്തമാക്കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ട്ടി വിട്ടേക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമായി നിലനില്‍ക്കവേ തന്നെ കാണാനെത്തിയ ശശി തരൂരുമായി ഒരു മണിക്കൂര്‍ നേരം രാഹുല്‍ ഗാന്ധി സംസാരിച്ചു.
കേരളത്തില്‍ തീരുമാനങ്ങളെടുക്കുക തരൂരിനെ കൂടി കേട്ടായിരിക്കും. എല്ലാ പരിഗണനയും നല്‍കുമെന്ന് രാഹുല്‍ ഗാന്ധി ശശി തരൂരിന് ഉറപ്പ് നല്‍കി. കേരളത്തില്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ഒരുമിച്ച് പ്രവര്‍ത്തിക്കണം എന്നും രാഹുല്‍ ഗാന്ധി ശശി തരൂരിനോട് ആവശ്യപ്പെട്ടു. ഇന്നലത്തെ കൂടിക്കാഴ്ചയില്‍ കൂടുതല്‍ സംസാരിച്ചത് രാഹുല്‍ ഗാന്ധിയാണ്.
പാര്‍ലമെന്റില്‍ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശശി തരൂര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുമായി നടന്നത് ക്രിയാത്മക ചര്‍ച്ച. രണ്ട് മണിക്കൂര്‍ എല്ലാം തുറന്ന് സംസാരിച്ചു. മഞ്ഞുരുകിയെന്നും താനും പാര്‍ട്ടിയും ഒരേ ദിശയില്‍ എന്നും ശശി തരൂര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്നും ശശി തരൂര്‍ വ്യക്തമാക്കി. നേരത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും ശശി തരൂര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
രാഹുല്‍ ഗാന്ധിയുമായി നടന്ന ചര്‍ച്ച സൗഹാര്‍ദ്ദപരമായിരുന്നെന്ന് ശശി തരൂര്‍ ചൂണ്ടിക്കാണിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും എന്ന വാക്കു കൊടുത്തു കഴിഞ്ഞു. കഴിഞ്ഞതവണ എല്ലാം 56 സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ഇറങ്ങി.ഇത്തവണ അതില്‍ കൂടുതല്‍ ഇറങ്ങും. സിപിഐഎമ്മിലേക്ക് എന്ന കഥകള്‍ എവിടെ നിന്ന് കിട്ടി എന്ന് അറിയില്ലെന്നും തരൂര്‍ വ്യക്തമാക്കി.
നേരത്തെ കൊച്ചിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാപഞ്ചായത്ത് വേദിയില്‍ രാഹുല്‍ ഗാന്ധി അവഗണിച്ചതില്‍ ശശി തരൂര്‍ അസംതൃപ്തനാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് വിളിച്ചു ചേര്‍ത്ത കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടു നിന്നതും ചര്‍ച്ചയായിരുന്നു.
നയരൂപീകരണ യോഗത്തില്‍ എത്താത്തത് ക്ഷണം വൈകിയത് കൊണ്ടാണെന്ന് തരൂര്‍ വ്യക്തമാക്കിയിരുന്നു. രണ്ട് ദിവസം മുമ്പാണ് യോ?ഗത്തിന് ക്ഷണിക്കുന്നതെന്നും അപ്പോഴേക്കും നാട്ടിലേക്ക് തിരിക്കാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെന്നും തരൂര്‍ വ്യക്തമാക്കി. കൃത്യസമയത്ത് ഡല്‍ഹിയില്‍ എത്താന്‍ കഴിയാത്തത് കൊണ്ടാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നും തരൂര്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ മറ്റ് പ്രശ്നങ്ങള്‍ കാണേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.
സിപിഐഎമ്മിലേക്ക് ചേക്കേറുന്നതുമായി ബന്ധപ്പെട്ട് ദുബായിലെ വ്യവസായിയുമായി ചര്‍ച്ച നടന്നുവെന്ന വാര്‍ത്തകളും നേരത്തെ ശശി തരൂര്‍ തള്ളിയിരുന്നു. സിപിഐഎം നേതൃത്വവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതെല്ലാം മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നായിരുന്നു തരൂര്‍ നേരത്തെ വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശശി തരൂരിനെ സിപിഐഎമ്മിലേക്ക് എത്തിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ഇതിന് മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വിദേശ വ്യവസായിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നുവെന്നുമായിരുന്നു അഭ്യൂഹങ്ങള്‍.
Content Highlights: Rahul Gandhi clarified Congress's stance on Shashi Tharoor