കാൽനൂറ്റാണ്ടായി യുഡിഎഫ് വിജയിക്കാത്ത മണ്ഡലങ്ങൾ; നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ ആവശ്യപ്പെട്ട് കെഎസ്‌യു

കാല്‍നൂറ്റാണ്ടായി യുഡിഎഫിന് പിടിച്ചെടുക്കാന്‍ കഴിയാത്ത പീരുമേട്, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ഇരിങ്ങാലക്കുട, പയ്യന്നൂര്‍ എന്നീ സീറ്റുകളാണ് കെഎസ്‌യു ആവശ്യപ്പെട്ടിരിക്കുന്നത്

കാൽനൂറ്റാണ്ടായി യുഡിഎഫ് വിജയിക്കാത്ത മണ്ഡലങ്ങൾ; നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ ആവശ്യപ്പെട്ട് കെഎസ്‌യു
dot image

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകള്‍ ആവശ്യപ്പെട്ട് കെഎസ്‌യു. കാല്‍നൂറ്റാണ്ടായി യുഡിഎഫിന് പിടിച്ചെടുക്കാന്‍ കഴിയാത്ത പീരുമേട്, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ഇരിങ്ങാലക്കുട, പയ്യന്നൂര്‍ എന്നീ സീറ്റുകളാണ് കെഎസ്‌യു ആവശ്യപ്പെട്ടിരിക്കുന്നത്.

കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനെ പീരുമേട് മത്സരിപ്പിക്കണമെന്നാണ് ആവശ്യം. അരുണ്‍ രാജേന്ദ്രനെ ആറ്റിങ്ങലിലും ആന്‍ സെബാസ്റ്റ്യനെ ഇരിങ്ങാലക്കുടയിലും മത്സരിപ്പിക്കണമെന്നും ആവശ്യമുണ്ട്. പയ്യന്നൂരില്‍ മുഹമ്മദ് ഷമ്മാസിനെയും യദു കൃഷ്ണനെയും പരിഗണിക്കണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയെ കെഎസ്‌യു ഇക്കാര്യം നേരിട്ട് അറിയിച്ചു.

കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറും ഉപാധ്യക്ഷന്മാരും ചേര്‍ന്നായിരുന്നു ദീപാ ദാസ് മുന്‍ഷിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. എന്‍എസ്‌യു ദേശീയ അധ്യക്ഷന്‍ കേരളത്തില്‍ എത്തിയപ്പോള്‍ കെഎസ്‌യു നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹമാണ് ദീപാ ദാസ് മുന്‍ഷിയെ നേരിട്ട് കാണാന്‍ നേതാക്കളോട് ആവശ്യപ്പെട്ടത്. കെഎസ്‌യുവിന്റെ സീറ്റ് ആവശ്യം നിയമസഭാ തെരഞ്ഞെടുപ്പ് സമിതിക്ക് മുന്‍പില്‍ ഉന്നയിച്ചിട്ടുണ്ടെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. തിരുമാനമെടുക്കേണ്ടത് കെപിസിസിയാണെന്നും കെഎസ്‌യുവിന്റെ ആവശ്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്‍പത് സീറ്റുകള്‍ ആവശ്യപ്പെട്ട് കെഎസ്‌യു രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ആവശ്യപ്പെട്ട സീറ്റുകൾക്ക് പുറമേ കണ്ണൂര്‍, മാവേലിക്കര, കാഞ്ഞിരപ്പള്ളി, തൃപ്പൂണിത്തുറ എന്നീ സീറ്റുകളായിരുന്നു കെഎസ്‌യു ആവശ്യപ്പെട്ടത്.

Content Highlight; assembly election; KSU demands 5 constituencies where UDF has not won for a quarter of a century

dot image
To advertise here,contact us
dot image