

കോഴിക്കോട്: ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഗള്‍ഫ് മേഖലയില്‍ നിന്നുളള പൊടിക്കാറ്റാണെന്ന് ബിജെപി നേതാവും മുന്‍ ഡിജിപിയുമായ ടി പി സെന്‍കുമാര്‍. ഇറാഖ്, സൗദി അറേബ്യ, കുവൈറ്റ് എന്നീ മേഖലകളില്‍ നിന്നും ഉണ്ടാകുന്ന വലിയ പൊടിക്കാറ്റുകള്‍ അന്തരീക്ഷത്തില്‍ ഉയരത്തില്‍ സഞ്ചരിച്ച് വടക്കേ ഇന്ത്യയില്‍ എത്തുകയാണെന്നും ഡല്‍ഹിയിലും ഉത്തരേന്ത്യയിലും ഈ ശൈത്യകാലത്ത് പൊടിപടലങ്ങള്‍ നീങ്ങിപ്പോകാതെ അവിടെത്തന്നെ കെട്ടിക്കിടക്കുകയാണെന്നും സെന്‍കുമാര്‍ പറഞ്ഞു.
ഹരിയാനയിലും പഞ്ചാബിലുമൊക്കെ കത്തിക്കുന്ന വൈക്കോലാണ് ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ മറ്റൊരു പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലും മറ്റ് സമീപ സംസ്ഥാനങ്ങളിലും ഓടുന്ന വാഹനങ്ങളുടെ പുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന പൊടി, അവിടെയുളള വ്യവസായ സ്ഥാപനങ്ങളില്‍ ഉണ്ടാകുന്ന പുക എന്നിവയും വായുമലിനീകരണത്തിന് കാരണമാണെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
വായുമലിനീകരണം ഇന്ത്യയുടെ ജിഡിപിയുടെ ഒന്‍പത് ശതമാനം വരെ ബാധിക്കുന്നുണ്ടെന്നും അടിയന്തരമായി രാജ്യം പരിഹരിക്കേണ്ട വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു. കൃത്രിമ മഴ പെയ്യിക്കുക, വൃക്ഷങ്ങള്‍ നടുക, സാറ്റലൈറ്റ് മോണിറ്ററിംഗ്, ശാസ്ത്രീയ പഠനം എന്നി ആവശ്യമാണെന്നും വായു മലിനീകരണം അടിയന്തരമായി പരിഹരിക്കണമെന്നും ടി പി സെന്‍കുമാര്‍ പറഞ്ഞു. പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ രാജ്യതലസ്ഥാനത്തേക്ക് ആളുകള്‍ പോകാന്‍ മടിക്കുമെന്നും അവിടെയുളള ആളുകള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുകയും മരണ സംഖ്യ വര്‍ധിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി പി സെന്‍കുമാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
മലിനീകരണം. പ്രത്യേകിച്ച് വായു മലിനീകരണംഇന്ത്യയുടെ ജിഡിപിയുടെ 9 ശതമാനം വരെ ബാധിക്കുന്നു എന്നാണ് കണക്ക്. ശ്രദ്ധിക്കുക. ട്രംപിന്റെ രണ്ടാം വരവിലുള്ള താരിഫ് കൊണ്ട് ഇന്ത്യയുടെ ജിഡിപിയുടെ 1 ശതമാനത്തെയാണ് ബാധിക്കുന്നത്.
അതായത് അതിനേക്കാൾ 8 ശതമാനം കൂടുതൽ ജിഡിപിയെ ബാധിക്കുന്ന ഒന്നാണ് വായു മലിനീകരണം.അത് ഡൽഹിയിൽ മാത്രമല്ല നോർത്ത് ഇന്ത്യയിൽ ശൈത്യകാലത്തു പ്രത്യേകിച്ചും വരുന്ന മലിനീകരണം.
ഏകദേശം 2 ദശലക്ഷം ആളുകൾ ഇതുമൂലം മരിക്കുന്നുണ്ട്. ഇതുമൂലം 130 കോടി മനുഷ്യ പ്രയത്‌ന ദിനങ്ങളാണ് നഷ്ടപ്പെടുന്നത്.
വാസ്തവത്തിൽ അടിയന്തിരമായി നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഷയമാണ് മലിനീകരണം എങ്ങനെ നിയന്ത്രിക്കാം എന്നുള്ളത്. വായു മലിനീകരണം ഡൽഹിയിൽ മാത്രമല്ല ഉത്തരേന്ത്യയിൽ പൊതുവെ ഉണ്ട് , നമുക്കറിയാം ലക്‌നൗവിൽ ഒരു ക്രിക്കറ്റ് മാച്ച് വച്ചിട്ട് അവിടെ ഉണ്ടായിരുന്ന മൂടൽമഞ്ഞു മൂലം അവിടെ മത്സരം മാറ്റിവെക്കേണ്ടി വന്നു. അപൂർവമായി ഇത്തരം സാഹചര്യങ്ങൾ മുംബൈയിലോക്കെ കാണാറുണ്ട്.
ഡൽഹിയിലൊക്കെ ഇത്രയും മലിനീകരനം ഉണ്ടാവുന്നതിന്റെ പ്രധാന കാരണം ഹരിയാനയിലും പഞ്ചാബിലുമൊക്കെ കത്തിക്കുന്ന വൈക്കോൽ തീവെപ്പ് ആണ്. പിന്നെ ഡൽഹിയിലും മറ്റു സമീപ സംസ്ഥാനങ്ങളിലും ഓടുന്ന വാഹനങ്ങളുടെ പുക , നിർമ്മാണ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന പൊടി , അവിടെയുള്ള വ്യവസായ സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന പുകയും ഇതെല്ലാം കാരണമാണ്.
ഇനിയുള്ളത് കാലാവസ്ഥ വ്യതിയാനം. അതുകൊണ്ട് എന്ത് സംഭവിക്കുന്നു എന്ന് വച്ചാൽ തഴെ തട്ടിൽ കിടക്കുന്ന പൊടിപടലങ്ങൾ ശൈത്യകാലത്ത് എങ്ങും പോകാനാകാതെ അവിടെത്തന്നെ കൂടിക്കിടക്കുന്നു. അത് കാറ്റോ മഴയോ മറ്റോ ഉണ്ടെങ്കിൽ സ്ഥാനമാറ്റം വരികയോ മണ്ണിൽ ലയിച്ചു പോകുകയോ ചെയ്യും. അതാണ് വേനൽക്കാലത്തു സംഭവിക്കുന്നത്. അത് ശൈത്യകാലത്തു സംഭവിക്കില്ല. നമുക്ക് അത്ഭുതം തോന്നാം. കേൾക്കുമ്പോൾ അത്ഭുതം തോന്നാം , കാരണം ചിലപ്പോൾ 40 ശതമാനം ഡൽഹിയിലെ മലിനീകരണത്തിന്റെ കാരണം ഗൾഫിൽ നിന്നുള്ള പൊടിക്കാറ്റ് ആണെന്. ഇറാക്ക് , കുവൈറ്റ് , സൗദി അറേബ്യ എന്നീ മേഖലകളിൽ നിന്നുമുണ്ടാകുന്ന വലിയ പൊടിക്കാറ്റുകൾ അന്തരീക്ഷത്തിൽ ഉയരത്തിൽ സഞ്ചരിച്ചു വടക്കേ ഇന്ത്യയിൽ എത്തുന്നു. ഡൽഹിയിലും ഉത്തരേന്ത്യയിലും ഈ ശൈത്യകാലത്തു പൊടിപടലങ്ങൾ നീങ്ങിപ്പോകാതെ അവിടെത്തന്നെ കെട്ടിക്കിടക്കുകയാണ്.ഉത്തരേന്ത്യയിൽ ഹിമാലയം ഉണ്ട് , അതുകൊണ്ടു ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ മേഖലയിലും ശൈത്യകാലത്തു വായുവിന്റെ സഞ്ചാരം കുറവാണ്.
അതുകൊണ്ട് ഇതൊരു വലിയ പ്രശ്നമാണ്. അടിയന്തരമായി നമ്മുടെ രാജ്യം പരിഹരിക്കേണ്ട ഒരു കാര്യമാണിത്. ഡൽഹിയിലൊക്കെ ഇനി മത്സരങ്ങൾ സംഘടിപ്പിച്ചാൽ അത് നടത്താൻ പറ്റില്ല , കാരണം മറ്റ് രാജ്യങ്ങൾ അത് ബഹിഷ്കരിക്കും. കാരണം ഇത്രയും വായു മലിനീകരണം ഉള്ള ഒരു നഗരത്തിൽ മത്സരങ്ങൾ വച്ചാൽ ഒരു ദിവസം കൊണ്ട് തന്നെ അവരുടെ ശ്വാസകോശം പണിമുടക്കും !
അതുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തിര ശ്രദ്ധ ആവശ്യമാണ്. അത് കൃത്രിമ മഴ പെയ്യിക്കുക, വൃക്ഷങ്ങൾ നടുകയും പിന്നെ ശാസ്ത്രീയമായ പഠനവും സാറ്റലൈറ്റ് മോണിറ്ററിങ്ങും ആവശ്യമാണ്.
വായു മലിനീകരണം അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ വലിയ ബുദ്ധിമുട്ട് ഉണ്ടാവും. നമ്മുടെ രാജ്യ തലസ്ഥാനത്തേക്ക് ആളുകൾ പോകാൻ മടിക്കും. അവിടെയുള്ള ആളുകൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും , മരണ സംഖ്യ വർദ്ധിക്കും, കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും. അങ്ങനെ കുറേയധികം കാര്യങ്ങളുണ്ട്. അതുകൊണ്ട് ഈ വിഷയത്തിന് അടിയന്തിര ശ്രദ്ധ ആവശ്യമുണ്ട്, സർക്കാർ ഈ വിഷയം ഗൗരവമായി എടുക്കണം എന്നാണ് എന്റെ അപേക്ഷ.
Content Highlights: Dust storms from the Gulf are the cause of Delhi's air pollution: TP Senkumar