

കൊച്ചി: ട്വന്‍റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് വോട്ട് വാങ്ങി ജനങ്ങളെ ബിജെപിക്ക് പണയപ്പെടുത്തിയെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സാബുവിന്റെ അരാഷ്ട്രീയവാദത്തെ തുടക്കത്തിലേ എതിര്‍ത്തിരുന്നെന്നും കോര്‍പ്പറേറ്റ് മുതലാളിയായ സാബുവിന് പറ്റിയ ഇടം ബിജെപിയാണെന്നും ഷിയാസ് പറഞ്ഞു. സാബു ജേക്കബിന് കച്ചവട താല്‍പ്പര്യം മാത്രമാണുളളതെന്നും പുത്തന്‍കുരിശില്‍ ട്വന്റി 20 അംഗങ്ങള്‍ യുഡിഎഫിനെ പിന്തുണച്ചത് സ്വതന്ത്ര താല്‍പ്പര്യത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
'പുത്തന്‍കുരിശില്‍ ട്വന്റി 20 അംഗങ്ങള്‍ യുഡിഎഫിനെ പിന്തുണച്ചത് സ്വതന്ത്ര താല്‍പ്പര്യത്തോടെയാണ്. ജയിച്ച ഒരാളും ബിജെപിയിലേക്ക് പോകില്ല. ആരും ആര്‍എസ്എസിന്റെ കൂടാരത്തിലേക്ക് പോകില്ല. എത്ര പണം ചെലവഴിച്ചാലും അവരെ സാബുവിന് കൊണ്ടുപോകാനാവില്ല. കോണ്‍ഗ്രസ് നേതൃത്വം പ്രാദേശികമായി അവരുമായി ബന്ധപ്പെടുന്നുണ്ട്. കുന്നത്തുനാട്ടിലെ ജനങ്ങളോട് സാബു മാപ്പുപറയണം' മുഹമ്മദ് ഷിയാസ് പറഞ്ഞു.
ട്വന്റി 20യെ യുഡിഎഫിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരും അവരെ കണ്ട് സംസാരിച്ചിട്ടില്ലെന്നും ജനാധിപത്യവാദികള്‍ ആരും സാബുവിനൊപ്പം പോകില്ലെന്നും ഷിയാസ് പറഞ്ഞു. ട്വന്റി 20 നനഞ്ഞ പടക്കമായി മാറിയെന്നും ട്വന്റി 20 എന്ന പരീക്ഷണം അവസാനിച്ചുവെന്നും മുഹമ്മദ് ഷിയാസ് കൂട്ടിച്ചേര്‍ത്തു.
ട്വന്റി 20 എന്‍ഡിഎയില്‍ ചേരാന്‍ കാരണം തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയാണ് എന്നാണ് വി പി സജീന്ദ്രന്‍ പറഞ്ഞത്. നിലനില്‍പ്പില്ലെന്ന് ട്വന്റി 20യ്ക്ക് മനസിലായെന്നും സാബു ജേക്കബ് നില്‍ക്കുന്നത് ലാഭത്തിനൊപ്പം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 'എന്‍ഡിഎയ്ക്ക് ട്വന്റി 20 പോയതിന്റെ ഗുണം കിട്ടില്ല. ട്വന്റി 20 നേടിയ ന്യൂനപക്ഷ വോട്ടുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കില്ല. പല പ്രവര്‍ത്തകരും ഇതിനോടകം ട്വന്റി 20 ബന്ധം അവസാനിപ്പിച്ചു. വരുംദിവസങ്ങളില്‍ പലരും കോണ്‍ഗ്രസിലേക്ക് വരും. ഭരണമില്ലാത്ത എല്‍ഡിഎഫിലേക്ക് ആരും പോകില്ല': വി പി സജീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Muhammad Shiyas Against Sabu m Jacob and Twenty 20 joining NDA Alliance