

കണ്ണൂർ: തയ്യിലിൽ ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ശരണ്യക്ക് ജിവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കേസിൽ ശരണ്യ കുറ്റക്കാരിയാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.
കൃത്യമായ ആസൂത്രണത്തോടെയാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും ശേഷം കൊലപാതകക്കുറ്റം ഭർത്താവ് പ്രണവിന്റെ തലയിൽ കെട്ടി വെക്കാനായിരുന്നു പദ്ധതി എന്നായിരുന്നു കണ്ടെത്തൽ.
2020 ഫെബ്രുവരിയിലാണ് ശരണ്യ തന്റെ ഒന്നര വയസുള്ള കുഞ്ഞിനെ കടല്‍ത്തീരത്തെ ഭിത്തിയില്‍ എറിഞ്ഞ് കൊന്നത്. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടി ശരണ്യ ഒന്നരവയസുകാരനായ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കുഞ്ഞിനെ കാണാതായതോടെ അച്ഛന്‍ പ്രണവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
2020 ഫെബ്രുവരി 17-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവദിവസം രാത്രി രണ്ടുമണി കഴിഞ്ഞപ്പോഴാണ് ഭർത്താവിനൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ശരണ്യ സാവധാനം എടുത്തത്. ഉടനെ കുഞ്ഞും ഭർത്താവും ഉണർന്നു. ആസൂത്രണം പാളാതിരിക്കാൻ പാൽ കൊടുക്കാനെന്ന വ്യാജേന ശരണ്യ കസേരയിൽ കുറേനേരമിരുന്നു. ഭർത്താവ് ഉറങ്ങിയെന്ന് മനസിലാക്കി പിൻവാതിൽ തുറന്ന് കുട്ടിയുമായി ഇടുങ്ങിയ വഴിയിലൂടെ മൊബൈൽ ഫോൺ വെളിച്ചത്തിൽ കടൽത്തീരത്തേക്ക് നടന്നു. തുടർന്ന് കുട്ടിയെ കടലിലേക്കിട്ടു. കുഞ്ഞ് കരഞ്ഞതോടെ വീണ്ടും എടുത്തു. പിന്നീട് വീണ്ടും കുഞ്ഞിനെ പാറക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. കല്ലിൽ ശക്തിയായി തലയിടിച്ചുണ്ടായ പരിക്കാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു.
കുഞ്ഞിനെ കാണാതായപ്പോൾ ശരണ്യ ധരിച്ച വസ്ത്രത്തിൽ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമുണ്ടായതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കുറ്റം പ്രണവിൽ ചുമത്തിയ ശേഷം, കാമുകൻ നിധിനൊപ്പം ജീവിക്കാനായിരുന്നു ശരണ്യയുടെ പദ്ധതി. ഫോൺ കോളുകൾ പരിശോധിച്ചപ്പോഴാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെക്കുറിച്ച് വിവരം ലഭിച്ചത്. കേസിൽ പ്രതി ശരണ്യ കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധിച്ചിരിക്കുന്നത്. ശരണ്യയുടെ ആൺസുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ നിധിനെ വെറുതെവിട്ടിരുന്നു.
Content Highlights: Kannur thayil baby death case; The court sentenced mother Sharanya to life imprisonment