സഞ്ജുവിന്റെ കണക്കുകൂട്ടൽ തെറ്റി; സാന്റ്നറുടെ കാഞ്ഞ ബുദ്ധി; സംഗതിയിങ്ങനെ!

രണ്ട് ബൗണ്ടറിയടക്കം നേടി സഞ്ജു പ്രതീക്ഷ നൽകിയെങ്കിലും 7 പന്തിൽ 10 റൺസെടുത്താണ് പുറത്തായത്.

സഞ്ജുവിന്റെ കണക്കുകൂട്ടൽ തെറ്റി; സാന്റ്നറുടെ കാഞ്ഞ ബുദ്ധി; സംഗതിയിങ്ങനെ!
dot image

ന്യൂസീലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യ 48 റൺസിന്റെ മിന്നും വിജയം നേടിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റിന് 238 റൺസെടുത്തപ്പോൾ ന്യൂസീലാൻഡിന്റെ മറുപടി ഏഴ് വിക്കറ്റിന് 190 റൺസിൽ അവസാനിച്ചു. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ച്വറിയും ലാസ്റ്റ് ഓവറിൽ‌ റിങ്കു സിങ്ങിന്റെ കൂറ്റനടികളുമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ ഗ്ലെന്‍ ഫിലിപ്സ് പൊരുതിനോക്കിയെങ്കിലും കിവികൾ വിജയം കണ്ടില്ല.

ഇന്ത്യ വമ്പൻ ജയം നേടിയപ്പോഴും സഞ്ജു സാംസണ് പ്രതീക്ഷിച്ച പ്രകടനം ബാറ്റിങ്ങിൽ കാഴ്ചവെക്കാനായില്ല. ഓപ്പണറായി ഇറങ്ങി രണ്ട് ബൗണ്ടറിയടക്കം നേടി സഞ്ജു പ്രതീക്ഷ നൽകിയെങ്കിലും 7 പന്തിൽ 10 റൺസെടുത്താണ് പുറത്തായത്. കെയ്ൽ ജാമിസന്റെ പന്തിൽ രചിൻ രവീന്ദ്രക്ക് അനായാസ ക്യാച്ച് നൽകിയാണ് സഞ്ജു സാംസൺ പുറത്തായത്.

ജേക്കബ് ഡഫിയുടെ ആദ്യ ഓവറിൽ കരുതലോടെയാണ് സഞ്ജു തുടങ്ങിയത്. ആദ്യ ഓവറിലൂടെ നിലയുറപ്പിച്ച സഞ്ജു രണ്ടാം ഓവറിൽ ജാമിസന്റെ ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ചു. ലെഗ് സെെഡിലെത്തിയ ഷോട്ട് ബോളിൽ സഞ്ജു പുൾഷോട്ട് കളിച്ച് ബൗണ്ടറി പായിക്കുകയായിരുന്നു. രണ്ടാം പന്തിൽ രണ്ട് റൺസെടുത്ത സഞ്ജു മൂന്നാം പന്ത് ‍ഡോട്ട് ബോളാക്കി. നാലാം പന്തിൽ ബൗണ്ടറി നേടിയ സഞ്ജുവിന് അഞ്ചാം പന്തിലാണ് വിക്കറ്റ് നഷ്ടമായത്.

മിഡ് വിക്കറ്റിലേക്ക് ഷോട്ട് കളിക്കാനുള്ള സഞ്ജുവിന്റെ ശ്രമം പാളുകയായിരുന്നു. നാലാം പന്തിൽ മിഡ് വിക്കറ്റിലൂടെ സഞ്ജു ബൗണ്ടറി നേടിയതിന് പിന്നാലെ സ്ലിപ്പ് ഫീൽഡറായിരുന്ന രചിനെ മിഡ് വിക്കറ്റിലേക്ക് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ നിയോഗിക്കുകയായിരുന്നു. ഫീൽഡറുടെ പൊസിഷൻ സഞ്ജു കൃത്യമായ ശ്രദ്ധിച്ചില്ലെന്ന് വേണം സംശയിക്കാൻ. സഞ്ജു പ്രതീക്ഷിച്ച വേഗം പന്തിനില്ലായിരുന്നു.

ഫ്ളിക്ക് ചെയ്ത് മിഡ് വിക്കറ്റിന് മുകളിലൂടെ ബൗണ്ടറി നേടുകയെന്നതായിരുന്നു സഞ്ജുവിന്റെ പദ്ധതി.

എന്നാൽ പന്തിന് പ്രതീക്ഷിച്ച വേഗം ഇല്ലാത്തതിനാൽ മലയാളി താരത്തിന്റെ കണക്കുകൂട്ടൽ പാളി. ഇതോടെ രചിന് ക്യാച്ച് നൽകി സഞ്ജു മടങ്ങി. മോശം ഷോട്ടിൽ‌ സ്വയം പഴിച്ച് നിരാശയോടെയാണ് സഞ്ജു കളം വിട്ടത്. സഞ്ജുവിന്റെ നീക്കം കൃത്യമായി മനസിലാക്കി ഫീൽഡറെ വിന്യസിച്ച കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെ നീക്കത്തിനാണ് ഇവിടെ കെെയടിക്കേണ്ടത്.


Content Highlights: new zealand captain mitchell santner master plan trapped sanju samson

dot image
To advertise here,contact us
dot image