

കാരിയറിൽ പലരും അവഗണിച്ച സമയം ഉണ്ടായിരുന്നതായി ജയറാം. രണ്ട്, മൂന്ന് ചിത്രങ്ങൾ വിജയിച്ചുകഴിഞ്ഞാൽ പിന്നെ രണ്ടോ മൂന്നോ ചിത്രങ്ങൾ പരാജയപ്പെടും. വീണ്ടും കഷ്ടപ്പെട്ട് വിജയത്തിലെത്തും. കഴിഞ്ഞ 38 വർഷമായി ഇങ്ങനെതന്നെയാണ് കരിയർ പോയിക്കൊണ്ടിരിക്കുന്നത് ഇനങ്ങനെയാണെന്നും നടൻ പറഞ്ഞു. ഗോപിനാഥിന്റെ തമിഴ് പോഡ്കാസ്റ്റിലാണ് ജയറാമിന്റെ പ്രതികരണം. വിജയമുള്ളപ്പോൾ എല്ലാവരും നല്ലത് പറയും. കരിയറിൽ ഒരു പരാജയം വരുമ്പോൾ നമ്മൾ ചെയ്തതെല്ലാം തെറ്റായി വരുമെന്നും നടൻ കൂട്ടിച്ചേർത്തു.
'പദ്മരാജൻ എന്ന അന്നത്തെ വലിയ സംവിധായകൻ നായകനായി നേരെ സിനിമയിൽ അവതരിപ്പിക്കുകയായിരുന്നു. ഗൾഫിൽ അവതരിപ്പിച്ച ഒരു മിമിക്രിയുടെ കാസറ്റ് അദ്ദേഹം കണ്ടതാണ് വഴിത്തിരിവായത്. അപരൻ ഹിറ്റായതോടെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 20 വർഷത്തോളം തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. എന്നാൽ വലിയ പാഠങ്ങൾ നൽകിയ ഒരു സാഹചര്യം കരിയറിൽ ഉണ്ടായിരുന്നു. എല്ലാവരും അവഗണിച്ച ഘട്ടം ഉണ്ടായിരുന്നു.
പ്രശസ്തിയിലേക്കുള്ള യാത്ര അവിശ്വസനീയമായിരുന്നു. സത്യൻ അന്തിക്കാട് എന്ന ഇന്നും മുൻനിരയിലുള്ള സംവിധായകന്റെ 15 ചിത്രങ്ങളിൽ നായകനായി. മിക്ക മുതിർന്ന സംവിധായകർക്കൊപ്പവും പത്തും പന്ത്രണ്ടും പടങ്ങൾ ചെയ്തു. ആ യാത്ര പെട്ടന്ന് ഒരിടത്തെത്തിയപ്പോൾ തിരിച്ചടി വരികയും വീഴുകയും ചെയ്തു. അവിടെനിന്ന് വീണ്ടും മുകളിലേക്ക് വരാൻ അത്രയേറെ കഷ്ടപ്പെട്ടു. രണ്ട്, മൂന്ന് ചിത്രങ്ങൾ വിജയിച്ചുകഴിഞ്ഞാൽ പിന്നെ രണ്ടോ മൂന്നോ ചിത്രങ്ങൾ പരാജയപ്പെടും.
വീണ്ടും കഷ്ടപ്പെട്ട് വിജയത്തിലെത്തും. കഴിഞ്ഞ 38 വർഷമായി ഇങ്ങനെതന്നെയാണ് കരിയർ പോയിക്കൊണ്ടിരിക്കുന്നത്. പല മുൻനിര അഭിനേതാക്കളും കഷ്ടപ്പെട്ടിട്ടുതന്നെയാണ് ഉന്നതിയിൽ എത്തിയിട്ടുള്ളത്. അങ്ങനെ ഒരവസരത്തിൽ ഒരുപാടുപേർ കൈവിട്ടു. ആ സമയത്ത് നമ്മൾ ചെയ്തതെല്ലാം തെറ്റാണെന്ന് വരും. വിജയമുള്ളപ്പോൾ എല്ലാവരും നല്ലത് പറയും. കരിയറിൽ ഒരു പരാജയം വരുമ്പോൾ നമ്മൾ ചെയ്തതെല്ലാം തെറ്റായി വരും. അതായിരുന്നു എന്റെ പഠനകാലം,' ജയറാം പറഞ്ഞു.
മലയാളത്തിൽ ആശകൾ ആയിരം ആണ് ഇനി പുറത്തിറങ്ങാനുള്ള ജയറാം ചിത്രം. അബ്രഹാം ഓസ്ലർ എന്ന സിനിമയ്ക്ക് ശേഷം ജയറാം നായകനായി എത്തുന്ന പുതിയ സിനിമയാണ് 'ആശകൾ ആയിരം'. കാളിദാസ് ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകൾ ഒരുക്കിയ ജി പ്രജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. 2018 എന്ന ഇൻഡിസ്‌ട്രി ഹിറ്റ് സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് തിരക്കഥയൊരുക്കുന്ന സിനിമയാണിത്.
ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്റ്ററും ജൂഡ് ആന്തണി തന്നെയാണ്. ജൂഡിനൊപ്പം അരവിന്ദ് രാജേന്ദ്രനും സിനിമയുടെ തിരക്കഥയിൽ പങ്കാളിയാണ്. ആശ ശരത്തും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ഇഷാനി കൃഷ്ണകുമാറുമാണ് സിനിമയിലെ മറ്റു താരങ്ങൾ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് സിനിമ നിർമിക്കുന്നത്. തുടരും എന്ന സിനിമയ്ക്കായി കാമറ ചലിപ്പിച്ച ഷാജി കുമാർ ആണ് ഈ സിനിമയുടെയും ഛായാഗ്രഹണം. ജയറാമും മകൻ കാളിദാസ് ജയറാമും ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ഒരുമിച്ചഭിനയിക്കുന്ന സിനിമയാണിത്.
Content Highlights: Actor Jayaram spoke openly about facing periods of neglect in his career. He reflected on how failure can distort one’s perception of past efforts.