

ന്യൂസിലാൻഡിനെതിരെയുള്ള ഒന്നാം ട്വന്റി-20യിൽ ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു.
നാഗ്പൂരിൽ നടന്ന ഒന്നാം ടി20യിൽ 48 റൺസിനാണ് സൂര്യകുമാർ യാദവും സംഘവും വിജയം സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 239 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലാൻഡിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ 1-0ത്തിന് ഇന്ത്യ മുന്നിലെത്തി.
35 പന്തിൽ 84 റൺസ് നേടിയ അഭിഷേക് ശർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഓപ്പണിങ് ഇറങ്ങി വെടിക്കെട്ട് നടത്തിയ താരം എട്ട് സിക്‌സറും അഞ്ച് ഫോറുമാണ് അടിച്ചത്. മത്സരത്തിലെ താരവും അദ്ദേഹമായിരുന്നു.
ഈ ഇന്നിങ്‌സിലൂടെ ടി-20 ക്രിക്കറ്റിൽ 5000 റൺസ് എന്ന ലാൻഡ്മാർക്ക് കടക്കാനും അഭിഷേകിനും സാധിച്ചു. ഏറ്റവും കുറവ് ബോൾ നേരിട്ട് ഈ നേട്ടം കൈവരിക്കുന്ന താരമാകാനും അഭിഷേകിനായി.
2898 പന്തിലാണ് അദ്ദേഹം 5000 ടി-20 റൺസ് തികച്ചത്. ആൻഡ് റസൽ (2942 ബോൾസ്) ടിം ഡേവിഡ് (3127 ബോൾസ്) വിൽ ജാക്‌സ് (3196 ബോൾസ്), ഗ്ലെൻ മാക്‌സ്‌വെൽ (3239 ബോൾസ്) എന്നിവരെയെല്ലാം വെട്ടിയാണ് അഭിഷേകിന്റെ മുന്നേറ്റം. 172 സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹത്തിന്റെ നേട്ടം.
Content Highlights- Abhishek Sharma Breaks Andre Russel, Glenn MAxwell's Record for fastest player to Reach 5000 t20 runs