

ഇന്ത്യയിൽ ടി20 ലോകകപ്പ് മത്സരങ്ങൾ കളിക്കില്ലെന്ന നിലപാടിൽ തുടരുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിൽ നടത്താനായി ഗ്രൂപ്പ് മാറ്റം അനുവദിക്കണമെന്നാണ് ബിസിബിയുടെ പുതിയ ആവശ്യം. എന്നാൽ അതിന് ഐസിസി വഴങ്ങിയിട്ടില്ല.
ബംഗ്ലാദേശ് ഇന്ത്യയിലേക്ക് യാത്ര ചെയ്തില്ലെങ്കിൽ അവർക്ക് പകരം മറ്റൊരു ടീമിനെ ഉൾപ്പെടുത്തുമെന്നാണ് ഐസിസിയുടെ അന്ത്യശാസനം. നിലവിലെ ഷെഡ്യുൾ പ്രകാരം തന്നെ മുന്നോട്ട് പോകാനാണ് ഐസിസിയുടെ തീരുമാനം. ഇതോടെ ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ നടക്കാനിരിക്കുന്ന ടൂർണമെന്റ് മുൻ നിശ്ചയിച്ച പ്രകാരം തന്നെ ഇന്ത്യയിൽ നടക്കും.
അതേ സമയം ബംഗ്ലാദേശ് ലോകകപ്പിൽ നിന്ന് പിന്മാറിയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ എന്തായിരിക്കും എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറിയാൽ ഐസിസി റാങ്കിങ്ങിൽ അവരുടെ സ്ഥാനം താഴേക്ക് പോകും. ശേഷിക്കുന്ന 19 ടീമുകൾക്ക് റാങ്കിങ് മെച്ചപ്പെടുത്താനുള്ള അവസരം ലഭിക്കും. ഇത് അടുത്ത ടി20 ലോകകപ്പിലേക്കുള്ള യോഗ്യതാ സാധ്യതകളെയും ബാധിക്കും. ഇത് ബംഗ്ലാദേശിന് വലിയ തിരിച്ചടിയാകും.
ലോകകപ്പ് പോലുള്ള വേദിയിൽ താരങ്ങൾക്ക് അവരുടെ കസീവ് തെളിയിക്കാനുള്ള അവസരം കൂടിയാണ്. പല ഫ്രാഞ്ചൈസികളും അവരുടെ താരങ്ങളെ തെരഞ്ഞെടുക്കുന്നത് ഇത്തരത്തിലുള്ള മത്സരങ്ങളിലെ പ്രകടനം കൂടി വിലയിരുത്തിയാണ്.
ലോകകപ്പിൽ പങ്കെടുക്കുന്നതിന് മാത്രം ഒരു ടീമിന് ഐസിസി നൽകുന്നത് 3 ലക്ഷം യുഎസ് ഡോളർ (ഏകദേശം 2.5 കോടി രൂപ) ആണ്. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സാഹചര്യം പരിഗണിക്കുമ്പോൾ ഈ തുക നഷ്ടപ്പെടുത്താൻ ബിസിബി ആഗ്രഹിക്കില്ല. സെമി ഫൈനൽ പോലെയുള്ള ഘട്ടങ്ങളിൽ എത്തിയാൽ കൂടുതൽ പണം ഐസിസി നൽകും. ഈ അവസരം ബംഗ്ലാദേശ് നഷ്ടപെടുത്തുമോ എന്നാണ് കായികപ്രേമികൾ ഉറ്റുനോക്കുന്നത്.
Content Highlights: T20 World Cup; Bangladesh will lose if they withdraw; Here are the calculations!