

കോട്ടയം: മത്സരിക്കുന്നുണ്ടെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാട്. പാര്‍ലമെന്ററി രാഷ്ട്രീയത്തിന് താല്‍പര്യമുണ്ടോയെന്ന് യുഡിഎഫ് ചോദിച്ചെന്നും പക്ഷേ സ്ഥിരീകരിച്ചിട്ടില്ലെന്നും സണ്ണി എം കപിക്കാട് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഏത് മണ്ഡലമാണെന്ന് അറിയില്ലെന്നും വൈക്കം സീറ്റാണോ എന്ന് പറഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിക്കപ്പെടാത്ത വാര്‍ത്തയാണ്. എന്റെ പേര് കോണ്‍ഗ്രസ് നേതൃത്വം സജീവമായി പരിഗണിക്കുന്നുവെന്നാണ് അറിഞ്ഞത്. വൈക്കം സീറ്റാണോ എന്നൊന്നും എന്നോട് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിട്ടില്ല. സീറ്റ് തരാമെന്ന് ഉറപ്പ് പറഞ്ഞിട്ടുമില്ല. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മാത്രമേ മത്സരിക്കുകയുള്ളുവെന്നാണ് എന്റെ തീരുമാനമാണ്. വൈക്കത്ത് അസാധാരണമായ പ്രത്യേകതയുണ്ടെന്ന ചര്‍ച്ചകളൊന്നും നടന്നിട്ടില്ല', സണ്ണി എം കപിക്കാട് പറഞ്ഞു.
മത്സരിച്ച് ജയിച്ച് കഴിഞ്ഞാല്‍ എംഎല്‍എയാകാമെന്ന കേവല യുക്തിയിലല്ല ഇത് കാണുന്നതെന്നും കേരള രാഷ്ട്രീയത്തില്‍ വരുന്ന അടിസ്ഥാനപരമായ പുതിയ പ്രവണതയായാണ് അതിനെ മനസിലാക്കുന്നതെന്നും സണ്ണി എം കപിക്കാട് പറഞ്ഞു. ദീര്‍ഘകാലമായി അധികാരത്തിന് വെളിയില്‍ നില്‍ക്കേണ്ടി വന്ന, പൊതു രാഷ്ട്രീയത്തിന് പുറത്ത് നില്‍ക്കേണ്ട വന്ന വിഭാഗങ്ങളെ കൂടി ഉള്‍ക്കൊള്ളാന്‍ കേരള രാഷ്ട്രീയം തയ്യാറാകുന്നുവെന്നതാണ് പുതിയ പ്രവണതയെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.
ആ പ്രവണത പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും ആ പ്രവണത എല്‍ഡിഎഫില്‍ നിന്ന് വന്നാലും യുഡിഎഫില്‍ നിന്ന് വന്നാലും വളരെ പ്രധാനമാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫാണ് ആദ്യം തന്നെ അത്തരമൊരു നീക്കം നടത്തിയത് എന്നത് കൊണ്ട് അവര്‍ക്കൊരു സ്വീകാര്യത ലഭിച്ചു. ആ അര്‍ത്ഥത്തിലാണ് തന്റെ പേര് പരിഗണിക്കുന്നുവെന്ന വാര്‍ത്ത കാണുന്നത്. എല്‍ഡിഎഫും അങ്ങനൊരു സമീപനം സ്വീകരിക്കണമെന്നും സണ്ണി എം കപിക്കാട് കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലും പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായല്ല, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായേ മത്സരിക്കുകയുള്ളുവെന്നാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. വൈക്കം മണ്ഡലമാണെന്ന് പറഞ്ഞിട്ടില്ല. അങ്ങനെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും വൈക്കമാണ് തരുന്നതെങ്കില്‍ സ്വീകരിക്കുന്നതിന് തടസമില്ലെന്നും സണ്ണി എം കപിക്കാട് വ്യക്തമാക്കി. തനിക്ക് ഇടതുപക്ഷത്തോട് വിരോധമില്ലെന്നും എന്നാല്‍ അവര്‍ സ്വീകരിക്കുന്ന നയങ്ങളോട് എതിര്‍പ്പുണ്ടെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.
'ഭരിക്കുന്ന പാര്‍ട്ടിയോട് എതിര്‍പ്പ് രൂപപ്പെടുകയെന്നത് പ്രതിപക്ഷത്തിനുള്ള ഒരു കാര്യമാണ്. അതിലാണ് പ്രതിപക്ഷ വിജയം നില്‍ക്കുന്നത്. എനിക്ക് പ്രത്യേകിച്ച് പാര്‍ട്ടികളോടൊന്നും വിരോധമില്ല. അവരുടെ നയങ്ങളെയാണ് ഞാന്‍ വിമര്‍ശിക്കുന്നത്. ഒരു വ്യക്തിയെയും ഞാന്‍ ഇതുവരെ ആക്രമിച്ചിട്ടില്ല. ഇടതുപക്ഷത്തോടല്ല, അവരുടെ നയങ്ങളോട് എതിര്‍പ്പുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെ നോക്കുമ്പോള്‍ എല്‍ഡിഎഫിന്റെ പത്ത് വര്‍ഷത്തെ ഭരണം പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്ക് വലിയ നേട്ടമുണ്ടാക്കിയിട്ടില്ല. അവരെ പ്രതിനിധീകരിക്കുമ്പോള്‍ ഈ ഭരണം നടത്തിയവര്‍ക്കെതിരെ നിലപാട് സ്വീകരിക്കേണ്ടി വരും. ഇതൊന്നും സ്ഥിരമായ നിലപാടല്ല, നാളെ മാറാം. സാഹചര്യം മാറി വരുമ്പോള്‍ അത് മാറാം. ഇടതുപക്ഷം കൈകൊണ്ട നിലപാടുകളോട് എതിര്‍പ്പുണ്ട്', സണ്ണി എം കപിക്കാട് വ്യക്തമാക്കി.
പട്ടികജാതി സംവരണ മണ്ഡലമായ വൈക്കത്ത് സണ്ണി എം കപിക്കാടിനെ യുഡിഎഫ് പരിഗണിക്കുന്നുവെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. 1991ല്‍ കോണ്‍ഗ്രസിന്റെ കെ കെ ബാലകൃഷ്ണന്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ യുഡിഎഫ് വൈക്കത്ത് വിജയിച്ചിട്ടില്ല. വൈക്കത്തെ വോട്ടറും പ്രമുഖ ദളിത് ചിന്തകനും കൂടിയായ സണ്ണി എം കപിക്കാടിലൂടെ സീറ്റ് പിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
സിപിഐയുടെ സി കെ ആശയാണ് വൈക്കത്തെ എംഎല്‍എ. തുടര്‍ച്ചയായ രണ്ട് തവണ ആശയാണ് വൈക്കത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. 1957ല്‍ മണ്ഡലം രൂപീകരിച്ചത് മുതല്‍ ആകെ മൂന്ന് തവണ മാത്രമാണ് കോണ്‍ഗ്രസ് ഈ മണ്ഡലത്തില്‍ വിജയിച്ചത്. ബാക്കി 13 തവണയും സിപിഐയാണ് വൈക്കത്ത് വിജയിച്ചത്.
Content Highlights: Sunny M Kapikkad has announced his decision to contest the upcoming election as an independent candidate