'ഐക്യത്തിന് കാഹളം മുഴക്കിയത് എന്‍എസ്എസ്'; എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം പ്രഖ്യാപിച്ച് വെള്ളാപ്പള്ളി നടേശന്‍

ഇനിയുള്ള തീരുമാനങ്ങള്‍ എന്‍എസ്എസുമായി ചേര്‍ന്നെടുക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

'ഐക്യത്തിന് കാഹളം മുഴക്കിയത് എന്‍എസ്എസ്'; എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം പ്രഖ്യാപിച്ച് വെള്ളാപ്പള്ളി നടേശന്‍
dot image

ആലപ്പുഴ: എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം പ്രഖ്യാപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഐക്യത്തിന് കാഹളം മുഴക്കിയത് എന്‍എസ്എസാണെന്നും അതില്‍ നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഐക്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുകുമാരന്‍ നായറുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എന്‍ഡിപി യോഗം കൗണ്‍സിലില്‍ ഐക്യ പ്രമേയം പാസാക്കിയതിന് പിന്നാലെയായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.

'മുഖ്യമന്ത്രിയുടെ കാറില്‍ കയറിയതാണല്ലോ വലിയ കുഴപ്പമെന്നാണല്ലോ പറഞ്ഞുവന്നത്. അതില്‍ ഒരു തെറ്റുമില്ലെന്ന് പറഞ്ഞ് എനിക്കും സമുദായത്തിനും വലിയ ആത്മബലം സുകുമാരന്‍ നായര്‍ നല്‍കി. അത് നന്ദിപൂര്‍വം ഓര്‍ക്കുന്നു. ഐക്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ തുഷാര്‍ അവിടെ പോകും. ഒരു ഉപാധികളുമില്ലാതെയാണ് ഐക്യം. മറ്റ് മതത്തോടുള്ള വിദ്വേഷത്തിനല്ല, സാമൂഹികനീതിക്ക് വേണ്ടി, സമാനചിന്താഗതിക്കാരായ സമുദായ അംഗങ്ങളുമായി ഐക്യമുണ്ടാക്കുകയാണ്. അതില്‍ നായാടി മുതല്‍ നസ്രാണി വരെയുണ്ടാകും', വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഇനിയുള്ള തീരുമാനങ്ങള്‍ എന്‍എസ്എസുമായി ചേര്‍ന്നെടുക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. പരസ്പരം കൊമ്പുകോര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സമുദായത്തോടും തങ്ങള്‍ക്ക് വിരോധമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. മുസ്‌ലിം ലീഗിനെ കുറിച്ച് പറഞ്ഞപ്പോള്‍ മുസ്‌ലിം സമുദായത്തോടുള്ള വിദ്വേഷമായി വ്യാഖ്യാനിച്ച് കൊണ്ടുള്ള പ്രചാരണത്തിന് തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഒരിക്കലും മുസ്‌ലിം സമുദായങ്ങളെ ആക്ഷേപിക്കുന്നത് ഞങ്ങളുടെ ശൈലിയല്ല. ലീഗ് ഭരണത്തില്‍ ഇരിക്കുമ്പോള്‍ കാണിച്ച വിവേചനത്തെ പറ്റി തുറന്ന് കാണിക്കുമ്പോള്‍, അത് പറയാതെ ട്വിസ്റ്റ് ചെയ്ത് മതവിദ്വേഷമുണ്ടാക്കുന്ന പ്രചാരണമാണ് ലീഗ് നേതൃത്വം നടത്തുന്നത്. മുസ്‌ലിം സമുദായത്തെ പറ്റി ഒന്നും പറഞ്ഞില്ല', വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുമായും മറ്റ് മതസംഘടനകളുമായും ചര്‍ച്ച നടത്തുമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. മുസ്‌ലിം ലീഗിന് മനസ് തോന്നിയാല്‍ അവരുമായും ചര്‍ച്ച നടത്തുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലീഗ് ഒഴികെയുള്ള എല്ലാവരുമായും ചര്‍ച്ച ചെയ്ത് സമന്വയമുണ്ടാക്കുമെന്നായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഖേദം പ്രകടിപ്പിച്ചത് തെറ്റായിപ്പോയെന്നും ഉള്ള സത്യം പറഞ്ഞാല്‍ എന്തിനാണ് ഖേദമെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമര്‍ശനങ്ങളെ കുറിച്ചും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. 'സതീശന്‍ ഞങ്ങളുടെ മുന്നില്‍ ചര്‍ച്ചാ വിഷയമല്ല. രമേശ് ചെന്നിത്തല, എ കെ ആന്റണി, കെ സി വേണുഗോപാല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഒന്നും പറയാറില്ലല്ലോ, അവര്‍ പറയാത്തത് സതീശന്‍ പറയുന്നു. അത് അവജ്ഞയോടെ തള്ളുന്നു. ഈ പറഞ്ഞ മാന്യന്മാര്‍ എല്ലാ സമുദായത്തെയും മനസിലാക്കിയ നേതാക്കളാണ്. അവര്‍ മുതിര്‍ന്ന നേതാക്കളാണ്. അവര്‍ അഭിപ്രായം പറയട്ടേ, അപ്പോള്‍ മറുപടി പറയാം', വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Content Highlights: SNDP General Secretary Vellappally Natesan has declared unity with the NSS

dot image
To advertise here,contact us
dot image