നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരായ ചില ഭാഗങ്ങൾ ഒഴിവാക്കി ആർലേക്കർ; ഗവർണർ 'വിട്ട' ഭാഗം വായിച്ച് മുഖ്യമന്ത്രി

മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തില്‍ നിന്ന് വ്യതിചലിക്കുന്നത് ഔദ്യോഗികമായി അംഗീകരിക്കുന്നതല്ലെന്ന് സ്പീക്കര്‍

നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരായ ചില ഭാഗങ്ങൾ ഒഴിവാക്കി ആർലേക്കർ; ഗവർണർ 'വിട്ട' ഭാഗം വായിച്ച് മുഖ്യമന്ത്രി
dot image

തിരുവനന്തപുരം: നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തെ തുടര്‍ന്ന് അസാധാരണ നീക്കങ്ങള്‍. മന്ത്രിസഭ അംഗീകരിച്ച് നല്‍കിയ നയപ്രഖ്യാപനത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നയപ്രഖ്യാപനം വായിച്ചത്. ചിലത് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്നു, ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു, അത് ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ് തുടങ്ങിയ പരാമര്‍ശങ്ങളാണ് ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കിയത്.

കേന്ദ്രം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള ഭാഗങ്ങളും ഗവര്‍ണര്‍ ഒഴിവാക്കിയിട്ടുണ്ട്. ഈ ഭാഗങ്ങള്‍ മുഖ്യമന്ത്രി നിയമസഭയില്‍ വായിച്ചു. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കിയവ ഉള്‍പ്പെടുത്തിയും കൂട്ടിച്ചേര്‍ക്കലുകള്‍ ഒഴിവാക്കിയും മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അച്ചടിച്ച് വിതരണം ചെയ്‌തെന്നും ഇത് ആധികാരികമായ, നയപ്രഖ്യാപന പ്രസംഗമായി അംഗീകരിക്കണമെന്നും മുഖ്യമന്ത്രി സഭയില്‍ ആവശ്യപ്പെട്ടു.

സ്പീക്കര്‍ എ എന്‍ ഷംസീറും ഗവര്‍ണറുടെ നിലപാടിനെതിരെ രംഗത്തെത്തി. 'സര്‍ക്കാരിന് വേണ്ടി മന്ത്രിസഭ അംഗീകരിച്ച പ്രസംഗമാണ് നിയമസഭയില്‍ ഗവര്‍ണര്‍ നടത്തുന്നത്. അതില്‍ നിന്ന് വിട്ടുപോകുന്നതോ വ്യതിചലിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍ ഔദ്യോഗികമായി അംഗീകരിക്കുന്നതല്ല. അതാണ് സഭയുടെ കീഴ്‌വഴക്കം. മുന്‍കാലങ്ങളിലെ സമാന സാഹചര്യങ്ങളില്‍ മുന്‍കാല അധ്യക്ഷന്മാര്‍ വ്യക്തത വരുത്തിയതാണ്', സ്പീക്കര്‍ പറഞ്ഞു.

അതേസമയം തമിഴ്‌നാട്ടില്‍ നയപ്രഖ്യാപനം വായിക്കാതെ ഗവര്‍ണര്‍ ആര്‍ എന്‍ രവി നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നടപടിക്രമങ്ങളില്‍ അതൃപ്തി അറിയിച്ച ഗവര്‍ണര്‍ ദേശീയ ഗാനത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലെന്നും വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. തന്റെ മൈക്ക് ഇടയ്ക്കിടെ ഓഫാക്കിയിരുന്നുവെന്നും ഗവര്‍ണര്‍ ആരോപിക്കുന്നുണ്ട്.

ഗവര്‍ണര്‍ ഇറങ്ങിപ്പോയതിന് പിന്നാലെ ലോക്ഭവന്‍ വാര്‍ത്താക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. ഗവര്‍ണറുടെ മൈക്ക് ഇടയ്ക്കിടെ ഓഫാക്കിയെന്നും അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നിയമസഭ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിച്ചില്ല, നയപ്രഖ്യാപന പ്രസംഗത്തില്‍ വസ്തുതാവിരുദ്ധമായ അവകാശവാദങ്ങള്‍ ഉണ്ട് തുടങ്ങിയ ആരോപണങ്ങള്‍ ഉള്‍പ്പെടെ ഗവര്‍ണര്‍ ഇറങ്ങിപ്പോയതിന് 13 കാരണങ്ങള്‍ വ്യക്തമാക്കിയാണ് ലോക്ഭവന്റെ വാര്‍ത്താക്കുറിപ്പ്.

അതേസമയം ഗവര്‍ണറുടെ നടപടി ഖേദകരമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. ഗവര്‍ണര്‍ തമിഴ്‌നാട് നിയമസഭയെ അവഹേളിച്ചുവെന്നും സര്‍ക്കാര്‍ നല്‍കിയ പ്രസംഗം ഗവര്‍ണര്‍ അംഗീകരിച്ചില്ലെന്നും സ്റ്റാലിന്‍ അറിയിച്ചു. പിന്നാലെ നയപ്രഖ്യാപനത്തിന്റെ തമിഴ് പരിഭാഷ സ്പീക്കര്‍ നിയമസഭയില്‍ വായിച്ചു. അതിന് ശേഷമാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. ഇത്തരത്തില്‍ മൂന്നാംതവണയാണ് ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുന്നത്.

Content Highlights: Kerala Chief Minister Pinarayi Vijayan read out certain portions of the customary address in the Assembly after Governor Rajendra Arlekar declined to read them

dot image
To advertise here,contact us
dot image