'സജി 'ചൊറിയാൻ' എന്നാക്കണം,വർഗീയതയിൽ BJPയെ തോൽപ്പിക്കുന്ന പാർട്ടിയായി CPIM മാറി';രൂക്ഷ വിമർശനവുമായി അബിൻ വർക്കി

പ്രതിപക്ഷ നേതാവിന്റെ ശബ്ദം കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ശബ്ദമാണെന്നും യൂത്ത് കോണ്‍ഗ്രസ് പ്രതിരോധം തീര്‍ക്കുമെന്നും അബിന്‍ വര്‍ക്കി

'സജി 'ചൊറിയാൻ' എന്നാക്കണം,വർഗീയതയിൽ BJPയെ തോൽപ്പിക്കുന്ന പാർട്ടിയായി CPIM മാറി';രൂക്ഷ വിമർശനവുമായി അബിൻ വർക്കി
dot image

കൊച്ചി: സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. സിപിഐഎം വര്‍ഗീയ വിഷം ചീറ്റുന്ന ഫാക്ടറി ആയി മാറിയെന്ന് അബിന്‍ വര്‍ക്കി വിമര്‍ശിച്ചു. നാടിനെ വിഭജിച്ച് വോട്ട് പിടിക്കാനുള്ള കുടില തന്ത്രമാണെന്നും മന്ത്രി സജി ചെറിയാന്റെയും മുതിര്‍ന്ന നേതാവ് എ കെ ബാലന്റെയും വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ അബിന്‍ വര്‍ക്കി പ്രതികരിച്ചു.

'വര്‍ഗീയതയുടെ കാര്യത്തില്‍ ബിജെപിയെ തോല്‍പ്പിക്കുന്ന പാര്‍ട്ടിയായി സിപിഐഎം മാറി. ബിജെപിക്കാര്‍ പോലും പറയാന്‍ മടിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സജി ചെറിയാന്റെ പ്രസ്താവന. സജി ചെറിയാന്‍ എന്ന് മാറ്റി 'സജി ചൊറിയാന്‍' എന്ന് ആക്കണം. ആര്‍എസ്എസിന്റെ വാക്കുകളാണ് സജി ചെറിയാന്‍ പറയുന്നത്. മോദി മുന്‍പ് പറഞ്ഞതാണ് സജി ചെറിയാന്‍ ഇപ്പോള്‍ പറയുന്നത്. സജി ചെറിയാന്‍ ആര്‍എസ്എസിന്റെ നാവാണ്', അബിന്‍ വര്‍ക്കി വിമര്‍ശിച്ചു. ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ സിപിഐഎം ഭരിച്ചിരുന്ന അഞ്ച് പഞ്ചായത്ത് ബിജെപിക്ക് സ്വര്‍ണ്ണ താലത്തില്‍ വച്ച് കൊടുത്തിട്ടാണ് സജി ചെറിയാന്‍ കേരളത്തില്‍ മതേതരത്വം വിളമ്പുന്നതെന്നും അബിന്‍ വര്‍ക്കി വിമര്‍ശിച്ചു.

ഉളുപ്പില്ലാതെ പച്ചക്ക് വര്‍ഗീയത പറയാന്‍ നാണമാകുന്നില്ലേയെന്നും സജി ചെറിയാന്റെ പ്രസ്താവന സ്പീക്കര്‍ക്ക് മനസ്സിലായില്ലേയെന്നും അബിന്‍ വര്‍ക്കി ചോദിച്ചു. ഒരു നോട്ടീസ് നല്‍കാന്‍ പോലും സ്പീക്കര്‍ക്ക് എത്തിക്‌സില്ലേയെന്നും അദ്ദേഹം ചോദിച്ചു. എ കെ ബാലന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്നും സിപിഐഎം ഇതുവരെ തിരുത്തിച്ചില്ലെന്നും അബിന്‍ വര്‍ക്കി ചൂണ്ടിക്കാട്ടി. ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് സത്യമാണെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ അബിന്‍ വെല്ലുവിളിക്കുകയും ചെയ്തു.

പ്രതിപക്ഷ നേതാവായ വി ഡി സതീശനെതിരായ വിമര്‍ശനത്തിലും അബിന്‍ വര്‍ക്കി പ്രതികരിച്ചു. 'പ്രതിപക്ഷ നേതാവിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല. പ്രതിപക്ഷ നേതാവിന്റെ ശബ്ദം കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ശബ്ദമാണ്. മത സാമുദായിക നേതാക്കള്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന് കോണ്‍ഗ്രസ് പറയില്ല. എന്നാല്‍ ആരായാലും വിമര്‍ശനങ്ങളില്‍ മാന്യമായ ഭാഷ പ്രയോഗിക്കണം. വി ഡി സതീശന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് പ്രതിരോധം തീര്‍ക്കും', അബിന്‍ വര്‍ക്കി പറഞ്ഞു. വയനാട് പുനരധിവാസ പദ്ധതി ഊരാളുങ്കല്‍ ലേബര്‍ കോപ്പറേറ്റീവ് സൊസൈറ്റിക്ക് കൊടുത്തതിന്റെ ടെന്‍ഡര്‍ പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: Abin Varkey has come out strongly against the CPIM over the controversial statements made by Saji Cherian and A K Balan

dot image
To advertise here,contact us
dot image