മന്ത്രിയുടെ പ്രസ്താവനയോട് യോജിക്കുന്നില്ല;തെറ്റിദ്ധാരണ ഉണ്ടാക്കുന്ന കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കണം:നാഷണൽലീഗ്

പിന്നീട് തിരുത്തേണ്ട പ്രസ്താവന നേതാക്കള്‍ നടത്തരുതെന്നും അബ്ദുല്‍ വഹാബ്

മന്ത്രിയുടെ പ്രസ്താവനയോട് യോജിക്കുന്നില്ല;തെറ്റിദ്ധാരണ ഉണ്ടാക്കുന്ന കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കണം:നാഷണൽലീഗ്
dot image

കോഴിക്കോട്: സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ നാഷണല്‍ ലീഗ്. സജി ചെറിയാന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് നാഷണല്‍ ലീഗ് പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ് പറഞ്ഞു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനകളില്‍ നിന്ന് നേതാക്കള്‍ വിട്ടു നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നീട് തിരുത്തേണ്ട പ്രസ്താവന നടത്തരുതെന്നും അബ്ദുല്‍ വഹാബ് പറഞ്ഞു. നാഷണല്‍ ലീഗ് എല്‍ഡിഎഫിനോട് സീറ്റ് ചോദിക്കുമെന്നും അബ്ദുല്‍ വഹാബ് വ്യക്തമാക്കി. കുന്നമംഗലം ഉള്‍പ്പെടെയുള്ള സീറ്റുകള്‍ ആണ് നാഷണല്‍ ലീഗ് ആവശ്യപ്പെടുക.

'സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തില്‍ ഏത് നേതാവാണെങ്കിലും അപകടകരമായ അഭിപ്രായം പറയാന്‍ പാടില്ല. അങ്ങനെ വരുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തുമൊക്കെ സംഘടിക്കും. അത് കേരളത്തില്‍ അപകടം ഉണ്ടാക്കും. നിങ്ങള്‍ കാസര്‍കോട് നഗരസഭയിലെ ഭൂരിപക്ഷം പരിശോധിച്ചാല്‍ മതി. ആര്‍ക്കൊക്കെ എവിടെയൊക്കെ ഭൂരിപക്ഷം ഉണ്ടോ ആ സമുദായത്തില്‍പ്പെട്ടവരാണ് അവിടെ ജയിക്കുന്നത്. ഒരുസമുദായത്തിന് ഭൂരിപക്ഷം ഇല്ലാത്തിടത്ത് ആ സമുദായത്തില്‍ അല്ലാത്തവര്‍ ജയിക്കുന്നില്ല. അങ്ങനെ ഒരു അവസ്ഥയിലേക്ക് കേരളം പോകണോ', എന്ന മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

പിന്നാലെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്ന് ന്യായീകരിച്ച് മന്ത്രി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസും വിവിധ മതസംഘടനകളും മന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് യുഡിഎഫ് മലപ്പുറം ചെയര്‍മാന്‍ പി ടി അജയ് മോഹന്‍ രംഗത്തെത്തിയിട്ടുണ്ട്. മതസൗഹാര്‍ദത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും നാടായ മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം പരാമര്‍ശങ്ങള്‍ ഒരു മന്ത്രിയില്‍ നിന്ന് ഉണ്ടാകുന്നത് ഖേദകരമാണെന്ന് അജയ് മോഹന്‍ പറഞ്ഞു.

വിഷയത്തില്‍ വര്‍ഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഐഎമ്മിന് യോജിപ്പില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. വര്‍ഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം എന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഐഎമ്മിനെ കടന്നാക്രമിക്കാനുള്ള കള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: National League has strongly opposed Minister Saji Cheriyan in connection with his controversial remarks

dot image
To advertise here,contact us
dot image