ജനം നല്‍കിയ 742 കോടിയുംവെച്ച് നിധി കാക്കുന്ന ഭൂതത്തെപ്പോലെ ഇരിക്കുകയാണ് സര്‍ക്കാര്‍: ടി സിദ്ദിഖ്

ഉരുള്‍പ്പൊട്ടലില്‍ ജീവിതോപാധി നഷ്ടപ്പെട്ടവര്‍ക്കായിരുന്നു സര്‍ക്കാര്‍ 9,000 രൂപ ധനസഹായം നല്‍കിയിരുന്നത്

ജനം നല്‍കിയ 742 കോടിയുംവെച്ച് നിധി കാക്കുന്ന ഭൂതത്തെപ്പോലെ ഇരിക്കുകയാണ് സര്‍ക്കാര്‍: ടി സിദ്ദിഖ്
dot image

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് പ്രതിമാസം നല്‍കിയിരുന്ന 9,000 രൂപ സഹായധനം നിര്‍ത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ്. 742 കോടി രൂപ ജനങ്ങള്‍ നല്‍കിയത് അക്കൗണ്ടില്‍ വെച്ച് നിധി കാക്കുന്ന ഭൂതത്തെപ്പോലെ ഇരിക്കുകയാണ് സര്‍ക്കാര്‍ എന്ന് ടി സിദ്ദിഖ് വിമര്‍ശിച്ചു. ദുരന്തബാധിതരായ ജനങ്ങള്‍ക്ക് വീട് കൈമാറാതെ അവരുടെ ജീവിതം നേരായ പാതയില്‍ എത്തിക്കാതെ വാടകയും ധനസഹായവുമൊക്കെ നിര്‍ത്തലാക്കുന്നത് കൊടിയ അനീതിയാണെന്നും സിദ്ദിഖ് പറഞ്ഞു.

'പലകാര്യങ്ങളിലും സര്‍ക്കാര്‍ സഹായമില്ലാതെ അവര്‍ നരകിക്കുന്ന അവസ്ഥയാണ്. അപ്പോഴാണ് ആകെയുണ്ടായിരുന്ന ആശ്വാസം ഇല്ലാതാക്കിയിരിക്കുന്നത്. എല്ലാ ദിവസവും നിരവധി ദുരന്തബാധിതരുടെ പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്ന ജനപ്രതിനിധി എന്ന നിലയില്‍ അവരുടെ അവസ്ഥ ദയനീയമാണ് എന്ന് നേരിട്ടറിയാം. ട്രോമയില്‍ നിന്ന് പോലും അവര്‍ കരകയറിയിട്ടില്ല. ദയവ് ചെയ്ത് ഇത് പോലുള്ള കൊടുംക്രൂരത അവരോട് കാണിക്കരുത്. അപേക്ഷിക്കുകയാണ്', ടി സിദ്ദിഖ് പറഞ്ഞു.

ഉരുള്‍പ്പൊട്ടലില്‍ ജീവിതോപാധി നഷ്ടപ്പെട്ടവര്‍ക്കായിരുന്നു സര്‍ക്കാര്‍ 9,000 രൂപ ധനസഹായം നല്‍കിയിരുന്നത്. മൂന്ന് മാസം പ്രഖ്യാപിച്ച സഹായം വിമര്‍ശനത്തിന് പിന്നാലെ ഡിസംബര്‍ വരെ നീട്ടിയിരുന്നു. ദുരന്തബാധിതരില്‍ പലര്‍ക്കും വരുമാനം ഇല്ലാത്തതിനാല്‍ ധനസഹായം നീട്ടണം എന്നാണ് ആവശ്യം. മാതൃകാപരമായ പുനരധിവാസം വാഗ്ദാനം ചെയ്തായിരുന്നു സഹായധനം പ്രഖ്യാപിച്ചത്. ദിനം പ്രതി 300 രൂപ എന്ന നിലയ്ക്കാണ് മാസം 9000 രൂപ നല്‍കിയിരുന്നത്. കഴിഞ്ഞ മാസത്തെ തുക ഇതുവരെയും അക്കൗണ്ടിലെത്തിയിട്ടില്ല.

Content Highlights: T Siddique against government's decision to stop 9,000 to Mundakai landslide victims

dot image
To advertise here,contact us
dot image