

മലപ്പുറം: ഔദ്യോഗിക വാഹനം ഏറ്റുവാങ്ങിയ ശേഷം സാമൂഹ്യമാധ്യമത്തില്‍ വൈകാരിക കുറിപ്പുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി സ്മിജി. 'അന്ന് അച്ഛന്‍, ഇന്ന് ഞാന്‍… മാറ്റമില്ലാത്തത് ഈ കാറിനും ഇതിനുള്ളിലെ അച്ഛന്റെ ഓര്‍മ്മകള്‍ക്കുമാണ്'എന്ന് സ്മിജി കുറിച്ചു. അന്തരിച്ച മലപ്പുറം ജില്ലാപഞ്ചായത്ത് മുന്‍ അധ്യക്ഷനും ദളിത് ലീഗ് സ്ഥാപക നേതാക്കളില്‍ പ്രമുഖനുമായിരുന്ന എ പി ഉണ്ണികൃഷ്ണന്റെ മകളാണ് സ്മിജി. ജനറല്‍ വനിതാ സീറ്റില്‍ മത്സരിച്ചാണ് സ്മിജി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായത്. കഴിഞ്ഞ ദിവസമായിരുന്നു സ്മിജി ഔദ്യോഗിക വാഹനം ഏറ്റുവാങ്ങിയത്. അച്ഛന്റെ വിരല്‍ത്തുമ്പില്‍ പിടിച്ച് നടക്കുന്നതുപോലെയാണ് തനിക്ക് ഈ യാത്രയെന്നും വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദിയെന്നും സ്മിജി കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം-
'അന്ന് അച്ഛന്‍; ഇന്ന് ഞാന്‍. മാറ്റമില്ലാത്തത് ഈ കാറിനും ഇതിനുള്ളിലെ അച്ഛന്റെ ഓര്‍മ്മകള്‍ക്കും മാത്രം.'
വര്‍ഷങ്ങള്‍ക്കു മുന്‍പ്, മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മുറ്റത്ത് അച്ഛന്‍ (എ.പി. ഉണ്ണികൃഷ്ണന്‍) ഈ കാറില്‍ വന്നിറങ്ങുമ്പോള്‍ ആ മുഖത്തുണ്ടായിരുന്ന പുഞ്ചിരിയും നാടിനോടുള്ള കരുതലും ഇന്നും എന്റെ മനസ്സിലുണ്ട്. 2015-ല്‍ അച്ഛന്‍ സഞ്ചരിച്ച അതേ വഴിയിലൂടെ, അതേ സീറ്റിലിരുന്ന് ഇന്ന് ഞാന്‍ യാത്ര ചെയ്യുമ്പോള്‍, അത് വെറുമൊരു യാത്രയല്ല; അച്ഛന്റെ വിരല്‍ത്തുമ്പില്‍ പിടിച്ച് നടക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്.
ഇതിനെല്ലാം കടപ്പാട് എന്നെ രണ്ട് കൈ നീട്ടി സ്വീകരിച്ച നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ നല്‍കി എന്നെ വന്‍ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച ജനങ്ങളായ നിങ്ങളോടും എന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച അച്ഛന്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച പാണക്കാട് കുടുബത്തോടും എന്റെ പാണക്കാട് തങ്ങളോടും പികെ കുഞ്ഞാലിക്കുട്ടി സാഹിബിനോടും എന്റെ പാര്‍ട്ടിയോടും പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരോടുമാണ് ………
ഔദ്യോഗിക വാഹനം ഇന്ന് ഏറ്റുവാങ്ങിയപ്പോള്‍ ……….
അപ്രതീക്ഷിതമായാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തന്നെ പ്രഖ്യാപിച്ചതെന്ന് നേരത്തെ സ്മിജി പറഞ്ഞിരുന്നു. 'ജനറൽ സീറ്റിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സീനിയര്‍ നേതാക്കള്‍ ഉണ്ടായിട്ടും എന്നെയാണ് തങ്ങള്‍ പ്രഖ്യാപിച്ചത്. ഒരിക്കല്‍പ്പോലും അങ്ങനെയൊരു ആഗ്രഹം ഞാനോ എനിക്ക് വേണ്ടപ്പെട്ടവരോ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും എന്നെ മുസ്ലിം ലീഗ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നു. അച്ഛന്‍ പറഞ്ഞു തന്ന കഥകളൊക്കെ ഞാനിന്ന് യാഥാര്‍ത്ഥ്യമായി അനുഭവിക്കുന്നു', എന്നായിരുന്നു സ്മിജ കുറിച്ചത്.
ചെറുപ്പത്തില്‍ അച്ഛന്‍ പറഞ്ഞു തന്ന കഥകളിലൊക്കെ പാണക്കാട് തങ്ങൾമാര്‍ ഉണ്ടായിരുന്നു. പതിറ്റാണ്ടുകളായി വീട്ടില്‍ തൂക്കിയിട്ട ഫോട്ടോകളില്‍ ഒന്ന് ശിഹാബ് തങ്ങളുടേതാണ്. ജീവിതത്തിലെ ഓരോ വിശേഷങ്ങളിലും പാണക്കാട് ചെന്ന് സന്തോഷം പറയാതെ കടന്നു പോയിട്ടില്ലെന്നും അഭിഭാഷകയായപ്പോള്‍ ആദ്യം അച്ഛന്‍ കുട്ടിക്കൊണ്ട് പോയതും പാണക്കാട്ടേക്കായിരുന്നുവെന്നും സ്മിജി കുറിച്ചു.
Content Highlights: Malappuram district vice president p smiji about league Father Memory