സംസ്ഥാനത്തുള്ളവരോ അഖിലേന്ത്യാ തലത്തിൽ ഉള്ളവരോ,പോറ്റിയെ കേറ്റിയത് ആരെന്ന കാര്യത്തിൽ കോൺഗ്രസിൽ തർക്കം: പി രാജീവ്

കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ യുഡിഎഫ് തന്നെ പ്ലാന്‍ ചെയ്തതാണെന്ന് പി രാജീവ്

സംസ്ഥാനത്തുള്ളവരോ അഖിലേന്ത്യാ തലത്തിൽ ഉള്ളവരോ,പോറ്റിയെ കേറ്റിയത് ആരെന്ന കാര്യത്തിൽ കോൺഗ്രസിൽ തർക്കം: പി രാജീവ്
dot image

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച് മന്ത്രി പി രാജീവ്. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കയറ്റിയത് ആരാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായെന്ന് പി രാജീവ് പറഞ്ഞു. സ്വര്‍ണക്കൊള്ളയിലെ പ്രത്യേക അന്വേഷണ സംഘത്തെ എതിര്‍ത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നും പി രാജീവ് പറഞ്ഞു. നിയമസഭ പോലും പ്രതിപക്ഷം ബഹിഷ്‌കരിച്ചെന്ന് പി രാജീവ് കുറ്റപ്പെടുത്തി.

'ഒരു മോഷണം നടത്തിയാളെ പിടിച്ചപ്പോള്‍ മുന്‍പ് നടത്തിയ മോഷണങ്ങളും അന്വേഷിക്കുന്നത് സാധാരണമല്ലേ. ആഗോള അയ്യപ്പ സംഗമത്തിന്റെ സമയത്ത് പോറ്റി തന്നെ ആണ് ആദ്യം പരാതി നല്‍കിയത്. ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം ആയിരിക്കും. പോറ്റിയെ കേറ്റിയത് ആരാണെന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സില്‍ തര്‍ക്കമുണ്ട്. സംസ്ഥാനത്തുള്ളവര്‍ ആണോ അഖിലേന്ത്യാ തലത്തില്‍ ഉള്ളവരാണോ എന്നതാണ് പുതിയ തര്‍ക്കം', പി രാജീവ് കൂട്ടിച്ചേര്‍ത്തു.

വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മലപ്പുറത്ത് കൂടുതല്‍ സ്‌കൂള്‍ കൊടുത്താല്‍ പ്രശ്‌നമാണ് എന്ന് ആദ്യം പറഞ്ഞത് അന്നത്തെ ഒരു കോണ്‍ഗ്രസ് എംഎല്‍എ ആണെന്ന് പി രാജീവ് പറഞ്ഞു. വര്‍ഗീയ പ്രീണനം ആണെന്ന് അന്ന് പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായി കാര്യങ്ങള്‍ നേടിയെടുക്കുന്നു എന്ന് പറഞ്ഞത് എ കെ ആന്റണി ആണ്. വെള്ളാപ്പള്ളി പറയുന്നത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും തങ്ങളുടെ മുന്നണിയുടെ ഭാഗമല്ലെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.

ഫ്രാങ്കോ മുളക്കല്‍ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കാര്യത്തില്‍ അതിജീവിത ഒരു ആവശ്യം ഉന്നയിച്ച സാഹചര്യത്തില്‍ ആണ് സര്‍ക്കാര്‍ നടപടി എടുത്തതെന്നും മന്ത്രി വ്യക്തമാക്കി. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ യുഡിഎഫ് തന്നെ പ്ലാന്‍ ചെയ്തതാണെന്ന് പി രാജീവ് പറഞ്ഞു. സോണിയാ ഗാന്ധി ഉള്‍പ്പെടെ ഇടപെട്ടു എന്ന് വാര്‍ത്ത വന്നപ്പോള്‍ നേതാക്കള്‍ നിഷേധിച്ചില്ലെന്നും പി രാജീവ് കുറ്റപ്പെടുത്തി.

ജെ ബി കോശി കമ്മീഷനെ നിയോഗിച്ചത് ഇടത് സര്‍ക്കാര്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മീഷനെ വെച്ച ഏക സര്‍ക്കാര്‍ എല്‍ഡിഎഫ് ആണ്. മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മീഷനെ വെച്ചതും എല്‍ഡിഎഫ് ആണ്. ക്രൈസ്തവ സഭകളുമായുള്ള ആശയ വിനിമയത്തില്‍ കുറവുണ്ടെങ്കില്‍ പരിഹരിക്കുമെന്നും പി രാജീവ് പറഞ്ഞു.

Content Highlights: Kerala minister P Rajeev has criticised the Congress over the Sabarimala gold theft issue

dot image
To advertise here,contact us
dot image