

പാലക്കാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഡിവൈഎഫ്‌ഐ നേതാവ് പി എം ആര്‍ഷോ. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ നിന്നത് വി ഡി സവര്‍ക്കറല്ലെന്നും വി ഡി സതീശനാണെന്നും ആര്‍ഷോ പറഞ്ഞു. 'നിലപാടിന്റെ രായന്‍' എന്നും ആര്‍ഷോ വി ഡി സതീശനെ പരിഹസിച്ചു. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടന്ന കേരള യാത്രയുടെ സമാപന സമ്മേളന വേദിയിലെ വി ഡി സതീശന്റെ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് ആര്‍ഷോയുടെ പരിഹാസം.
''വിചാരധാര' എന്ന കൃതിയില്‍ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളായി വിശദീകരിച്ചിട്ടുള്ളതും 'നാം അഥവാ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു' എന്ന പുസ്തകത്തില്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രം എന്ന നിലയില്‍ നിര്‍വചിക്കണമെന്നും നാസികള്‍ ജൂതരെ പരിഗണിച്ചതുപോലെയായിരിക്കണം ഇന്ത്യയിലും ന്യൂനപക്ഷങ്ങളെ പരിഗണിക്കേണ്ടതെന്നും വാദിച്ചതൊരേയാളാണ്, ആര്‍എസ്എസിന്റെ രണ്ടാം സര്‍ സംഘ് ചാലകായ മാധവ് സദാശിവറാവു ഗോള്‍വാള്‍ക്കര്‍. അതേ ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുമ്പില്‍ നട്ടെല്ല് കാറ്റില്‍ മുള വളയുമ്പോലെ വളച്ച് പഞ്ചപുച്ഛമടക്കി നില്‍ക്കുന്നയാളുടെ പേര് വി ഡി സവര്‍ക്കര്‍ എന്നല്ല വി ഡി സതീശന്‍ എന്നാണ്. ഐശ് 'നിലപാടിന്റെ രായന്‍' തന്നെ', എന്നായിരുന്നു ആര്‍ഷോയുടെ പോസ്റ്റ്.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറില്‍ കയറ്റിയതുമായി ബന്ധപ്പെട്ട് പരോക്ഷവിമര്‍ശനം വി ഡി സതീശന്‍ നടത്തിയിരുന്നു. നമുക്ക് മതേതരം പറയാനും പ്രസംഗിക്കാനും എളുപ്പമാണെന്നും മറ്റൊരാളെക്കൊണ്ട് വിദ്വേഷം പ്രസംഗിപ്പിച്ച് അവരെ കാറില്‍ കയറ്റുന്നതില്‍ പ്രശ്നമില്ലെന്നും വി ഡി സതീശന്‍ വേദിയില്‍ പ്രസംഗിച്ചിരുന്നു.
ഒരു വര്‍ഗീയതയെ നേരിടാന്‍ മറ്റൊരു വര്‍ഗീയത കൊണ്ട് കഴിയില്ലെന്ന് വേദിയില്‍ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി അങ്ങനെ രൂപപ്പെട്ടാല്‍ അതിന് വര്‍ഗീയത ശക്തിപ്പെടുത്താനേ കഴിയൂവെന്ന് പ്രസംഗിച്ചിരുന്നു. ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാന്‍ ന്യൂനപക്ഷ വര്‍ഗീയത ഉണ്ടായാല്‍ അത് ആത്മഹത്യയ്ക്ക് തുല്യമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഇതിന് പിന്നാലെയായിരുന്നു വി ഡി സതീശന്‍ പ്രസംഗിച്ചത്.
Content Highlights: PM Arsho has drawn attention after mocking Opposition Leader V D Satheesan