

പാലക്കാട്: പട്ടാമ്പിയില്‍ മേയാന്‍ വിട്ട പോത്തിനെ മോഷ്ടിച്ച യുവാവ് പിടിയില്‍. മേയാന്‍ വിട്ട പോത്തിനെ യുവാവ് പിക്കപ്പ് വാനിൽ കടത്തിക്കൊണ്ട് പോവുകയായിരുന്നു. എന്നാല്‍ ആ വഴി വന്ന ഉടമ തന്റെ പോത്തിനെ തിരിച്ചറിഞ്ഞു. പിന്നാലെ ഓള്‍ കേരള കാറ്റില്‍ മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷനെ വിവരമറിയിച്ചു. അങ്ങനെ ചന്തയിലെ പോത്തിന്‍റെ വില്‍പ്പന തടഞ്ഞ് മോഷ്ടാവിനെ പിടികൂടുകയായിരുന്നു.
പട്ടാമ്പി കിഴായൂര്‍ സ്വദേശി അഷറഫിന്റെ പോത്താണ് മോഷണം പോയത്. സംഭവത്തില്‍ കുന്നംകുളം ചിറമനേങ്ങാട് റഹ്നാസ്(22) ആണ് അറസ്റ്റിലായത്. നമ്പ്രത്ത് പുല്ലവും വെള്ളവും കഴിക്കുകയായിരുന്ന പോത്തിനെ റഹ്നാസ് മോഷ്ടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം.
പോത്തുമായി രണ്ട് കിലോമീറ്ററോളം നടന്ന് ഉമിക്കുന്നില്‍ എത്തിക്കുകയും അവിടുന്ന് പിക്കപ്പ് വിളിച്ച് പോത്തിനെ കയറ്റി വാണിയംകുളം ചന്തയിലേക്ക് പോവുകയുമായിരുന്നു റഹ്നാസ്. പോകുന്ന വഴിക്ക് മേലെ പട്ടാമ്പിയില്‍ വച്ച് അഷറഫ് പോത്തിനെ കണ്ടു. സംശയം തോന്നിയ ഇയാള്‍ ഉടന്‍ തന്നെ പോത്തിനെ കെട്ടിയ സ്ഥലം പരിശോധിച്ചു. കാണാതായതോടെ കാറ്റില്‍ മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വാഹനത്തിന്റെ പേര് ഉള്‍പ്പെടെ ഇട്ടുകൊണ്ട് പോത്തിനെ കാണാതായ വിവരം അറിയിച്ചു. പിന്നാലെ പട്ടാമ്പി സ്റ്റേഷനില്‍ എത്തി വിവരം അറിയിച്ചു.
വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ വിവരമറിഞ്ഞ നാട്ടുകാര്‍ പോത്തിന്റെ കച്ചവടമുറപ്പിക്കുന്നതിനിടെ റഹ്നാസിനെ തടഞ്ഞുവച്ചു. ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടിയ ശേഷം പട്ടാമ്പി പൊലീസിന് കൈമാറുകയായിരുന്നു. റഹ്നാസിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വാണിയംകുളം, പെരുമ്പിലാവ്, കുഴല്‍മന്ദം തുടങ്ങിയ കാലിച്ചന്തകളില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കാലികള്‍ മോഷണം പോയിരുന്നു. ഈ മോഷണങ്ങളിലും റഹ്നാസിന് പങ്കുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
Content Highlight; A smart alert system and rapid police response worked together to recover a stolen buffalo in Pattambi, stopping a cattle theft in its tracks