

മലപ്പുറം: മുസ്‌ലിം ലീഗിന് ഏഴ് മന്ത്രിമാര്‍ വരെ ലഭിക്കാനുള്ള യോഗ്യതയുണ്ടെന്ന മുസ്‌ലിം ലീഗ് നേതാവ് മഞ്ഞളാംകുഴി അലിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ ടി ജലീല്‍. അഞ്ചോ ഏഴോ പ്രമാണിമാര്‍ മന്ത്രിമാരായാല്‍ ലീഗിന്റെ പ്രശ്‌നങ്ങള്‍ തീരുമായിരിക്കുമെന്നും എന്നാല്‍ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ അപരിഹാര്യമായി തുടരുമെന്നും കെ ടി ജലീല്‍ വിമര്‍ശിച്ചു.
കെല്‍പ്പുള്ളവരാണെങ്കില്‍ ഒന്നോ രണ്ടോ മന്ത്രിമാര് മതിയാകുമെന്നും കെ ടി ജലീല്‍ പറഞ്ഞു. കുളച്ചണ്ടി പോലെ ഒരുപാട് ഉണ്ടായിട്ട് എന്താ കാര്യം?. ലീഗ് നേതാക്കള്‍ മന്ത്രിക്കുപ്പായം തുന്നിച്ച് അണിഞ്ഞ് കഴിഞ്ഞു. വകുപ്പുകള്‍ വരെ വീതം വെച്ചു. ഏതാണ്ട് മന്ത്രിയായ മട്ടിലാണ് പലരുടെയും നടത്തം. സ്റ്റാഫ് റിക്രൂട്ട്‌മെന്റ് വരെ പല നേതാക്കളും നടത്തിക്കഴിഞ്ഞെന്നാണ് അറിവെന്നും കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ലീഗിന് രണ്ട് മന്ത്രിമാരുണ്ടായിരുന്ന കാലത്താണ് സി.എച്ച് മുഹമ്മദ് കോയാ സാഹിബ് ഏറ്റവും വലിയ നേട്ടങ്ങള്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗത്തിന് ചെയ്ത് കൊടുത്തത്. അഞ്ചോ ഏഴോ പ്രമാണിമാര്‍ മന്ത്രിമാരായാല്‍ ലീഗിന്റെ പ്രശ്‌നങ്ങള്‍ തീരുമായിരിക്കും. പക്ഷെ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ അപരിഹാര്യമായി തുടരും. കെല്‍പ്പുള്ളവരാണെങ്കില്‍ ഒന്നോ രണ്ടോ മതി. കുളച്ചണ്ടി പോലെ ഒരുപാട് ഉണ്ടായിട്ട് എന്താ കാര്യം? ലീഗ് നേതാക്കള്‍ മന്ത്രിക്കുപ്പായം തുന്നിച്ച് അണിഞ്ഞ് കഴിഞ്ഞു. വകുപ്പുകള്‍ വരെ വീതം വെച്ചു. ഏതാണ്ട് മന്ത്രിയായ മട്ടിലാണ് പലരുടെയും നടത്തം. സ്റ്റാഫ് റിക്രൂട്ട്‌മെന്റ് വരെ പല നേതാക്കളും നടത്തിക്കഴിഞ്ഞെന്നാണ് അറിവ്.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മഞ്ഞളാംകുഴി അലിയുടെ പ്രതികരണം. ലീഗിന് അഞ്ചും ആറും ഏഴും മന്ത്രിമാരെ ലഭിക്കേണ്ടതുണ്ടെന്നായിരുന്നു മഞ്ഞളാംകുഴി അലിയുടെ പ്രതികരണം. മുസ്‌ലിം കൂടുതല്‍ വരും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി നില്‍ക്കുന്നതുകൊണ്ടാകും ലഭിക്കാത്തതെന്നും മഞ്ഞളാംകുഴി അലി പറഞ്ഞിരുന്നു. മുസ്‌ലിം ലീഗ് എല്ലാവരുടെയും പാര്‍ട്ടിയാണെന്നും മുസ്‌ലിങ്ങളുടെ മാത്രം പാര്‍ട്ടിയല്ലെന്നും മഞ്ഞളാംകുഴി അലി ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights- KT Jaleel criticized muslim league leader Manjalamkuzhi Ali