

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് എത്തിക്കാന്‍ ഇടപെട്ടെന്ന വിവരം പരസ്യമാക്കിയതില്‍ അതൃപ്തി പ്രകടമാക്കി കത്തോലിക്കാ സഭ. സഭയുടെ സമ്മര്‍ദമുണ്ടെന്ന പ്രമോദ് നാരായണന്‍ എംഎല്‍എയുടെ പ്രസ്താവനയില്‍ സഭ അതൃപ്തി അറിയിച്ചു. വിഷയത്തില്‍ പാര്‍ട്ടിനേതൃത്വത്തിനും സഹ എംഎല്‍എമാര്‍ക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. സമൂഹമാധ്യമങ്ങളിലൂടെ എല്‍ഡിഎഫ് വിടില്ല എന്ന നിലപാടറിയിച്ചതിലും അതൃപ്തിയുണ്ടെന്നാണ് സൂചന.
കേരളാ കോണ്‍ഗ്രസ് എം യുഡിഎഫിന്റെ ഭാഗമാകണമെന്ന് കത്തോലിക്കാ സഭയില്‍ നിന്ന് സമ്മര്‍ദമുണ്ടായെന്നുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് വരുമെന്നും പാലാ സീറ്റില്‍ മത്സരിക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ യുഡിഎഫിലേക്ക് ഇല്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു.
കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെന്നും ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുക എന്നതാണ് ആ നിലപാടെന്നും ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. എല്ലാ ദിവസവും നിലപാട് വിശദീകരിക്കേണ്ട ആവശ്യം തനിക്കില്ലെന്നും തങ്ങളെ ഓര്‍ത്ത് ആരും കരയേണ്ടതില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ ഭരണം ഉറപ്പാണ്. അത് അറിഞ്ഞുകൊണ്ടാണ് മറ്റ് മുന്നണികള്‍ അവരുടെ ആവശ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ പലതരത്തിലുള്ള അഭിപ്രായമുണ്ടാകാം. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയിലാണ് ഇല്ലാത്തതെന്ന് ജോസ് കെ മാണി ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം അനുസരിച്ച് പല അഭിപ്രായങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണ്. അവയെ ക്രോഡീകരിച്ച് പാര്‍ട്ടി ഒരു തീരുമാനത്തില്‍ എത്തുകയാണ് ചെയ്യുന്നത്. പാര്‍ട്ടി ഒരു തീരുമാനം എടുത്താല്‍ അഞ്ച് എംഎല്‍എമാരും അതിനൊപ്പം നില്‍ക്കും. അക്കാര്യത്തില്‍ സംശയം വേണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി.
Content Highlights: The Catholic Church has voiced its displeasure regarding reports that Kerala Congress (M) was allegedly persuaded to join the UDF alliance