

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരിച്ചെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. കേരള കോണ്‍ഗ്രസ് എമ്മിന് പ്രസക്തിയില്ലെന്ന് ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. അവരില്ലെങ്കിലും ജയിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് വ്യക്തമാക്കി. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ നടത്തരുതെന്നും മോന്‍സ് ജോസഫ് കൂട്ടിച്ചേര്‍ത്തു.
'രാഷ്ട്രീയമായി ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം അടിസ്ഥാനരഹിതമാണ്. ആരാണ് ഇവരെ ക്ഷണിക്കുന്നത്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ നല്ലതല്ലെന്ന് ഞങ്ങളുടെ പാര്‍ട്ടി പറഞ്ഞു. ഇന്ന് കേരളത്തില്‍ ഈ കക്ഷികളൊന്നും ഇല്ലാതെയല്ലേ ഇത്ര വലിയ വിജയമുണ്ടായത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു. അവരില്ലാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം യുഡിഎഫ് കരസ്ഥമാക്കി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് അധികാരത്തില്‍ വരണമെന്നാണ് കേരള ജനത ആഗ്രഹിക്കുന്നത്. നിശ്ചയമായും ഈ കക്ഷികളില്ലാതെ തന്നെ വരും. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സ്വാധീനമേഖലകളെല്ലാം യുഡിഎഫ് തൂത്തുവാരി. ജനങ്ങളുടെ ശക്തമായ പിന്തുണ നേടി', മോന്‍സ് ജോസഫ് പറഞ്ഞു.
മാണി വിഭാഗം എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കേയാണ് മോന്‍സ് ജോസഫിന്റെ പ്രതികരണം. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി കേന്ദ്രത്തിന് എതിരായ എല്‍ഡിഎഫ് സമരത്തില്‍ നിന്ന് വിട്ടുനിന്നതോടെയാണ് ചര്‍ച്ചകള്‍ക്ക് ചൂടേറിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമടക്കമുള്ളവര്‍ മാണി വിഭാഗത്തെ യുഡിഎഫിലേക്ക് തിരികെയെത്തിക്കാനുള്ള ചരടുവലികള്‍ നടത്തുന്നുവെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു.
എന്നാല്‍ മുന്നണി മാറ്റ അഭ്യൂഹങ്ങള്‍ക്കിടെ ജോസ് കെ മാണി കഴിഞ്ഞ ദിവസം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വലിയ ചര്‍ച്ചയായി. കേരള കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നാണ് ജോസ് കെ മാണി ഫേസ്ബുക്കില്‍ കുറിച്ചത്. ഇടതുമുന്നണിയുടെ സമരപരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ കാരണവും ജോസ് കെ മാണി വിശദീകരിച്ചിരുന്നു.
ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങള്‍ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോള്‍ യാത്ര ചെയ്യേണ്ടി വരുന്നത്. ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയില്‍ പങ്കെടുക്കാതിരുന്നത് ഈ വിവരം മുന്നണി നേതാക്കളെ മുന്‍കൂര്‍ അറിയിച്ചുവെന്നും ജോസ് കെ മാണി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോള്‍ പുറത്ത് നടക്കുന്ന ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. കേരള കോണ്‍ഗ്രസ് എം ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകുമെന്നും ജോസ് കെ മാണി ഫേസ്ബുക്ക് കുറിപ്പിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Content Highlights: The Kerala Congress Joseph faction has expressed dissatisfaction with the entry of the Mani group into the United Democratic Front