

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക് സിനിമയിൽ യഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വലിയ രീതിയിലുള്ള വിമർശനമാണ് സോഷ്യൽ മീഡിയയിൽ ടീസറിന് നേരെ ലഭിക്കുന്നത്. നിരവധി പേരാണ് ടീസർ പിൻവലിക്കണമെന്ന് ആവശ്യവുമായി എത്തുന്നത്. ഇതിനിടയിൽ യാഷിന്റെ പഴയൊരു അഭിമുഖം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാക്കുകയാണ്.
"എന്റെ മാതാപിതാക്കൾക്കൊപ്പം ഇരുന്ന് കാണാൻ ബുദ്ധിമുട്ടുള്ള ഒരു രംഗവും ഞാൻ സിനിമയിൽ ചെയ്യില്ല" എന്നായിരുന്നു അന്ന് യഷ് പറഞ്ഞിരുന്നത്. കന്നഡ നടൻ രമേഷ് അരവിന്ദ് അവതാരകനായ 'വീക്കെൻഡ് വിത്ത് രമേഷ്' എന്ന ടോക്ക് ഷോയിലാണ് നടന്റെ പ്രതികരണം. ഇരട്ട നിലപാട് ആണ് നടന്റെ എന്നാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വിമർശനം ഉയരുന്നത്. എന്നാൽ ആരാധകർ യഷിനെ പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്. കാലത്തിനനുസരിച്ച് മനുഷ്യരുടെ കാഴ്ചപ്പാടുകൾ മാറുമെന്നും, 15 വർഷം മുൻപുള്ള അഭിപ്രായമല്ല ഇപ്പോൾ വേണ്ടതെന്നും അവർ വാദിക്കുന്നു.
അതേസമയം, സംവിധായിക ഗീതു മോഹൻദാസിനും വിമർശങ്ങൾ നേരിടേണ്ടി വരുന്നുണ്ട്.ടീസറിലെ നായകനെ അവതരിപ്പിക്കുന്ന ഭാഗം സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുന്നതാണെന്നായിരുന്നു പ്രധാനവിമർശനം. ടീസർ പിൻവലിക്കാൻ ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി വനിതാ വിഭാഗം കർണാടക സംസ്ഥാന വനിതാ കമ്മീഷന് പരാതി നൽകിയിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുന്നതും കന്നഡ സാംസ്കാരിക മൂല്യങ്ങളെ ദുർബലപ്പെടുത്തുന്നതുമായ അശ്ലീല ദൃശ്യങ്ങൾ ടീസറിൽ അടങ്ങിയിട്ടുണ്ടെന്ന് പരാതിയിൽ ആരോപിച്ചു.
അതേസമയം, മാർച്ച് 19 ന് ടോക്‌സിക് ആഗോളതലത്തിൽ റീലീസ് ചെയ്യുമെന്ന് നിർമാണ കമ്പനിയായ കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു. സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്. ടോക്‌സിക് പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാൽ ഇതൊരു പാൻ വേൾഡ് സിനിമയായി ഒരുക്കുക എന്ന തീരുമാനത്തിലാണ് അണിയറപ്രവർത്തകർ. ഇതിനാലാണ് കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മാത്രല്ല മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് സിനിമ ഡബ് ചെയ്യുമെന്ന വിവരവുമുണ്ട്.
കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്‌സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. നേരത്തെ യഷും ഗീതുവും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു എന്നും സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ തുടർന്ന് ഇതിൽ വിശദീകരണം എന്നവണ്ണം ചിത്രത്തിന്റെ റിലീസ് പോസ്റ്ററുമായി നിർമാതാക്കൾ എത്തുകയായിരുന്നു.
Content Highlights: An old interview of actor Yash has resurfaced and gone viral on social media. In the interview, Yash states that he consciously avoids acting in scenes that he would feel uncomfortable watching with his family.