

പാലക്കാട്: പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കസ്റ്റഡിയില്‍. പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ നിന്നും പ്രത്യേക അന്വേഷണ സംഘമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. വനിത പൊലീസ് ഉള്‍പ്പെടേയുള്ള സംഘം രാഹുല്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാത്രി 12 മണിയോടെ എത്തുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാർക്കൊപ്പം മുറിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ എംഎല്‍എയെ കസ്റ്റഡിയിലെടുത്ത് കൊണ്ടപോയി.
പുതിയ പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നടപടി. ലൈംഗിക പീഡനം, ഗർഭചിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. പുറത്തു പറഞ്ഞാൽ പിതാവിനെ അപായപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു. രാഹുലിനെതിരായ നിർണ്ണായക തെളിവുകള്‍ പരാതിക്കാരിയായ യുവതി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
ഡിഎന്‍എ പരിശോധനയ്ക്കായി യുവതി ഭ്രൂണം സൂക്ഷിച്ചിരുന്നുവെന്നത് അടക്കമുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ തയ്യാറായിരുന്നില്ല. രാഹുലിനെതിരെ മൂന്ന് പരാതികളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ രണ്ട് പരാതികളിലും ഭീഷണിപ്പെടുത്തിയുള്ള ഗർഭഛിദ്രം അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണുള്ളത്. അതേസമയം രണ്ട് കേസുകളില്‍ പാലക്കാട് എംഎല്‍എയ്ക്ക് മുന്‍കൂർ ജാമ്യം ലഭിച്ചിട്ടുണ്ട്.
അതിവിദഗ്ദമായിട്ടാണ് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിവരം ചോരാതിരിക്കാൻ പ്രത്യേക ജാഗ്രത പുലർത്തി. ഹോട്ടലിൽ എത്തിയതും ഹോട്ടൽ ജീവനക്കാരിൽ നിന്ന് വിവരങ്ങൾ ചോരാതിരിക്കാൻ പോലീസ് ശ്രദ്ധിച്ചു. തൃശ്ശൂരിലായിരുന്ന രാഹുൽ പാലക്കാട്ടേക്ക് തിരിച്ചെത്തിയത് രാത്രി 9 മണിയോടെയായിരുന്നു. പുതിയ പരാതി ലഭിച്ചതിന് പിന്നാലെ രാഹുല്‍ മുഴുവന്‍ സമയം പൊലീസ് നിരീക്ഷണത്തിലായിരുന്നു.
content highlights: Congress MLA Rahul Mamkootathil has been taken into custody by the Special Investigation Team