രാഹുലിനെ പൂട്ടിയത് അതിവിദഗ്ധമായി: റിസപ്ഷനിലെ ഫോണുകള്‍ പിടിച്ചെടുത്തു; മുറിയില്‍ നിന്ന് പുറത്തിറങ്ങാതെ എംഎല്‍എ

പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ നിന്നും പ്രത്യേക അന്വേഷണ സംഘമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്

രാഹുലിനെ പൂട്ടിയത്  അതിവിദഗ്ധമായി: റിസപ്ഷനിലെ ഫോണുകള്‍ പിടിച്ചെടുത്തു; മുറിയില്‍ നിന്ന് പുറത്തിറങ്ങാതെ എംഎല്‍എ
dot image

പാലക്കാട്: മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് കൃത്യമായ പ്ലാനിങ്ങിലൂടെ. ഇന്നലെ ഉച്ചമുതല്‍ തന്നെ പാലക്കാട് എംഎല്‍എ പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നാണ് പുറത്ത് വരുന്ന സൂചന. രാഹുല്‍ മുറിയില്‍ ഉണ്ടെന്ന് ഉറപ്പാക്കിയ സംഘം ഹോട്ടലിലേക്ക് എത്തുകയായിരുന്നു. ഡിവൈഎസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവർ അടങ്ങുന്ന എട്ടംഗ സംഘം രാത്രി 12.30-ഓടെയാണ് കെപിഎം ഹോട്ടലിലേക്ക് എത്തിയത്.

വിവരങ്ങള്‍ ചോരാതിരിക്കാന്‍ അന്വേഷണ സംഘം പ്രത്യേക ജാഗ്രത പുലർത്തി. വളരെ വിശ്വസ്തരായ പൊലീസ് ഉദ്യോഗസ്ഥരുമായി മൂന്ന് വാഹനങ്ങളിലായിട്ടായിരുന്നു അന്വേഷണ സംഘം ഹോട്ടലിലേക്ക് എത്തിയത്. ഹോട്ടലില്‍ എത്തിയ ഉടന്‍ തന്നെ പൊലീസ് റിസപ്ഷന്‍ ജീവനക്കാരുടെ ഫോണ്‍ പിടിച്ചെടുത്ത് അതുവഴി വിവരം ചോരാനുള്ള സാധ്യതയും അടച്ചു.

പൊലീസ് എത്തുമ്പോള്‍ രാഹുലിന്‍റെ സ്റ്റാഫ് അംഗങ്ങള്‍ മുറിയില്‍ ഉണ്ടായിരുന്നില്ല. ഉദ്യോഗസ്ഥർ എത്തി കസ്റ്റഡി വിവരം അറിയിച്ചപ്പോള്‍ രാഹുല്‍ മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ തയ്യാറായില്ലെന്നത് അടക്കമുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. വക്കീലിനെ കാണാന്‍ സമയം അനുവദിക്കണമെന്നായിരുന്നു എംഎല്‍എയുടെ ആവശ്യം. എന്നാല്‍ പൊലീസ് അത് അനുവദിച്ചില്ല. രാഹുലുമായി പുറത്ത് കടന്ന സംഘം ഉടന്‍ തന്നെ പാലക്കാട് നഗരത്തിന് പുറത്ത് കടന്നു. തിരുവനന്തപുരത്തേക്കാണ് എംഎല്‍എയെ കൊണ്ടുപോകുന്നതെന്നാണ് വിവരം.

പുതിയ പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നടപടി. ലൈംഗിക പീഡനം, ഗർഭചിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. പുറത്തു പറഞ്ഞാൽ പിതാവിനെ അപായപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു. രാഹുലിനെതിരായ നിർണ്ണായക തെളിവുകള്‍ പരാതിക്കാരിയായ യുവതി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

ഡിഎന്‍എ പരിശോധനയ്ക്കായി യുവതി ഭ്രൂണം സൂക്ഷിച്ചിരുന്നുവെന്നത് അടക്കമുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ തയ്യാറായിരുന്നില്ല. രാഹുലിനെതിരെ മൂന്ന് പരാതികളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ രണ്ട് പരാതികളിലും ഭീഷണിപ്പെടുത്തിയുള്ള ഗർഭഛിദ്രം അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണുള്ളത്. അതേസമയം രണ്ട് കേസുകളില്‍ പാലക്കാട് എംഎല്‍എയ്ക്ക് മുന്‍കൂർ ജാമ്യം ലഭിച്ചിട്ടുണ്ട്.

Content Highlights: Police took MLA Rahul Mamkootathil into custody through a carefully planned operation at a hotel in Palakkad.

dot image
To advertise here,contact us
dot image