

തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുത്ത രാഹുലിനെ എആര്‍ ക്യാമ്പിലെത്തിച്ച് എസ്‌ഐടി മേധാവി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. രാവിലെ 10 മണിയോടെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും. ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ രാഹുല്‍ എല്ലാം നിഷേധിച്ചു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്ന് രാഹുല്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു.
അതീവരഹസ്യമായാണ് രാഹുലിനെ അര്‍ധരാത്രിയില്‍ ഹോട്ടലില്‍ എത്തി എസ്‌ഐടി പൂട്ടിയത്. ഇന്നലെ ഉച്ച മുതല്‍ രാഹുല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പാലക്കാട് നിന്ന് പൊലീസ് സംഘമെത്തിയാണ് ഇന്ന് അര്‍ധരാത്രി 12.30 ഓടെ കസ്റ്റഡിയിലെടുത്തത്. ആദ്യം മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ തയ്യാറാകാതിരുന്ന രാഹുല്‍ അഭിഭാഷകനെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് അനുവദിച്ചുകൊടുക്കാതെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്റിഫിക് ലാബിലേക്ക് അയച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. അഞ്ച് ദിവസം മുന്‍പാണ് യുവതിയുടെ പരാതി ജി പൂങ്കുഴലിക്ക് ലഭിക്കുന്നത്. പരാതി വിശദമായി പരിശോധിച്ചശേഷം കസ്റ്റഡിയിലേക്ക് നീങ്ങുകയായിരുന്നു.
ആദ്യകൂടിക്കാഴ്ചയില്‍ തന്നെ രാഹുല്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് യുവതി എസ്‌ഐടിക്ക് മുന്നില്‍ മൊഴി നല്‍കി. യുവതിയുടെ വിവാഹബന്ധത്തില്‍ പ്രശ്‌നം നേരിട്ടപ്പോഴാണ് രാഹുലുമായി പരിചയപ്പെടുന്നത്. പ്രണയത്തിലായതോടെ രാഹുല്‍ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടു. വിവാഹം കഴിക്കാമെന്നും കുഞ്ഞ് വേണമെന്നും ആവശ്യപ്പെട്ടു. കുഞ്ഞ് ഉണ്ടായാല്‍ വിവാഹം വളരെ വേഗത്തില്‍ നടക്കുമെന്ന് തന്നെ വിശ്വസിപ്പിക്കുകയായിരുന്നുവെന്നും യുവതി മൊഴി നല്‍കി. നേരില്‍ കാണാന്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലിന്റെ പേര് നിര്‍ദേശിച്ച് റൂം ബുക്ക് ചെയ്യാന്‍ യുവതിയോട് ആവശ്യപ്പെട്ടു. റൂമില്‍ എത്തിയ രാഹുല്‍ സംസാരിക്കാന്‍ പോലും നില്‍ക്കാതെ ശാരീരികമായി കടന്നാക്രമിച്ചു. അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഗര്‍ഭത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നും ഒഴിയാന്‍ രാഹുല്‍ ശ്രമിച്ചു. മറ്റാരുടെയെങ്കിലും കുഞ്ഞ് ആയിരിക്കുമെന്ന് പറഞ്ഞ് അധിക്ഷേപിച്ചു. പിന്നാലെയാണ് ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനയ്ക്കായി യുവതി ഒരുങ്ങിയത്. എന്നാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് രാഹുല്‍ സഹകരിച്ചില്ല. ഗര്‍ഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തിയെന്നും യുവതി മൊഴിയില്‍ പറയുന്നുണ്ട്. ഇതിന്റെ നിര്‍ണായക വിവരങ്ങള്‍ യുവതി അന്വേഷണ സംഘത്തിന് കൈമാറി.
പലപ്പോഴായി രാഹുല്‍ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്നും യുവതി ആരോപിച്ചു. ചെരുപ്പ് വാങ്ങാനെന്ന പേരില്‍ പതിനായിരം രൂപ യുവതിയില്‍ നിന്നും വാങ്ങി. ആഡംബര വാച്ച് കൈവശപ്പെടുത്തി. സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങിപ്പിച്ചു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ സഹോദരിയുടെ വിവാഹം മുടക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും രാഹുലിനെതിരെ മൊഴിയുണ്ട്.
പീഡനവിവരം യൂത്ത് കോണ്‍ഗ്രസ് നേതാവായ ഫെന്നി നൈനാനും അറിയാമായിരുന്നുവെന്നും യുവതി പറയുന്നു. അബോര്‍ഷന്‍ വിവരം പറയാന്‍ രാഹുലിനെ വിളിച്ചെങ്കിലും ബ്ലോക്ക് ചെയ്തതോടെ ഫെന്നി നൈനാനെ വിവരം അറിയിക്കുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് വടകരയിലേക്ക് വരാന്‍ പലവട്ടം ആവശ്യപ്പെട്ടുവെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ശേഷം വീണ്ടും ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നും മൊഴിയുണ്ട്. പാലക്കാട് ഫ്ളാറ്റ് വാങ്ങിതരണമെന്നും അവിടെ ഒരുമിച്ച് ജീവിക്കാമെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ ഫ്ളാറ്റ് വാങ്ങല്‍ നടന്നില്ലെന്നും യുവതി പറയുന്നു.
Content Highlights: Rahul Mamkootathil Arrested in Palakkad