കുഞ്ഞുവേണമെന്ന് പറഞ്ഞ് ലൈംഗികബന്ധം,ഗർഭം മറ്റാരുടേതെങ്കിലുമാകുമെന്ന് പിന്നീട് കുറ്റപ്പെടുത്തി,സാമ്പത്തിക ചൂഷണം

ഓവുലേഷൻ സമയമാണെന്ന് പറഞ്ഞിട്ടും കുഞ്ഞ് ഉണ്ടാകട്ടെ എന്ന് പറഞ്ഞ് രാഹുൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നുവെന്ന് യുവതി

കുഞ്ഞുവേണമെന്ന് പറഞ്ഞ് ലൈംഗികബന്ധം,ഗർഭം മറ്റാരുടേതെങ്കിലുമാകുമെന്ന്  പിന്നീട് കുറ്റപ്പെടുത്തി,സാമ്പത്തിക ചൂഷണം
dot image

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ മൂന്നാമത്തെ പീഡന പരാതിയിൽ ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിർബന്ധിത ഗർഭച്ഛിദ്രം അടക്കമുള്ള ഗുരുതര ആരോപണങ്ങൾ. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ രാഹുൽ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും അതിജീവിത മൊഴിയിൽ പറയുന്നു.

വിവാഹം കഴിക്കാമെന്ന വ്യാജേനയാണ് താനുമായി ബന്ധത്തിലായതെന്നും ഒരു കുഞ്ഞുണ്ടായാൽ വിവാഹം വളരെ വേഗത്തിൽ നടക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും പരാതിക്കാരി പറയുന്നു. നേരിൽ കാണാൻ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലിന്റെ പേര് നിർദേശിച്ച് റൂം ബുക്ക് ചെയ്യാൻ യുവതിയോട് ആവശ്യപ്പെട്ടു. റൂമിൽ എത്തിയ രാഹുൽ സംസാരിക്കാൻ പോലും നിൽക്കാതെ ശാരീരികമായി കടന്നാക്രമിച്ചു. അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

ഭീഷണിപ്പെടുത്തി പലപ്പോഴായി രാഹുൽ പണം കൈക്കലാക്കി. ചെരുപ്പ് വാങ്ങാനെന്ന പേരിൽ പതിനായിരം രൂപ യുവതിയിൽനിന്നും വാങ്ങി. യുവതിയുടെ ആഢംബര വാച്ച് കൈവശപ്പെടുത്തി, സൗന്ദര്യവർധക വസ്തുക്കൾ വാങ്ങിപ്പിക്കുകയും ചെയ്തു. വിവാഹബന്ധത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായ സമയത്താണ് യുവതി രാഹുലുമായി സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയം സ്ഥാപിച്ച രാഹുൽ വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചുവെന്നും യുവതി പറയുന്നുണ്ട്.

ആദ്യ കേസിലേതിന് സമാനമായ രീതിയിൽ ഈ കേസിലും കുട്ടിവേണമെന്ന് രാഹുൽ യുവതിയോട് ആവശ്യപ്പെട്ടിരുന്നു. ഓവുലേഷൻ സമയമാണെന്ന് പറഞ്ഞിട്ടും കുഞ്ഞ് ഉണ്ടാകട്ടെ എന്ന് പറഞ്ഞ് രാഹുൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. മുഖത്തും ശരീരത്തിലും അടിക്കുകയും ദേഹത്ത് മുറിവുകൾ ഉണ്ടാക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷവും രാഹുൽ കാണണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും താൻ പോയില്ലെന്ന് യുവതി പറയുന്നുണ്ട്. എന്നാൽ ഗർഭിണിയായതോടെ ബന്ധം ഉപേക്ഷിച്ചു. വിവരം അറിയിക്കാനായി വിളിച്ചപ്പോൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡന വിവരം പുറത്തു പറഞ്ഞാൽ ജീവിതം തകർക്കുമെന്നും സഹോദരിയുടെ വിവാഹം മുടക്കുമെന്നും പിതാവിനെ അപായപ്പെടുത്തുമെന്നും രാഹുൽ ഭീഷണിപ്പെടുത്തി.

ഗർഭത്തിന്‍റെ ഉത്തരവാദിത്തത്തിൽനിന്നും ഒഴിയാൻ രാഹുൽ ശ്രമിച്ചു. മറ്റാരുടെയെങ്കിലും കുഞ്ഞ് ആയിരിക്കുമെന്നായിരുന്നു മറുപടി. പിന്നാലെയാണ് ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനയ്ക്കായി യുവതി ഒരുങ്ങിയത്. എന്നാൽ ഡിഎൻഎ പരിശോധനയ്ക്ക് രാഹുൽ സഹകരിച്ചില്ല. ഗർഭച്ഛിദ്രത്തിന് സമ്മർദ്ദം ചെലുത്തിയെന്നും യുവതി മൊഴിയിൽ പറയുന്നുണ്ട്. ഇതിന്റെ നിർണായക വിവരങ്ങൾ യുവതി അന്വേഷണ സംഘത്തിന് കൈമാറി.

ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ യുവതിയുടെ ഫോൺ രാഹുൽ ബ്ലോക്ക് ചെയ്തു. അബോർഷൻ വിവരം പറയാൻ വിളിച്ചപ്പോഴും രാഹുൽ ഭീഷണിപ്പെടുത്തി. രാഹുലിന്‍റെ സുഹൃത്തും സഹായിയുമായ ഫെനി നൈനാനെ വിവരം അറിയിച്ചിരുന്നുവെന്നും പരാതിക്കാരി പറയുന്നുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ഒന്നും സംഭവിക്കാത്തതുപോലെ താനുമായി അടുപ്പത്തിന് വീണ്ടും ശ്രമിച്ചു. ഭാവിയിൽ ഒരുമിച്ച് ജീവിക്കാമെന്ന് വാഗ്ദാനം ചെയ്തു. പാലക്കാട് ഫ്‌ളാറ്റ് വാങ്ങിതരണമെന്നും അവിടെ ഒരുമിച്ച് ജീവിക്കാമെന്നും രാഹുൽ പറഞ്ഞു. എന്നാൽ ഫ്‌ളാറ്റ് വാങ്ങൽ നടന്നില്ലെന്നും യുവതി പറയുന്നു.

യുവതിയുടെ പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ നിന്നും പ്രത്യേക അന്വേഷണ സംഘമാണ് കസ്റ്റഡിയില്‍ എടുത്തത്. രാത്രി 12.30 മണിയോടെയായിരുന്നു കസ്റ്റഡിയിലെടുക്കൽ.

Content Highlights : rahul mamkootathil arrest; Serious allegations on survivors complaint

dot image
To advertise here,contact us
dot image