

തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പൊലീസിനെ കുറ്റപ്പെടുത്തി രാഹുൽ ഈശ്വർ രംഗത്ത്. രാഹുലിനെ അറസ്റ്റ് ചെയ്തത് പൊലീസിൻ്റെ ദുരുപയോഗത്തിൻ്റ തെളിവാണെന്നാണ് രാഹുൽ ഈശ്വറിൻ്റെ ആരോപണം. ആദ്യ രണ്ട് പരാതികൾ കൂട്ടിച്ചേർത്താണ് മൂന്നാമത്തെ പരാതിയെന്നും രാഹുൽ ഈശ്വർ ആരോപിച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ കേസിൽ സാമ്പത്തിക ചൂഷണം കൂടി കൂട്ടിച്ചേർത്തുവെന്നാണ് രാഹുൽ ഈശ്വറിൻ്റെ ആരോപണം.
ഒന്നാമത്തെയും രണ്ടാമത്തെയും പരാതിയിൽ കോടതി സംശയം പ്രകടിപ്പിച്ചുവെന്ന് ചൂണ്ടിക്കാണിച്ച രാഹുൽ ഈശ്വർ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഹുലിനെതിരെ വ്യാജ പോക്സോ കേസ് കൂടി വരാൻ സാധ്യതയുണ്ടെന്നും പറഞ്ഞു. എന്താണ് പൊലീസ് പറയുന്ന ശക്തമായ തെളിവ് എന്ന് ചോദിച്ച രാഹുൽ ഈശ്വർ പൊലീസിൻ്റെ വ്യാജകഥകൾ മാധ്യമങ്ങൾ വിശ്വസിക്കരുതെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. മാധ്യമശ്രദ്ധ കിട്ടാൻ ആർക്കെതിരെയും വ്യാജ പീഡന പരാതികൾ നൽകാം കഴിയും. പൊലീസ് സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നത് നാടിന് പ്രശ്നം. സ്ത്രീകളെ പുരുഷന്മാർക്കെതിരായ ബോംബായി ഉപയോഗിക്കുന്നത് നിർത്തണമെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടലിനെ കുടുക്കിയത് വിജയമായി ആഘോഷിക്കരുത്. ആരു ഭരിച്ചാലും വേട്ടയാടൽ അവസാനിപ്പിക്കണം. രാഹുൽ മാങ്കൂട്ടത്തിൽ നാളെ കുറ്റക്കാരൻ ആണെങ്കിൽ പൂർണ്ണമായും തള്ളിപ്പറയുമെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.
നേരത്തെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ മറ്റൊരു അതിജീവിതയെ അധിക്ഷേപിച്ചകേസിൽ രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 16 ദിവസത്തിന് ശേഷം സൈബർ ഇടങ്ങളിൽ ഒരു തരത്തിലും അതിജീവിതയ്‌ക്കെതിരായ പരാമർശങ്ങൾ ഉണ്ടാകരുതെന്ന കർശനമായ വ്യവസ്ഥയിലായിരുന്നു രാഹുൽ ഈശ്വറിന് ജാമ്യം അനുവദിച്ചത്. ജാമ്യത്തിൽ ഇരിക്കുമ്പോൾ രാഹുൽ ഈശ്വർ വീണ്ടും സൈബർ ആക്രമണം നടത്തിയെന്ന് അതിജീവിത പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പീഡന പരാതി നൽകിയ അതിജീവിതയെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് സൈബർ പൊലീസാണ് തിരുവനന്തപുരം എസിജെഎം കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്.
അതിജീവിതയ്ക്ക് എതിരെ അപകീർത്തികരമായ പരാമർശങ്ങൾ ഒന്നിന് പിറകെ ഒന്നായി നടത്തിയ രാഹുൽ ഈശ്വറിന്റെ നവംബർ 30നായിരുന്നു പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയതോടെ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. രാഹുൽ ഈശ്വർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദത്തെ അംഗീകരിച്ചായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. സാമൂഹിക മാധ്യമത്തിലെ പോസ്റ്റുകളടക്കം പിൻവലിക്കാമെന്ന് വാദത്തിനിടെ രാഹുൽ ഈശ്വർ പറഞ്ഞിരുന്നെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് രാഹുൽ മാങ്കൂട്ടത്തിലിൽ എംഎൽഎയെ അർദ്ധരാത്രി പാലക്കാട് നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പാലക്കാട് നഗരത്തിലെ ഹോട്ടലിൽ നിന്നും പ്രത്യേക അന്വേഷണ സംഘമാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ എടുത്തത്. വനിത പൊലീസ് ഉൾപ്പെടേയുള്ള സംഘം രാഹുൽ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാത്രി 12 മണിയോടെ എത്തുകയായിരുന്നു. ഹോട്ടൽ ജീവനക്കാർക്കൊപ്പം മുറിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ എംഎൽഎയെ കസ്റ്റഡിയിലെടുത്ത്. പുതിയ പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിൻറെ നടപടി. ലൈംഗിക പീഡനം, ഗർഭചിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് രാഹുലിനതിരെ കേസ് എടുത്തിരിക്കുന്നത്. കസ്റ്റഡിയിൽ എടുത്ത രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട എ ആർ ക്യാമ്പിലെത്തിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 2ൽ ഹാജരാക്കും.
മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ കസ്റ്റഡിയിൽ എടുത്ത രാഹുൽ മാങ്കൂട്ടത്തിൽ പൊലീസിൻ്റെ ചോദ്യം ചെയ്യലുമായി സഹകരിക്കാൻ തയ്യാറാകുന്നില്ല. പൊലീസ് കസ്റ്റഡിയിൽ എടുത്ത ഐ ഫോണിൻ്റെ പാസ്‌വേർഡ് നൽകാനും രാഹുൽ മാങ്കൂട്ടത്തിൽ തയ്യാറായിട്ടില്ല. ഇതിനിടെ രാഹുൽ താമസിച്ച പാലക്കാട്ടെ ഹോട്ടലിലെ മുറി പൊലീസ് സീൽ ചെയ്തു. മുറിയിൽ അന്വേഷണസംഘം വിശദ പരിശോധന നടത്തും.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നടത്തിയത് ക്രൂരമായ ലൈംഗികാക്രമണമാണെന്ന മൊഴിയാണ് അതിജീവിത പൊലീസിന് നൽകിയിരിക്കുന്നത്. രാഹുൽ യുവതിയെ ക്രൂരമായ ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും മുഖത്തടിക്കുകയും തുപ്പുകയും ചെയ്തുവെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ട്. ശരീരത്തിൽ പലയിടത്തും മുറിവുണ്ടാക്കി. അതിജീവിതയുടെ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണി മുഴക്കുമെന്നുമാണ് യുവതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
ബന്ധം വേർപെടാതിരിക്കാൻ കുഞ്ഞ് വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടുവെന്നും അതിജീവിത മൊഴി നൽകിയിട്ടുണ്ട്. എന്നാൽ മറ്റാരുടെയെങ്കിലും ഗർഭമായിരിക്കുമെന്ന് പറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിൽ അധിക്ഷേപിച്ചു. അങ്ങനെയല്ലെന്ന് തെളിയിക്കാൻ ഭ്രൂണത്തിൻ്റെ ഡിഎൻഎ പരിശോധന നടത്താൻ ആവശ്യപ്പെട്ടെങ്കിലും രാഹുൽ തയ്യാറായില്ല. ഡിഎൻഎ സാമ്പിൾ എടുക്കാൻ മെഡിക്കൽ ഏജൻസി സമീപിച്ചെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ സാമ്പിൾ നൽകാൻ തയ്യാറായില്ലെന്നാണ് അതിജീവിത മൊഴി നൽകിയിരിക്കുന്നത്.
Content Highlights: Rahul Easwar strongly criticizes the misuse of women in false cases against men amid the recent arrest of Palakkad MLA Rahul Mamkootathil in a sexual assault case. He calls for an end to weaponizing women in legal battles.