നോ കമന്റ്‌സ്, ചെയ്യേണ്ടത് പാര്‍ട്ടി ചെയ്തു; രാഹുലിന്റെ അറസ്റ്റിനോട് വി ഡി സതീശന്‍

രാഹുലിന്റെ വിഷയത്തില്‍ കോണ്‍ഗ്രസിന് രണ്ട് നിലപാടാണെന്നും പൊതുജനം ഗൗരവമായി കാണുന്നുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞിരുന്നു

നോ കമന്റ്‌സ്, ചെയ്യേണ്ടത് പാര്‍ട്ടി ചെയ്തു; രാഹുലിന്റെ അറസ്റ്റിനോട് വി ഡി സതീശന്‍
dot image

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റില്‍ പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാര്‍ട്ടി നേരത്തെ ചെയ്തിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

'ഞങ്ങള്‍ എടുത്തതുപോലത്തെ നടപടി ആര് എടുത്തിട്ടുണ്ട്. പരാതി കിട്ടും മുന്‍പ് സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് കെപിസിസി പ്രസിഡന്റിന് പരാതി കിട്ടിയപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സ്വന്തം പാര്‍ട്ടിയില്‍ എത്ര പേരുണ്ടെന്ന് രാജീവിനോട് അന്വേഷിക്കാന്‍ പറ', എന്നും വി ഡി സതീശന്‍ പ്രതികരിച്ചു. രാഹുലിന്റെ വിഷയത്തില്‍ കോണ്‍ഗ്രസിന് രണ്ട് നിലപാടാണെന്നും പൊതുജനം ഗൗരവമായി കാണുന്നുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞിരുന്നു.

എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ രാഹുലിനോട് ആവശ്യപ്പെടാന്‍ തങ്ങള്‍ക്ക് അധികാരം ഇല്ലെന്നും വി ഡി സതീശന്‍ വിശദീകരിച്ചു. രാഹുല്‍ തങ്ങളുടെ പാര്‍ട്ടിയില്‍ ഇല്ല. പുറത്തല്ലേ. ഇക്കാര്യത്തില്‍ തന്റെ നിലപാട് കേരളത്തിലെ ഓരോ കുഞ്ഞുങ്ങള്‍ക്കും അറിയാം. ഇതിന്റെ പേരില്‍ എത്രമാത്രം വേട്ടയാടപ്പെട്ട ഒരാളാണ് താന്‍. അപ്പോഴൊന്നും കുലുങ്ങിയിട്ടില്ല. നോ കമന്റ്‌സ് മറ്റൊന്നും പറയാനില്ല എന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

തനിക്ക് മേയര്‍ പദവി ലഭിക്കാന്‍ ലത്തീന്‍ സഭ ഇടപെട്ടെന്ന കൊച്ചി മേയര്‍ വി കെ മിനിമോളുടെ വിവാദ പരാമര്‍ശത്തോടും വി ഡി സതീശന്‍ പ്രതികരിച്ചു. ലത്തീന്‍സഭ പാര്‍ട്ടിയോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. മേയര്‍ ലത്തീന്‍ സമുദായാംഗമല്ലല്ലോ. തെറ്റിദ്ധരിക്കുന്ന രീതിയില്‍ പരാമര്‍ശം വ്യാഖ്യാനിച്ചതാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Content Highlights: No Comments V D Satheesan Reaction Over Rahul Mamkootathil

dot image
To advertise here,contact us
dot image