

തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറിക്കേസിൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ലഹരിക്കേസിൽ പിടിയിലായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ മൂന്ന് പതിറ്റാണ്ട് നീണ്ട വാദ പ്രതിവാദങ്ങൾക്കൊടുവിലാണ് കോടതി ഇന്ന് വിധി പറയുക. ആന്റണി രാജുവും കോടതി ക്ലർക്കായിരുന്ന കെ എസ് ജോസുമാണ് കേസിലെ പ്രതികൾ. ജോസ് ഒന്നാം പ്രതിയും ആന്റണി രാജു രണ്ടാം പ്രതിയുമാണ്.
ആന്റണി രാജു വിചാരണ നേരിടണമെന്നും ഒരു വർഷത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും സുപ്രീംകോടതി 2024 നവംബറിൽ നിർദേശിച്ചിരുന്നു. കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ ആന്റണി രാജു നൽകിയ അപ്പീലിലായിരുന്നു ഈ വിധി.
ലഹരി മരുന്ന് കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരനെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരായ കുറ്റം. 1990ൽ തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിദേശ പൗരൻ ആൻഡ്രൂ സാൽവദോർ അടിവസ്ത്രത്തിൽ ലഹരിമരുന്നുമായി പിടിയിലായത്. ഈ വ്യക്തി മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച അടിവസ്ത്രം ചെറുതാക്കി തയ്ച്ച് പ്രതിക്ക് പാകമാകാത്തവിധം ആന്റണി രാജു തിരികെയേൽപ്പിച്ചുവെന്നാണ് കേസ്.
Content Highlights: antony raju evidence tempering case verdict today