'ഇടതുപക്ഷ സര്‍ക്കാര്‍ എന്തുകൊണ്ട് എസ്എന്‍ഡിപിക്ക് സ്‌കൂളുകള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ അനുവദിച്ചില്ല'

വെള്ളാപ്പള്ളി നടേശന്‍ പരാമര്‍ശം പിന്‍വലിച്ചേ മതിയാകൂവെന്നും ടി പി അഷ്‌റഫലി കൂട്ടിച്ചേര്‍ത്തു

'ഇടതുപക്ഷ സര്‍ക്കാര്‍ എന്തുകൊണ്ട് എസ്എന്‍ഡിപിക്ക് സ്‌കൂളുകള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ അനുവദിച്ചില്ല'
dot image

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ മാധ്യമപ്രവര്‍ത്തകന്‍ റഹീസ് റഷീദിനെതിരായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ടി പി അഷ്‌റഫലി. തനിക്കിഷ്ടമില്ലാത്ത ചോദ്യം ചോദിക്കുന്നവരെ അവരുടെ പേര് നോക്കി ത്രീവ്രവാദിയാക്കുന്ന നിലപാട് സാമൂഹ്യ പരിസരത്ത് സൃഷ്ടിക്കുന്ന മുറിവ് വലുതാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വെള്ളാപ്പള്ളി നടേശന്‍ പരാമര്‍ശം പിന്‍വലിച്ചേ മതിയാകൂവെന്നും ടി പി അഷ്‌റഫലി കൂട്ടിച്ചേര്‍ത്തു.

'വെള്ളാപ്പള്ളി നടേശന്‍ കുറച്ച് കാലമായി പറഞ്ഞ് വരുന്ന വര്‍ഗീയ പരാമര്‍ശങ്ങളുടെ ഏറ്റവും മോശപ്പെട്ട പരാമര്‍ശമാണ് റിപ്പോര്‍ട്ടര്‍ ടിവിയിലെ റഹീസ് റഷീദിനെപ്പറ്റി അദ്ദേഹം നടത്തിയത്. റഹീസ് റഷീദ് എന്ന റിപ്പോര്‍ട്ടര്‍ ടിവിയുടെ റിപ്പോര്‍ട്ടര്‍ ശ്രീ വെള്ളാപ്പള്ളി നടേശനോട് ചോദിച്ച ചോദ്യം പ്രസക്തമായ ചോദ്യമാണ്. മലപ്പുറത്ത് സ്ഥലമുണ്ടെങ്കില്‍ കഴിഞ്ഞ 10 വര്‍ഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ എന്തുകൊണ്ട് എസ്എന്‍ഡിപിക്ക് സ്‌കൂളുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചില്ല എന്നത് ചര്‍ച്ച ചെയ്യേണ്ട ഒന്നല്ലേ? ഇടതുപക്ഷം അനുവദിച്ചിട്ടും ലീഗിന്റെ എന്തെങ്കിലും എതിര്‍പ്പിലാണോ സ്ഥാപനങ്ങള്‍ നടത്താന്‍ കഴിയാതെ പോകുന്നത് ? ലീഗുകാര്‍ നിര്‍മ്മാണ പ്രവര്‍ത്തി തടഞ്ഞോ? തുടങ്ങിയ സ്ഥാപനം സമരം ചെയ്ത് പൂട്ടിച്ചോ? ഇതൊന്നുമില്ലല്ലോ. പിന്നെന്താണ് മലപ്പുറത്ത് എസ്എന്‍ഡിപിക്ക് ഇടത് ഭരണത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാതെ പോയതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം. ആ ചോദ്യം ചേദിക്കുന്ന മാധ്യമ പ്രവര്‍ത്തകനെ തീവ്രവാദി ആക്കിയിട്ട് കാര്യമില്ല', അഷ്‌റഫലി കുറിച്ചു.

റിപ്പോർട്ടർ ടി വി മാധ്യമ പ്രവർത്തകൻ റഹീസ് റഷീദിനെ തീവ്രവാദി എന്ന് വിളിച്ചാണ് വെള്ളാപ്പള്ളി നടേശൻ അധിക്ഷേപിച്ചത്. റഹീസിനെ തനിക്ക് അറിയാമെന്നും അയാൾ മുസ്ലിങ്ങളുടെ വലിയ വക്താവാണെന്നുമായിരുന്നു അധിക്ഷേപം. ഈരാറ്റുപേട്ടക്കാരനായ റഹീസ് എംഎസ്എഫ് നേതാവാണ്. അയാൾ തീവ്രവാദിയാണ്. അയാളെ ആരോ പറഞ്ഞയച്ചതാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

മൈക്ക് തട്ടിമാറ്റിയതുമായി ബന്ധപ്പെട്ട വിഷയം അടക്കം വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ അധിക്ഷേപം. ഒന്നുമില്ലെങ്കിലും താനൊരു പ്രായമുള്ളയാളല്ലേയെന്നും മര്യാദ കാണിക്കണ്ടേയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സംസാരിക്കേണ്ടതിന് ഒരു രീതിയുണ്ട്. പെരുമാറ്റത്തിൽ പക്വത കാണിക്കണം. ഒന്നുമില്ലെങ്കിലും ആ മാധ്യമപ്രവർത്തകന്റെ അപ്പൂപ്പനാകാനുള്ള പ്രായം തനിക്കില്ലേ? ദാർഷ്ട്യത്തോടെയാണ് അയാൾ സംസാരിച്ചത്. മൈക്കുമായി തന്റെ അടുത്തേയ്ക്ക് വന്നപ്പോൾ തട്ടിമാറ്റുകയായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ ന്യായീകരിച്ചു.

റിപ്പോർട്ടർ ടിവിക്കെതിരെ കടുത്ത ആക്ഷേപമാണ് വെള്ളാപ്പള്ളി ഉയർത്തിയത്. റിപ്പോർട്ടറിന് പിന്നിൽ മറ്റാരോ പ്രവർത്തിക്കുന്നു എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. രാഷ്ട്രീയക്കാരും ചാനലുകളുമായി റിപ്പോർട്ടർ ടിവി ഏറ്റുമുട്ടലിലാണെന്നും അങ്ങനെ മുട്ടാൻ ഇവർ പൊന്നുതമ്പുരാനാണോയെന്നും വെള്ളാപ്പള്ളി അധിക്ഷേപിച്ചു. റിപ്പോർട്ടർ തന്നെ വേട്ടയാടുകയാണ്. താൻ ചില സത്യങ്ങളാണ് പറയുന്നത്. താൻ പറയുന്നത് സത്യങ്ങളാണ് എന്ന് പറയുന്നതിന് പകരം റിപ്പോർട്ടർ വേട്ടയാടുകയാണ്. താൻ എന്ത് തെറ്റാണ് ചെയ്തത്? താൻ എന്താ പറഞ്ഞത്?. മലപ്പുറത്ത് തങ്ങൾക്ക് സ്‌കൂളും കോളേജുമില്ല എന്നാണ് പറഞ്ഞത്. അതിൽ എന്തിനാണ് ഇത്ര വിഷമം എന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.

വെള്ളാപ്പള്ളിയുടെ തീവ്രവാദി പരാമർശത്തെ വാർത്താസമ്മേളനത്തിനെത്തിയ മാധ്യമപ്രവർത്തകർ ചോദ്യം ചെയ്തു. റഹീസിന്റെ പേരാണോ പ്രശ്നമെന്നും അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നുമുള്ള മാധ്യപ്രവർത്തകന്റെ ചോദ്യത്തോട് ഉണ്ട് എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. തന്നെ ചോദ്യം ചെയ്യേണ്ടെന്നും പറയാനുള്ളത് താൻ പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്റെ അനുഭവത്തിൽ നിന്നാണ് അത് പറയുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് താൻ ആരാണെന്നും കൂടുതൽ കസർക്കേണ്ടെന്നും കളിക്കേണ്ടെന്നും വെള്ളാപ്പള്ളി ആഞ്ഞടിച്ചു. മൈക്ക് ചൂണ്ടി ഇത് വലിച്ചെറിയണോ എന്ന് ചോദിച്ച വെള്ളാപ്പള്ളി മര്യാദയ്ക്ക് സംസാരിക്കണമെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Content Highlights: tp asharafali against vellappally natesan

dot image
To advertise here,contact us
dot image