

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിർണായക മൊഴി നൽകി പ്രവാസി വ്യവസായി. ശബരിമലയിലെ സ്വർണ ഉരുപ്പടികൾ വിറ്റുവെന്നും അതിന് പിന്നിൽ ഉണ്ണികൃഷ്ണൻ പോറ്റിയും ഡി മണിയുമാണെന്നാണ് മൊഴി. ഇടപാട് നടന്നത് തിരുവനന്തപുരത്ത് വെച്ചെന്നും ദിണ്ടിഗലിലെ വീട്ടിൽ വെച്ചുതന്നെ ചർച്ചകൾ നടന്നുവെന്നും വ്യവസായി മൊഴി നൽകി.
എസ്ഐടി ചോദ്യം ചെയ്തയാൾ തന്നെയാണ് ഡി മണി എന്നതിൽ വ്യവസായി ഉറച്ചുനിൽക്കുകയാണ്. ലോഹക്കച്ചവടക്കാർക്കിടയില്‍ ദാവൂദ് മണിയെന്നാണ് ഇയാൾ അറിയപ്പെടുന്നത്. ഡി മണിയും പോറ്റിയും തമ്മില്‍ സ്വര്‍ണ ഉരുപ്പടികളുടെ ഇടപാട് നടന്നു. അത് ശബരിമലയിലെ സ്വർണ ഉരുപ്പടികളാണ് എന്നും വ്യവസായി മൊഴി നൽകി. ഇടപാടിനായി ആദ്യം സമീപിച്ചത് തന്നെയാണ്. എന്നാൽ വിലപേശലിലെ തർക്കം കാരണം താൻ പിന്മാറി. ഇവ വിദേശത്തേക്ക് കടത്തിയെന്ന് സംശയമുണ്ടെന്നും വ്യവസായി മൊഴി നൽകി.
ഉരുപ്പടികൾ തനിക്ക് കൈമാറിയത് പോറ്റിയാണെന്ന് മണി തന്നോട് പറഞ്ഞതായും വ്യവസായി വെളിപ്പെടുത്തി. അപ്പോഴാണ് പോറ്റിയെക്കുറിച്ച് അറിയുന്നത്. ദിണ്ടിഗലിലെ വീട്ടിൽവെച്ചാണ് ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നത്. തിരുവനന്തപുരത്തെ ഉരുപ്പടിക്കൈമാറ്റത്തിന് താൻ സാക്ഷിയെന്നും വ്യവസായി മൊഴി നൽകിയിട്ടുണ്ട്. വ്യവസായിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും.
അതേസമയം, കേസുമായി തനിക്ക് ബന്ധമില്ലെന്ന് ആവർത്തിക്കുകയാണ് എസ്ഐടി ചോദ്യം ചെയ്ത ഡി മണി. താന്‍ നിരപരാധിയാണെന്നും വേട്ടയാടരുതെന്നും ഡി മണി കഴിഞ്ഞ ദിവസം കരഞ്ഞുപറഞ്ഞു. മണിയുടെ സംഘാഗമെന്ന് സംശയിക്കുന്ന ശ്രീകൃഷ്ണനെ അറിയില്ലെന്നും പറയാന്‍ ഉള്ളതെല്ലാം എസ്‌ഐടിയോട് പറഞ്ഞെന്നും ഡി മണി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഡിസംബർ 27നാണ് ദിണ്ടിഗലില്‍ എത്തി ഡി മണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്ന് ഡി മണി പറഞ്ഞിരുന്നു. മാത്രവുമല്ല, താന്‍ ഡി മണി അല്ലെന്നും പേര് എം എസ് മണി എന്നാണെന്നുമായിരുന്നു എസ്‌ഐടിയോട് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ചോദ്യം ചെയ്തത് ഡി മണി തന്നെയാണെന്ന് എസ്‌ഐടി സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രവാസി വ്യവസായിയെ ദൃശ്യങ്ങള്‍ കാണിച്ച് സ്ഥിരീകരിക്കുകയായിരുന്നു. ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇയാള്‍ പേര് മാറ്റി പറയുന്നതെന്നാണ് വിലയിരുത്തല്‍.
ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാനാവശ്യപ്പെട്ട് ഡി മണിക്ക് എസ്ഐടി നോട്ടീസ് അയച്ചിട്ടുണ്ട്. തിരുവനന്തപുരത്തെത്തി മൊഴി നല്‍കണമെന്നാണ് നിര്‍ദേശം. ജനുവരി നാലിനോ അഞ്ചിനോ ഹാജരാകണം. മണി ഡിസംബര്‍ 30-ന് ഹാജരാകും.
Content Highlights: Unnikrishnan potty and D Mani; gold items from sabarimala smuggled, insutrialist confirms