തനിക്ക് ഭാഷാപരമായ പരിമിതികളുണ്ട്, എന്നാല്‍ മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളു:ട്രോളാക്രമണത്തില്‍ റഹീം

നിങ്ങളുടെ സര്‍ക്കാര്‍ പറഞ്ഞയച്ച ബുള്‍ഡോസറുകള്‍ തകര്‍ത്ത വീടുകളും, അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും നിങ്ങള്‍ കാണാതെ പോകരുതെന്നും റഹീം

തനിക്ക് ഭാഷാപരമായ പരിമിതികളുണ്ട്, എന്നാല്‍ മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളു:ട്രോളാക്രമണത്തില്‍ റഹീം
dot image

തിരുവനന്തപുരം: കര്‍ണാടകയില്‍ ബുള്‍ഡോസര്‍ രാജിന് ഇരയായവരെ സന്ദര്‍ശിച്ചതിന് ശേഷം കന്നഡ മാധ്യമത്തിന് നല്‍കിയ വീഡിയോയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം എംപി. തനിക്ക് ഭാഷാപരമായ പരിമിതികളുണ്ടെന്നും എന്നാല്‍ മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളുവെന്നും റഹീം ഫേസ്ബുക്കില്‍ കുറിച്ചു. ആ യാത്രയെക്കുറിച്ച് എപ്പോഴും അഭിമാനമേയുള്ളുവെന്നും റഹീം പറഞ്ഞു. കന്നഡ മാധ്യമത്തിന് ഇംഗ്ലീഷിലായിരുന്നു റഹീം പ്രതികരണം നല്‍കിയത്. എന്നാല്‍ ഇതിലെ റഹീമിന്റെ ഭാഷയെക്കുറിച്ച് വലിയ രീതിയിലുള്ള ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു. ഇതിനെതിരെയാണ് റഹീം മറുപടിയുമായി രംഗത്തെത്തിയത്.

'എന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട്. എനിക്ക് ഭാഷാപരമായ പരിമിതികളുണ്ട്. പക്ഷേ, മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളൂ. ഭരണകൂട ഭീകരതയുടെ നേര്‍കാഴ്ചകള്‍ തേടിയാണ് അവിടേയ്ക്ക് ചെന്നത്. ശബ്ദമില്ലാത്ത, എല്ലാം നഷ്ടപ്പെട്ട ആയിരത്തോളം ദുര്‍ബലരായ ഇരകളെയാണ് ഞങ്ങള്‍ക്ക് അവിടെ കാണാനായത്. ആ യാത്രയെ കുറിച്ച് ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉളളൂ, അവരുടെ ശബ്ദം ഇന്ന് എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുന്നു. ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകള്‍ ഇന്ന് ലോകം കാണുന്നു. പുനരധിവാസത്തെ കുറിച്ച് നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു', റഹീം പറഞ്ഞു.

തന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ലെന്നും തന്റെ ഭാഷ തീര്‍ച്ചയായും ഇനിയും കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും റഹീം കൂട്ടിച്ചേര്‍ത്തു. 'പക്ഷേ ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന നിരവധിപേര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ? അവരെ ആരെയും ഇവിടെയെന്നല്ല, ബുള്‍ഡോസറുകള്‍ ജീവിതം തകര്‍ത്ത ദുര്‍ബലരുടെ അരികില്‍ ഒരിടത്തും കണ്ടിട്ടില്ല. എന്റെ ഭാഷയിലേക്ക് സൂക്ഷിച്ചു നോക്കുമ്പോള്‍, നിങ്ങളുടെ സര്‍ക്കാര്‍ പറഞ്ഞയച്ച ബുള്‍ഡോസറുകള്‍ തകര്‍ത്ത വീടുകളും, അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും നിങ്ങള്‍ കാണാതെ പോകരുത്. എന്റെ ഭാഷയെ ട്രോളുന്ന തിരക്കില്‍ ആ ദുര്‍ബലരായ മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ രക്ഷപ്പെടാന്‍ ശ്രമിക്കരുത്. ഇനിയും ശബ്ദമില്ലാത്തവരെ തേടിപ്പോകും, ഒറ്റപ്പെട്ടുപോയവരെ ചേര്‍ത്തു പിടിക്കും', റഹീം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് 300ലധികം വീടുകള്‍ നശിപ്പിക്കപ്പെട്ട കര്‍ണാടകയിലെ യെലഹങ്കയിലെ ഫക്കീര്‍ കോളനിയും വസീം ലേഔട്ടും റഹിം സന്ദര്‍ശിച്ചത്. ഡിസംബര്‍ 22 ന് പുലര്‍ച്ചെയാണ് ബെംഗളൂരുവിലെ കൊഗിലു ഗ്രാമത്തിലെ ഫക്കീര്‍ കോളനിയിലും വസീം ലേഔട്ടിലും നടത്തിയ പൊളിച്ചുമാറ്റല്‍ നടപടിയില്‍ ഏകദേശം 400 കുടുംബങ്ങള്‍ ഭവനരഹിതരായി എന്ന ആരോപണമാണ് ഉയരുന്നത്. മുന്‍കൂര്‍ അറിയിപ്പ് കൂടാതെ തങ്ങളെ ഒഴിപ്പിക്കുകയും തെരുവുകളില്‍ രാത്രി ചെലവഴിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തുവെന്നാണ് ഈ പ്രദേശത്തെ താമസക്കാര്‍ പറയുന്നത്. കുടിയേറ്റ തൊഴിലാളികളില്‍ ഭൂരിഭാഗവും രണ്ട് പതിറ്റാണ്ടിലേറെയായി ഈ പ്രദേശത്ത് താമസിക്കുന്നവരാണെന്നും ഇവര്‍ക്ക് ആധാര്‍ കാര്‍ഡുകളും വോട്ടര്‍ ഐഡികളും ഉണ്ടെന്നും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ബുള്‍ഡോസറുകള്‍ ഉപയോഗിച്ചുള്ള പൊളിച്ചു നീക്കലില്‍ ഹൈക്കമാന്‍ഡ് അതൃപ്തി അറിയിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി കെ ശിവകുമാറുമായും കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസാരിച്ചിരുന്നു. മനുഷ്യത്വപരമായ വശങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാകണം നടപടികളെന്നും ജാഗ്രതയോടെയും കരുതലോടെയും വേണമായിരുന്നു ഇത്തരം നടപടികള്‍ കൈക്കൊള്ളേണ്ടിയിരുന്നത് എന്ന എഐസിസി നിലപാടും ഇരുവരെയും അറിയിച്ചു.

Content Highlights: Karnataka Bulldozer Raj A A Rahim about Cyber attack on his English

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us