അള്ളാഹുവിന്‍റെ പേരിൽ സത്യപ്രതിജ്ഞ;ഗുരുവായൂർ നഗരസഭയിലെ മുസ്‌ലിം ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി

മുസ്‌ലിം ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി

അള്ളാഹുവിന്‍റെ പേരിൽ സത്യപ്രതിജ്ഞ;ഗുരുവായൂർ നഗരസഭയിലെ മുസ്‌ലിം ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
dot image

തൃശൂർ: ഗുരുവായൂർ നഗരസഭയിൽ അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത രണ്ട് മുസ്‌ലിം ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള കോൺഗ്രസ് എം നേതാവ് ആർ എച്ച് അബ്ദുൽ സലീം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി.

15ാം വാർഡിലെ അബ്ദുൾ റഷീദ് കുന്നിക്കൽ, 23ാം വാർഡിലെ നൗഷാദ് അഹമ്മു എന്നിവരെ അയോഗ്യരാക്കണമെന്നാണ് ആവശ്യം. സത്യപ്രതിജ്ഞാ നിയമത്തിൽ നിർദേശിച്ചിട്ടുള്ളമാതൃകയിൽ നിർദ്ദിഷ്ട സത്യവാചകം ചൊല്ലി അവസാനിപ്പിക്കുമ്പോൾ കൗൺസിലർമാർ ദൃഢപ്രതിജ്ഞ ചെയ്യുന്നുവെന്നോ, ഈശ്വര നാമത്തിൽ അല്ലെങ്കിൽ ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നോ ആണ് നിയമം അനുശാസിക്കുന്നത്. എന്നാൽ ഇത് ഇരുവരും ലംഘിച്ചുവെന്ന് പരാതിയിൽ പറയുന്നു. അള്ളാഹുവിന്റെ പേരിലാണ് രണ്ടാളും സത്യപ്രതിജ്ഞ ചെയ്തത്. പരാതി തീർപ്പാക്കുന്നത് വരെ ഇരുവരെയും കൗൺസിൽ യോഗങ്ങളിൽനിന്ന് മാറ്റി നിർത്താൻ നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

ഗുരുവായൂർ മുനിസിപ്പാലിറ്റി 15ാം വാർഡായ സബ്‌സ്റ്റേഷനിൽനിന്നും 678 വോട്ടിനാണ് അബ്ദുൾ റഷീദ് വിജയിച്ചത്. പാലയൂർ വാർഡിൽനിന്നും 391 വോട്ടിനാണ് നൗഷാദ് അഹമ്മുവിന്റെ വിജയം. ഗുരുവായൂർ മുനിസിപ്പാലിറ്റി 23 സീറ്റുമായി എൽഡിഎഫാണ് ഭരണം പിടിച്ചത്. 16 സീറ്റാണ് യുഡിഎഫിനുള്ളത്. രണ്ട് സീറ്റ് എൻഡിഎയ്ക്കും അഞ്ച് സീറ്റ് മറ്റുള്ളവരും നേടി.

Content Highlights:‌ Guruvayoor municipality two muslim league councillors oath in the name of allah; complaint

dot image
To advertise here,contact us
dot image