വാളയാറിലേത് ക്രൂരമായ ആൾക്കൂട്ടക്കൊല;പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

'ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല'

വാളയാറിലേത് ക്രൂരമായ ആൾക്കൂട്ടക്കൊല;പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
dot image

തിരുവനന്തപുരം: വാളയാറിലേത് കേരളത്തിനാകെ നാണക്കേടുണ്ടാക്കിയ ആള്‍ക്കൂട്ടക്കൊലയാണെന്നും കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൊല്ലപ്പെട്ട അതിഥി തൊഴിലാളി രാംനാരായണന്റെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മോഷ്ടാവാണെന്ന് ആരോപിച്ചാണ് രാംനാരായണനെ ഒരു സംഘം ആള്‍ക്കൂട്ട വിചാരണ നടത്തി ക്രൂരമായി മര്‍ദിച്ചതെന്ന് വി ഡി സതീശന്‍ കത്തില്‍ പറയുന്നു. നാല് മണിക്കൂറിന് ശേഷം പൊലീസ് എത്തിയാണ് രാംനാരായണനെ ആശുപത്രിയില്‍ എത്തിച്ചത്. ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും പ്രതിപക്ഷ നേതാവ് പറയുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വാളയാര്‍ അട്ടപ്പള്ളത്ത് ഛത്തീസ്ഗഡ് ബിലാസ്പുര്‍ സ്വദേശിയായ രാംനാരായണന്‍ അതിക്രൂരമായ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി മരിക്കുന്നത്. അട്ടപ്പള്ളത്ത് ഒരു കടയുടെ പരിസരത്ത് ഇരിക്കുകയായിരുന്ന രാംനാരായണനെ കണ്ട് അസ്വാഭാവികത തോന്നിയ ചില തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രദേശത്തെ യുവാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ സ്ഥലത്തെത്തുകയും ആള്‍ക്കൂട്ട വിചാരണ നടത്തുകയുമായിരുന്നു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു വിചാരണ. താനൊന്നും മോഷ്ടിച്ചില്ലെന്ന് രാംനാരായണന്‍ പറയുന്നുണ്ടെങ്കിയും സംഘം അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. 'നീ ബംഗ്ലാദേശി ആണോടാ' എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും സംഘം പകര്‍ത്തിയിരുന്നു.

ക്രൂരമര്‍ദനമേറ്റ് രാംനാരായണന്‍ നിലത്തുവീണുപോയിരുന്നു. മണിക്കൂറുകളോളം ആരും തിരിഞ്ഞുനോക്കാതെ നിലത്തുതന്നെ കിടന്നു. പൊലീസ് എത്തിയാണ് രാംനാരായണനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചികിത്സയ്ക്കിടെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നോഴാണ് രാംനാരായണന്‍ അനുഭവിച്ച ക്രൂരതയുടെ ആഴം പുറംലോകമറിയുന്നത്. രാംനാരായണന്റെ ശരീരത്തിലാകെ മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. നെഞ്ചിലടക്കം ആഴത്തില്‍ മര്‍ദനമേറ്റു. തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമായതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കറും ഇക്കാര്യം വിശദീകരിച്ചിരുന്നു. രാംനാരായണന്റെ ശരീരത്തില്‍ മര്‍ദനമേല്‍ക്കാത്ത ഒരു സ്ഥലം പോലും ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ശരീരം മുഴുവന്‍ മൃഗീയമായ മര്‍ദനത്തിന്റെ അടയാളങ്ങളുണ്ടായിരുന്നു. ശരീരത്തില്‍ പലയിടങ്ങളില്‍ നിന്നുണ്ടായ മുറിവില്‍ നിന്ന് രക്തം വാര്‍ന്നിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ ആദ്യം മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. പിന്നാലെ അഞ്ച് പേരെ കൂടി കസ്റ്റഡിയില്‍ എടുത്തു. ഇതിന് പിന്നാലെ സംഭവത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പങ്കുണ്ടെന്ന വിവരവും പൊലീസ് പുറത്തുവിച്ചു. സ്ത്രീകള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന പതിനാല് പേര്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പറഞ്ഞിരുന്നു. ഒരാള്‍ക്ക് സിപിഐഎം ബന്ധമുണ്ടെന്നും തങ്കപ്പന്‍ സൂചിപ്പിച്ചിരുന്നു. കൊല്ലപ്പെട്ട രാംനാരായണൻ്റെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ ഇതുവരെ തയ്യാറായിട്ടില്ല. 25 ലക്ഷം രൂപ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. പട്ടികജാതി, പട്ടികവര്‍ഗ നിയമപ്രകാരം കേസെടുക്കണം, ആള്‍ക്കൂട്ട കൊലപാതകം അടക്കമുള്ള വകുപ്പുകളും ചുമത്തണം തുടങ്ങിയ ആവശ്യങ്ങളും ഇവർ മുന്നോട്ടുവെയ്ക്കുന്നു. നഷ്ടപരിഹാരം ലഭ്യമാക്കുന്നതുവരെ കേരളത്തില്‍ തുടരാനാണ് തീരുമാനം.

Content Highlights- V D Satheesan wrote letter to cm pinarayi vijayan over palakkad mob lynching

dot image
To advertise here,contact us
dot image