

പാലക്കാട്: പാലക്കാട് അതിഥി തൊഴിലാളിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ പതിനാല് പേര്‍ ആര്‍എസ്എസ് അനുഭാവികളെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. ഒരാള്‍ സിപിഐഎം അനുഭാവിയാണെന്നും എ തങ്കപ്പന്‍ പറഞ്ഞു. വാളയാറിലെ ആള്‍ക്കൂട്ടക്കൊല കേരളത്തെ ലജ്ജിപ്പിക്കുന്നതാണ്. സംഭവത്തില്‍ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്നും തങ്കപ്പന്‍ പറഞ്ഞു. അതിഥി തൊഴിലാളിയുടെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണം. മുഖം നോക്കാതെ നടപടി സ്വീകരിക്കണം. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കരുത്. രാംനാരായണന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും തങ്കപ്പന്‍ പറഞ്ഞു.

അതേസമയം സംഭവത്തില്‍ നഷ്ടപരിഹാരം ലഭിക്കാതെ രാംനാരായണന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. 25 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. പട്ടികജാതി, പട്ടികവര്‍ഗ നിയമപ്രകാരം കേസെടുക്കണം. ആള്‍ക്കൂട്ട കൊലപാതകം അടക്കമുള്ള വകുപ്പുകളും ചുമത്തണം. നഷ്ടപരിഹാരം ലഭ്യമാക്കുന്നതുവരെ കേരളത്തില്‍ തുടരാനാണ് തീരുമാനം. രണ്ട് മക്കള്‍ അടങ്ങുന്ന നിര്‍ധന കുടുംബമാണ് നാരായണന്റേത്. രാംനാരായണനെ കൊലപ്പെടുത്തിയവരെ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രാംനാരായണന്റെ ബന്ധു ശശികാന്ത് വ്യക്തമാക്കി.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വാളയാര്‍ അട്ടപ്പള്ളത്ത് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണന്‍ അതിക്രൂരമായ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി മരിക്കുന്നത്. അട്ടപ്പള്ളത്ത് ഒരു കടയുടെ പരിസരത്ത് ഇരിക്കുകയായിരുന്ന രാംനാരായണനെ കണ്ട് അസ്വാഭാവികത തോന്നിയ ചില അതിഥി തൊഴിലാളികള്‍ പ്രദേശത്തെ യുവാവക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ സ്ഥലത്തെത്തുകയും ആള്‍ക്കൂട്ട വിചാരണ നടത്തുകയുമായിരുന്നു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു വിചാരണ. താനൊന്നും മോഷ്ടിച്ചില്ലെന്ന് രാംനാരായണന്‍ പറയുന്നുണ്ടെങ്കിയും സംഘം അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. 'നീ ബംഗ്ലാദേശി ആണോടാ' എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും സംഘം പകര്‍ത്തിയിരുന്നു.

ക്രൂരമര്‍ദനമേറ്റ് രാംനാരായണന്‍ നിലത്തുവീണുപോയിരുന്നു. മണിക്കൂറുകളോളം ആരും തിരിഞ്ഞുനോക്കാതെ നിലത്തുതന്നെ കിടന്നു. പൊലീസ് എത്തിയാണ് രാംനാരായണനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചികിത്സയ്ക്കിടെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നോഴാണ് രാംനാരായണന്‍ അനുഭവിച്ച ക്രൂരതയുടെ ആഴം പുറംലോകമറിയുന്നത്. രാംനാരായണന്റെ ശരീരത്തിലാകെ മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. നെഞ്ചിലടക്കം ആഴത്തില്‍ മര്‍ദനമേറ്റു. തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമായതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കറും ഇക്കാര്യം വിശദീകരിച്ചിരുന്നു. രാംനാരായണന്റെ ശരീരത്തില്‍ മര്‍ദനമേല്‍ക്കാത്ത ഒരു സ്ഥലം പോലും ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ശരീരം മുഴുവന്‍ മൃഗീയമായ മര്‍ദനത്തിന്റെ അടയാളങ്ങളുണ്ടായിരുന്നു. ശരീരത്തില്‍ പലയിടങ്ങളില്‍ നിന്നുണ്ടായ മുറിവില്‍ നിന്ന് രക്തം വാര്‍ന്നിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ ആദ്യം മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. പിന്നാലെ അഞ്ച് പേരെ കൂടി കസ്റ്റഡിയില്‍ എടുത്തു. ഇതിന് പിന്നാലെയാണ് കേസില്‍ പതിനഞ്ചോളം പേരുടെ പങ്ക് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കേസില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ കേസ് അന്വേഷിക്കുന്നത് വാളയാര്‍ പൊലീസാണെങ്കിലും ഉത്തരവ് ഇറങ്ങുന്ന മുറയ്ക്ക് ക്രൈംബ്രാഞ്ച് പൂര്‍ണ തോതില്‍ അന്വേഷണം ഏറ്റെടുക്കും.
Content Highlights: Palakkd mob lynching: RSS supporters connection with ram narayanan death says dcc president