

മലപ്പുറം: പൊലീസ് സ്റ്റേഷനിലെത്തിയ ഗര്‍ഭിണിയായ യുവതിയെ മര്‍ദിച്ച സിഐ പ്രതാപചന്ദ്രനെതിരെ നേരത്തെയും പരാതികള്‍. പാലക്കാട് സ്വദേശിയായ യുവനടനാണ് പ്രതാപചന്ദ്രനെതിരെ നിയമപോരാട്ടം നടത്തുന്നത്. കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ചുവെന്ന് നടനായ സനൂപ് പറയുന്നു.
2023 മെയ് 16-നാണ് സംഭവം നടന്നത്. കിംഗ് ഓഫ് കൊത്ത ഷൂട്ടിംഗ് സമയത്ത് ആയിരുന്നു മര്‍ദനം. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് വിഷ്വല്‍ എഡിറ്ററായ രാഹുല്‍ രാജിനും മര്‍ദ്ദനമേറ്റു. രാത്രി ഒരു മണിക്ക് കലൂര്‍ ദേശാഭിമാനി ജംങ്ഷനില്‍ ചായ കുടിക്കാന്‍ പോയ സമയത്തായിരുന്നു സംഭവമെന്നാണ് സനൂപ് പറയുന്നത്.

അവിടെയെത്തിയ പൊലീസ് സംഘം വാഹനത്തിന്റെ രേഖകള്‍ ചോദിച്ചു. എല്ലാം കൃത്യമാണെന്ന് പറഞ്ഞപ്പോള്‍ അടുത്ത ദിവസം സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. പൊലീസ് നടപടി ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതോടെയാണ് മര്‍ദ്ദനം ഉണ്ടായത്. പൊലീസ് ഫോണ്‍ എറിഞ്ഞുപൊട്ടിച്ച ശേഷം മര്‍ദിച്ചു. പ്രതാപചന്ദ്രനും കൂടെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് മര്‍ദിച്ചത്. പൊലീസിനെ ആക്രമിച്ചന്ന പേരില്‍ കള്ളക്കേസില്‍ കുടുക്കി റിമാന്‍ഡ് ചെയ്തു. സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ഇല്ലാതാക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും സനൂപ് ആരോപിക്കുന്നു.
പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ മർദിച്ച സംഭവത്തിൽ സിഐ പ്രതാപചന്ദ്രനെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. ദക്ഷിണ മേഖലാ ഐജി ശ്യാം സുന്ദറാണ് സസ്‌പെൻഡ് ചെയ്തത്. എഡിജിപിയുടെ നിർദേശപ്രകാരമായിരുന്നു നടപടി.
യുവതിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന് മണിക്കൂറുകൾക്കകമാണ് നടപടിയെടുത്തത്. 2024 ജൂണ്‍ 20നായിരുന്നു സംഭവം നടന്നത്. ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ സ്റ്റേഷനിൽ എത്തിയ ഗർഭിണിയായ ഷൈമോൾ എന്ന യുവതിയെയാണ് സിഐ പ്രതാപചന്ദ്രൻ മർദിച്ചത്. യുവതിയുടെ മുഖത്തടിക്കുകയും നെഞ്ചിൽ പിടിച്ചുതള്ളുകയുമാണ് പ്രതാപചന്ദ്രൻ ചെയ്തത്. ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യം ചെയ്തതോടെയാണ് സിഐ മുഖത്തടിച്ചതെന്ന് ഷൈമോള്‍ പറഞ്ഞിരുന്നു.
Content Highlights: more complaints against ci prathapachandran by an actor