

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യക്ക് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. അന്വേഷണത്തോട് സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേസില്‍ ഇന്നലെ വാദം പൂര്‍ത്തിയാക്കിയ കോടതി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസില്‍ നാലാം പ്രതിയാണ് സന്ദീപ് വാര്യര്‍.
ഇരയുടെ ഐഡന്റിറ്റി മനഃപൂര്‍വ്വം എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്നാണ് സന്ദീപ് വാര്യയുടെ വാദം. പരാതിക്കാരിയായ യുവതിയുടെ വിവാഹ സമയത്ത് എടുത്ത ആശംസാ പോസ്റ്റ് പലരും സോഷ്യല്‍മീഡിയയില്‍ കുത്തിപ്പൊക്കിയതാണെന്നും അതിജീവിതയെ അപമാനിക്കുന്ന പ്രവര്‍ത്തി ചെയ്തിട്ടില്ലെന്നും സന്ദീപ് വാര്യര്‍ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.
ഒരു വര്‍ഷം മുന്‍പ് പങ്കെടുത്ത കല്യാണത്തിന്റെ ഫോട്ടോ അന്ന് ഫേസ്ബുക്കില്‍ പങ്ക് വച്ചിരുന്നുവെന്നും അത് പലരും ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ പിന്‍വലിച്ചെന്നും സന്ദീപ് വാര്യര്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. മനഃപ്പൂര്‍വം ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നുമായിരുന്നു പ്രതികരണം.
Content Highlights: Sandeep Varier granted anticipatory bail in case of revealing the identity of a survivor