രാഹുല്‍ ഈശ്വർ അകത്തോ പുറത്തോ? ഇന്നറിയാം; ജാമ്യ ഹർജിയില്‍ വാദം തുടരും; കടുത്ത എതിർപ്പുമായി പൊലീസ്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞ സാഹചര്യത്തില്‍ രാഹുല്‍ ഈശ്വറിലേക്ക് ശ്രദ്ധ തിരിക്കുകയാണ് എല്ലാ കണ്ണുകളും

രാഹുല്‍ ഈശ്വർ അകത്തോ പുറത്തോ? ഇന്നറിയാം; ജാമ്യ ഹർജിയില്‍ വാദം തുടരും; കടുത്ത എതിർപ്പുമായി പൊലീസ്
dot image

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു എന്ന വാര്‍ത്ത വരുമ്പോഴും ജയിലില്‍ തുടരുകയാണ് രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ ഇന്നും വാദം തുടരും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞ സാഹചര്യത്തില്‍ രാഹുല്‍ ഈശ്വറിന്‍റെ ഹർജിയിലേക്കും കൂടുതല്‍ ശ്രദ്ധ തിരിക്കുകയാണ് എല്ലാ കണ്ണുകളും.

കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചിരുന്നെങ്കിലും ഇരു വിഭാഗത്തിന്റെയും വാദം പൂര്‍ത്തിയാകാത്തതിനാലാണ് തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതി ഇന്നും വാദം കേള്‍ക്കുന്നത്. കേസിലെ എഫ്‌ഐആര്‍ വായിക്കുക മാത്രമാണ് വീഡിയോയില്‍ ചെയ്തതെന്നും പരാതിക്കാരെ അവഹേളിക്കുന്ന ഒന്നും അതില്‍ ഇല്ലെന്നും രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകര്‍ വാദിച്ചു. അതേസമയം, റിമാന്‍ഡില്‍ പ്രതിഷേധിച്ച് നിരാഹാര സമരം തുടരുകയാണ് രാഹുല്‍ ഈശ്വര്‍. ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

രാഹുല്‍ ഈശ്വർ പങ്കുവച്ച വീഡിയോയില്‍ എഫ്‌ഐആര്‍ വായിക്കുക മാത്രമാണ് ചെയ്തതെന്നാണ് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ വാദിക്കുന്നത്. അതിജീവിതയെ മോശമാക്കുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടില്ലെന്നും അപമാനിക്കാന്‍ ഉദ്ദേശമില്ലായിരുന്നെന്നും അവർ കോടതി മുമ്പാകെ പറഞ്ഞു. അതിജീവിതയെ അപമാനിക്കുന്ന വീഡിയോ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യാന്‍ തയ്യാറാണെന്നും രാഹുല്‍ ഈശ്വര്‍ വാദിച്ചിരുന്നു. എന്നാല്‍ സ്ത്രീകള്‍ക്കെതിരായ കേസില്‍ എഫ്ഐആർ പരസ്യരേഖയാകുമോ എന്ന് കോടതി ചോദിച്ചു.

പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ സഹായിക്കുകയാണ് പ്രതി ചെയ്യുന്നതെന്നായിരുന്നു പ്രോസിക്യൂഷന്‍റെ മറുവാദം. വീട്ടില്‍ നിന്ന് കണ്ടെടുത്ത ലാപ്‌ടോപ്പിന്റെ പാസ്‌വേര്‍ഡ് നല്‍കാനും രാഹുല്‍ ഈശ്വര്‍ തയ്യാറായില്ലെന്ന് പൊലീസ് പറഞ്ഞു. രാഹുലിന്റെ നിസഹകരണം അന്വേഷണത്തെ ബാധിക്കുമെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

Content Highlight; Rahul Easwar case: Bail hearing to continue today

dot image
To advertise here,contact us
dot image