

കൊല്ലം: കൊല്ലത്തിന്‍റെ വികസന മുരടിപ്പിന് കാരണം തുടര്‍ച്ചയായ ഇടതുഭരണമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍. വോട്ടര്‍മാര്‍ തിരുത്തല്‍ ശക്തിയായി യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കേണ്ടതുണ്ടെന്നും നഗരത്തിന്റെ പുരോഗതിയ്ക്ക് യുഡിഎഫ് ഭരണം അനിവാര്യമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. കൊല്ലൂര്‍വിള പളളിമുക്കില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പരിചയപ്പെടുത്തല്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'വികസനവും ജനക്ഷേമവും ഉറപ്പാക്കാന്‍ യുഡിഎഫിന് മാത്രമേ കഴിയൂ. കോര്‍പ്പറേഷന്‍ ഭരണം തിരിച്ചുപിടിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. വോട്ടര്‍മാര്‍ നഗരത്തിന്റെ പുരോഗതിക്കായി യുഡിഎഫിനെ അധികാരത്തിലെത്തിക്കണം': സാദിഖലി തങ്ങള്‍ പറഞ്ഞു.
പരിപാടിയില്‍ മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് നാസിമുദ്ദീന്‍ പളളിമുക്ക് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ്, ജനറല്‍ സെക്രട്ടറി സുല്‍ഫിക്കര്‍ സലാം, ഫസലുദ്ദീന്‍ ഹാജി, നിസാര്‍ റായര്‍, ജഹാംഗീര്‍ പളളിമുക്ക്, സിയാദ് ഷാനൂര്‍, മുഹമ്മദ് സുഹൈല്‍, സലീം വയനക്കുളം എന്നിവര്‍ പങ്കെടുത്തു.
Content Highlights: Continuous Left rule is the reason for Kollam's development stagnation: Sadiq Ali Thangal