

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയായ 'സി എം വിത്ത് മീ'യിൽ വിളിച്ച് അശ്ലീലം പറഞ്ഞ ആലപ്പുഴ സ്വദേശി പിടിയിൽ. ചെങ്ങന്നൂർ വെൺമണി മാറുന്നൂർ വീട്ടിൽ അർജുൻ ജി കുമാർ എന്ന 34കാരനാണ് വെള്ളിയാഴ്ച മ്യൂസിയം പൊലീസിന്റെ പിടിയിലായത്. 'സി എം വിത്ത് മീ' പരിപാടിയിലേക്ക് വിളിച്ച ഇയാൾ സ്ത്രീകളോട് അശ്ലീലം പറയുകയായിരുന്നു. വിളിക്കുന്നവരുടെ ഫോൺകോളുകൾക്ക് ഉദ്യോഗസ്ഥർ മറുപടി നൽകുകയും പരാതി ഏത് വകുപ്പുമായി ബന്ധപ്പെട്ടാണോ ആ വകുപ്പിലേക്ക് കൈമാറുകയും ചെയ്യുന്നതാണ് 'സി എം വിത്ത് മീ' പരിപാടി.
അതേസമയം ഇതിന് മുൻപും ഇതേ പരിപാടിയിലേക്ക് വിളിച്ച് ഇയാൾ മോശമായി സംസാരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വെൺമണി, തിരുവല്ല പൊലീസ് സ്റ്റേഷനുകളിൽ വിളിച്ച് വനിതാ ഉദ്യോഗസ്ഥരെ അശ്ലീലം പറഞ്ഞതിൽ ഇയാൾക്കെതിരെ നേരത്തെയും കേസുണ്ട്. പൊതുജന പരാതി പരിഹാരത്തിനായി നൽകിയ ടോൾ ഫ്രീ നമ്പറിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചാണ് ഇയാൾ അശ്ലീലം പറഞ്ഞത്.
Content Highlights: arrest on calling and using obscene language on 'CM with Me' program