

കൊല്ലം: കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞ് താഴ്ന്ന സംഭവത്തിൽ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്നലെയാണ് മൈലക്കാട് പാലത്തിന് സമീപം അപ്രോച്ച് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ട് ദേശീയപാത ഇടിഞ്ഞുവീണത്. ദേശീയ പാത ഇടിഞ്ഞു വീഴുമ്പോൾ സർവീസ് റോഡിൽ സ്‌കൂൾ വാഹനം അടക്കമുള്ള നിരവധി വാഹനങ്ങളുണ്ടായിരുന്നു. ഇവരെ പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
റോഡിൽ വിള്ളൽ വീഴുന്നതും ഇതേ സമയം വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. വലിയ ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായതെന്ന് വ്യക്തമാകുന്നതാണ് ഈ ദൃശ്യം.
പേടിച്ചുപോയെന്ന് റോഡ് വിണ്ടുകീറുന്നതിനിടെ അതുവഴി കടന്നുപോയ ഓട്ടോറിക്ഷ ഡ്രൈവർ റിപ്പോർട്ടറിനോട് പറഞ്ഞു. മക്കളാണ് വാപ്പാ ദാ റോഡ് വിണ്ടുകീറുന്നെന്ന് പറഞ്ഞത്. മേലോട്ട് നോക്കിയപ്പോൾ റോഡ് ചരിഞ്ഞ് നിൽക്കുന്നതാണ് കണ്ടത്. മക്കളെല്ലാം കരച്ചിലായി. ഉടൻതന്നെ കുറച്ച് മുകളിലേക്ക് വാഹനം ഒതുക്കി മറ്റു വാഹനങ്ങൾ തടഞ്ഞു. പുറകിൽ സ്‌കൂൾ ബസ് അടക്കം ഒരുപാട് വാഹനങ്ങളുണ്ടായിരുന്നു, അദ്ദേഹം പറഞ്ഞു.
അതേസമയം പ്രദേശത്ത് നിന്ന് മണ്ണ് നീക്കിത്തുടങ്ങി. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. വിഷയത്തിൽ ജില്ലാകളക്ടർ ഇന്ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ ദേശീയപാത അധികൃതരും കരാർ കമ്പനി അധികൃതരും ജനപ്രതിനിധികളും പങ്കെടുക്കും. അപകടകാരണം കരാർ കമ്പനി വിശദീകരിക്കേണ്ടിവരും. ദേശീയപാത അതോറിറ്റി സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്.
Content Highlights: kottiyam mylakkad National highway collapse CCTV Footages out