

കൊച്ചി: സ്ത്രീകളെ എങ്ങനെ ട്യൂൺ ചെയ്യണമെന്ന് വ്യക്തമായ ധാരണയുള്ള ആളാണ് രാഹുൽ മാങ്കൂട്ടത്തിലെന്ന് കോൺഗ്രസ് സഹയാത്രികയും പ്രസാധകയുമായ എം എ ഷഹനാസ്. തനിക്കും രാഹുലിൻ്റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായി. രാഹുലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കരുതെന്ന് ഷാഫിയോട് നേരത്തേ പറഞ്ഞിരുന്നു. അന്ന് മറുപടി ഒന്നും പറഞ്ഞില്ല. ഇന്ന് രാഹുലിനെതിരെ പരാതികള്‍ വന്നപ്പോള്‍ അന്നേ പറഞ്ഞതല്ലേ എന്ന് ചൂണ്ടിക്കാട്ടി ഷാഫിക്ക് ഒരു മെസേജ് അയച്ചിരുന്നു. അപ്പോൾ ഒരു സങ്കട സ്‌മൈലിയായിരുന്നു ഷാഫിയുടെ മറുപടിയെന്നും ഷഹനാസ് പറഞ്ഞു. റിപ്പോർട്ടറിനോടായിരുന്നു ഷഹനാസിൻ്റെ പ്രതികരണം.
യൂത്ത് കോൺഗ്രസിൻ്റെ ഭാരവാഹികളായിട്ടുള്ള എല്ലവരെയും ഒരു തരത്തിൽ രാഹുൽ സമീപിച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ സമാനമായ രീതിയിൽ സമീപിച്ച് ട്രോമയിലായ പെൺകുട്ടികൾ കോൺഗ്രസിനകത്തുതന്നെയുണ്ടെന്ന് തനിക്ക് ഉറച്ച വിശ്വാസം ഉണ്ടെന്നും കുറെ പേരെ നേരിട്ട് അറിയാമെന്നും ഷഹനാസ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ തന്നോടും മോശമായി പെരുമാറിയെന്നും അന്ന് ഷാഫിയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ഷഹനാസ് നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കർഷക സമരത്ത് ഡൽഹിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുൽ മോശം സന്ദേശം അയച്ചതെന്നും ഷഹനാസ് പറഞ്ഞു. ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് സന്ദേശം അയച്ചത്. യൂത്ത് കോൺഗ്രസ് നേതാക്കൾ എല്ലാവരുമായി പോകാനായിരിക്കും എന്നാണ് താൻ കരുതിയത്. അതുകൊണ്ടുതന്നെ ഓക്കെ പറഞ്ഞു. പിന്നീടാണ് അയാൾക്കൊപ്പം ഒറ്റയ്ക്ക് പോകാനാണ് ആവശ്യപ്പെട്ടതെന്ന് മനസിലായത്. അതിനുള്ള മറുപടി അയാൾക്ക് ആ സമയത്തുതന്നെ കൊടുത്തിരുന്നുവെന്നും ഷഹനാസ് വ്യക്തമാക്കിയിരുന്നു.
ഷാഫി യൂത്ത് കോൺഗ്രസ് പ്രസിഡൻ്റായി ഇരിക്കുമ്പോൾ സ്ത്രീകൾക്ക് പ്രവർത്തിക്കാൻ അനുമതി ഇല്ലായിരുന്നുവെന്നും ഷഹനാസ് ആരോപിച്ചിരുന്നു. പുരുഷാധിപത്യം എല്ലായിടത്തുമുണ്ട്. രാഹുലിനെതിരെ ഷാഫിക്ക് പല പരാതികളും ലഭിച്ചിരുന്നു. രാഹുലിനെ സംരക്ഷിച്ചിരുന്നത് ഷാഫിയാണെന്നും ഷഹനാസ് കൂട്ടിച്ചേർത്തിരുന്നു.
Content Highlight : MA Shahnaz makes allegations against Rahul Mamkootathil