

കുട്ടനാട്: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ പ്രതിക്ക് വധശിക്ഷ. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി പ്രബീഷിന് വധശിക്ഷ വിധിച്ചത്. 2021 ജൂലൈ 9 നാണ് കേസിനാസ്പദമായ സംഭവം. ഗർഭിണിയായിരുന്ന അനിതയെ കാമുകനും പെൺസുഹൃത്തും ചേർന്ന് കായലിൽ തള്ളുകയായിരുന്നു. ബോധരഹിതയായ അനിത മരിച്ചുവെന്ന് കരുതിയാണ് പ്രതികൾ കായലിൽ തള്ളിയത്. കാമുകൻ പ്രബീഷും പെൺസുഹൃത്ത് രജനിയും കുറ്റക്കാർ എന്ന് കോടതി കണ്ടെത്തിയിരുന്നു.
പുന്നപ്ര തെക്കേമഠം വീട്ടിൽ അനിത ശശിധരനെ(32) കൊലപ്പെടുത്തിയകേസിൽ മലപ്പുറം നിലമ്പൂർ മുതുകോട് പൂക്കോടൻ വീട്ടിൽ പ്രബീഷാണ്(37) ഒന്നാം പ്രതി. കൈനകരി സ്വദേശി 38കാരി രജനിയാണ് രണ്ടാം പ്രതി. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. വിവാഹിതനായ പ്രബീഷ് വിവാഹിതരായ അനിതയും രജനിയുമായി ഒരേസമയം അടുപ്പത്തിലായിരുന്നു. അനിത ഗർഭിണിയായതിന് പിന്നാലെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പാലക്കാട് ആലത്തൂരിലെ ഫാമിൽ ജോലി ചെയ്ത് വരികയായിരുന്ന അനിതയെ 2021 ജൂലായ് ഒമ്പതാം തീയതി ആലപ്പുഴയിലേക്ക് പ്രതികൾ വിളിച്ചുവരുത്തി.
കെഎസ്ആർടിസി ബസിൽ വന്നിറങ്ങിയ അനിതയെ ഓട്ടോയിൽ രജനി കൈനകരയിലെ വീട്ടിലെത്തിച്ചു. അനിതയെ പ്രബീഷ് കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി. നിലവിളി പുറത്ത് കേൾക്കാതിരിക്കാൻ അനിതയുടെ വായും മൂക്കും രജനി അമർത്തിപ്പിടിച്ചു. ഇതിനിടെ അനിത ബോധരഹിതയായി. കൊല്ലപ്പെട്ടെന്ന് കരുതി ഇരുവരും ചേർന്ന് അനിതയെ പൂക്കൈത ആറ്റിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. പള്ളാത്തുരുത്തിക്ക് സമീപം ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെയാണ് കേസ് പുറംലോകമറിഞ്ഞത്. മയക്കുമരുന്നു കേസിൽ ഒഡിഷയിലെ ജയിലിൽ കഴിയുന്ന രജനിയെ വിധി പറയാനായി നേരിട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.
Content Highlights: kuttanad anitha case; court verdict