ഒപ്പിന്‍റെ പേരിൽ പത്രിക തള്ളി; മലപ്പട്ടത്തെ റിട്ടേണിങ്ങ് ഓഫീസറെ മാറ്റണമെന്ന പരാതിയുമായി കോൺഗ്രസ്

മലപ്പട്ടത്തെ കോവുന്തല വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളിയതിലാണ് പരാതി

ഒപ്പിന്‍റെ പേരിൽ പത്രിക തള്ളി; മലപ്പട്ടത്തെ റിട്ടേണിങ്ങ് ഓഫീസറെ മാറ്റണമെന്ന പരാതിയുമായി കോൺഗ്രസ്
dot image

കണ്ണൂർ: നാമനിർദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് കണ്ണൂർ മലപ്പട്ടത്തെ റിട്ടേണിങ്ങ് ഓഫീസറെ മാറ്റണമെന്ന് കോൺഗ്രസിന്റെ പരാതി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്കാണ് യുഡിഎഫ് പരാതി നൽകിയത്. മലപ്പട്ടത്തെ കോവുന്തല വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളിയതിലാണ് പരാതി.

അപേക്ഷയിലെ ഒപ്പ് വ്യാജമാണെന്ന കാരണത്താൽ കോവുന്തല വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി നിത്യശ്രീയുടെ പത്രിക റിട്ടേണിം​ഗ് ഓഫീസർ തള്ളിയിരുന്നു. പിന്നാലെ വിഷയത്തിൽ സിപിഐഎമ്മിനെതിരെ ഗുരുതര ആരോപണവുമായി നിത്യശ്രീ രംഗത്ത് വന്നു. റിട്ടേണിംഗ് ഓഫീസർ സിപിഐഎം ഭീഷണിക്ക് വഴങ്ങിയെന്നും പത്രികയിലേത് തന്റെ ഒപ്പ് തന്നെയാണെന്ന് റിട്ടേണിംഗ് ഓഫീസർ സാക്ഷ്യപ്പെടുത്തിയതാണെന്നും നിത്യശ്രീ പറഞ്ഞിരുന്നു. സിപിഐഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതോടെ റിട്ടേണിങ് ഓഫീസർ പത്രിക തള്ളുകയായിരുന്നു. ഓഫീസറുടെ മുന്നിൽവച്ച് തന്നെയാണ് ഒപ്പിട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടർക്ക് പരാതി നൽകുമെന്നും നിത്യശ്രീ പറഞ്ഞിരുന്നു. വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ എൽഡിഎഫിന്റെ എം വി ഷിഗിന എതിരില്ലാതെ വിജയിച്ചിരുന്നു.

സൂക്ഷ്മപരിശോധനയ്ക്കിടെ അപേക്ഷയിലെ ഒപ്പ് വ്യാജമാണെന്ന് ആരോപണം ഉയർന്നിരുന്നു ഇതിന് പിന്നാലെ നിത്യശ്രീയെ വിളിച്ചുവരുത്തി റിട്ടേണിംഗ് ഓഫീസറുടെ മുന്നിൽവെച്ച് മറ്റൊരു പേപ്പറിൽ ഒപ്പ് ഇട്ടു നൽകാൻ ആവശ്യപ്പെടുകയായിരുന്നു. നിത്യശ്രീ സമർപ്പിച്ച നോമിനേഷനിലെ ഒപ്പും ആർഒയുടെ മുന്നിൽവെച്ച് ഇട്ടുനൽകിയ ഒപ്പും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്ന് കണ്ടെത്തുകയും ഇതോടെ പത്രിക തള്ളുകയുമായിരുന്നു.

Content Highlights: Congress' complaint demanding the replacement of the returning officer at Malapattam, Kovunthala

dot image
To advertise here,contact us
dot image