

പടന്ന: തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് നേതൃത്വവുമായുള്ള അതൃപ്തിയെ തുടർന്ന് കാസർകോട് പടന്നയിൽ മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി ഒന്നടങ്കം രാജിവെച്ചു. ലീഗിന് സ്വാധീനമുള്ള മേഖലകളിൽ കോൺഗ്രസിന് സീറ്റ് നൽകിയതിനെതിരെ യൂത്ത് ലീഗ് പരസ്യമായി പ്രതിഷേധിച്ചിരുന്നു. പിന്നാലെയാണ് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളുടെ രാജി. തൃക്കരിപ്പൂർ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിക്ക് രാജിക്കത്ത് കൈമാറി.
സീറ്റ് വിഭജനത്തെ ചൊല്ലി പടന്നയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ഇതിനിടെ ലീഗിന്റെ സിറ്റിങ് സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കാൻ മുന്നണി തലത്തിൽ ധാരണയായതോടെയാണ് യൂത്ത് ലീഗ് പ്രവർത്തകർ പൊട്ടിത്തെറിച്ചത്. ലീഗിന് സ്വന്തം നിലയിൽ ആയിരത്തിൽ പരം വോട്ടുള്ള വാർഡ് ചില ലീഗ് നേതാക്കൾ കോൺഗ്രസിന് അടിയറവെച്ചതായി ആരോപിച്ചും സീറ്റ് വിട്ടുകൊടുത്തതിൽ ശരികേട് ഉന്നയിച്ചും പടന്ന പഞ്ചായത്ത് മുസ്‌ലിം ലീഗ് ഓഫീസ് പ്രവർത്തകർ ഉപരോധിച്ചിരുന്നു. നിലവിൽ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് പടന്ന. വാർഡ് വിഭജനത്തിന്റെ ആനുകൂല്യത്തിൽ ഭരണം പിടിച്ചെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം. ഇതിനിടയിലാണ് ലീഗിലെ പൊട്ടിത്തെറി.
Content Highlights: Youth League Panchayath Committee in Padanna resigned following dissatisfaction with the Muslim League leadership