

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷനും മുന്‍ എംഎല്‍എയുമായിരുന്ന എ പത്മകുമാറിന്റെ അറസ്റ്റില്‍ പ്രതികരിച്ച് കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനം സ്വതന്ത്രമാണെന്നും ഇതുമായി ബന്ധപ്പെട്ട ഒരു ഫയലും തന്റെ ഭരണ കാലത്ത് വന്നിട്ടില്ലെന്നും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മന്ത്രി തലത്തില്‍ ഫയല്‍ അയക്കേണ്ട ആവശ്യമില്ലെന്നും ബോര്‍ഡിന്റെ തീരുമാനങ്ങള്‍ ബോര്‍ഡിന്റേത് മാത്രമെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
'പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഈ വിഷയത്തില്‍ പ്രതികരണം വ്യക്തമാക്കിയതാണ്. ബോര്‍ഡിന്റെ തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ അറിവോടെയല്ല. പ്രതിപക്ഷം ഒരുപാട് അന്യായങ്ങള്‍ വിളിച്ച് പറയുകയാണ്. കുറ്റമറ്റ് അന്വേഷണമാണ് നിലവില്‍ നടക്കുന്നത്. ഞാന്‍ അന്ന് അയച്ച അപകീര്‍ത്തി കേസില്‍ പ്രതിപക്ഷ നേതാവ് ഇതുവരെ പ്രതികരിച്ചിട്ടില്ല.' കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
'എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് വിളിച്ചു പറയേണ്ട കാര്യമില്ലല്ലോ. കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ എല്ലാവരും കാത്തിരിക്കണം. പ്രതിപക്ഷ നേതാവ് മറുപടി പറയാത്തതിനാല്‍ കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അര്‍ഥശങ്കയ്ക്കിടയില്ലാതെ എല്ലാ കാര്യങ്ങളും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരുന്നു. പാളി ഇളക്കാനോ സ്വര്‍ണം പൂശാന്‍ പറയാനോ ദേവസ്വം മന്ത്രിക്ക് അവകാശമില്ല.' കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെ കൈകള്‍ ശുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരമലയിലെ ദ്വാരപാലക ശില്‍പം ഒരു കോടീശ്വരന് വിറ്റുവെന്നും കടകംപള്ളിയോട് ചോദിച്ചാല്‍ ആര്‍ക്കാണ് വിറ്റത് എന്നറിയാമെന്നും വി ഡി സതീശന്‍ ആരോപിച്ചിരുന്നു. സ്വര്‍ണം ചെമ്പാക്കിയ രാസവിദ്യ ആണ് നടന്നത്. ഒരു പത്രസമ്മേളനം നടത്തി സര്‍ക്കാരിന് പറയാനുള്ളത് പറയുകയാണ് വേണ്ടത്. എന്താണ് ഇത്രയും നാളായി മിണ്ടാതെ ഇരിക്കുന്നതെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു. ഇതിൽ പ്രതികരിച്ച് കടകംപള്ളി സുരേന്ദ്രൻ വി ഡി സതീശന് കത്തയച്ചിരുന്നു. എന്നാൽ കത്തിന് മറുപടി ലഭിച്ചില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെ ഇന്ന് ഉച്ചയോടെയാണ് പത്മകുമാറിന്റെ അറസ്റ്റ് എസ്‌ഐടി രേഖപ്പെടുത്തിയത്. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
ശബരിമലയിലെ സ്വര്‍ണക്കൊള്ള പത്മകുമാറിന്റെ അറിവോടെയാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പത്മകുമാര്‍ എല്ലാ ഒത്താശയും നല്‍കി. പത്മകുമാറിന്റെ നിര്‍ദേശത്തിലാണ് മഹ്സറില്‍ ചെമ്പ് തകിടുകള്‍ എന്ന് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നുവെന്നും എസ്ഐടി കണ്ടെത്തല്‍. പത്മകുമാറിന്റെ വീട്ടില്‍ വെച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് ഗൂഢാലോചനകള്‍ നടന്നുവെന്നും എസ്ഐടി നിഗമനം.
Content Highlight: Kadakampally Surendran responds to the arrest of A. Padmakumar