അറസ്റ്റ് ചെയ്തതുകൊണ്ട് ആരും കുറ്റക്കാരനാകുന്നില്ല; സിപിഐഎമ്മിന്റെ കൈകള്‍ ശുദ്ധം: എം വി ഗോവിന്ദന്‍

ആരോപണവിധേയന്‍ കുറ്റക്കാരനാണോയെന്ന് കോടതിയാണ് പറയേണ്ടത്. ശിക്ഷിക്കപ്പെടുകയാണെങ്കില്‍ അപ്പോള്‍ നിലപാട് സ്വീകരിക്കും

അറസ്റ്റ് ചെയ്തതുകൊണ്ട് ആരും കുറ്റക്കാരനാകുന്നില്ല; സിപിഐഎമ്മിന്റെ കൈകള്‍ ശുദ്ധം: എം വി ഗോവിന്ദന്‍
dot image

തിരുവനന്തപുരം: അറസ്റ്റ് ചെയ്തതുകൊണ്ട് ആരും കുറ്റക്കാരനാകുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷനും മുന്‍ എംഎല്‍എയുമായിരുന്ന എ പത്മകുമാറിന്റെ അറസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. പകുതിവെന്തിട്ട് നിലപാട് സ്വീകരിക്കേണ്ട കാര്യമില്ലല്ലോയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

'ഒരാളെയും സംരക്ഷിക്കില്ല. ആര്‍ക്കുവേണ്ടിയും നിലപാട് വ്യത്യസ്തമായി എടുക്കില്ല. അറസ്റ്റ് ചെയ്തതുകൊണ്ട് കുറ്റവാളിയാകുന്നില്ല. പകുതിവെന്തിട്ട് നിലപാട് സ്വീകരിക്കേണ്ട കാര്യമില്ല. നല്ലോണം വേവട്ടെ', എം വി ഗോവിന്ദന്‍ പറഞ്ഞു.

ആരോപണവിധേയന്‍ കുറ്റക്കാരനാണോയെന്ന് കോടതിയാണ് പറയേണ്ടത്. ശിക്ഷിക്കപ്പെടുകയാണെങ്കില്‍ അപ്പോള്‍ നിലപാട് സ്വീകരിക്കും. അറസ്റ്റ് ചെയ്താല്‍ അതിന്റെ അര്‍ത്ഥം കുറ്റാരോപിതന്‍ എന്നുമാത്രമാണ്. ആരെ വേണമെങ്കില്‍ ചോദ്യം ചെയ്യാം, അറസ്റ്റ് ചെയ്യാം എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഐഎമ്മിന്റെ കൈകള്‍ ശുദ്ധമാണ്. പിന്നെന്തിന് ഭയപ്പെടണം. ശബരിമലയിലെ ഒരുതരി സ്വര്‍ണം പോലും നഷ്ടപ്പെടരുതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

എന്നാൽ ഉപ്പ് തിന്നവന്‍ വെള്ളംകുടിക്കും എന്നാണ് മന്ത്രി വി ശിവന്‍കുട്ടി അറസ്റ്റിനോട് പ്രതികരിച്ചത്. പത്മകുമാര്‍ പങ്കാളിയായിട്ടുണ്ടെങ്കില്‍ അതിന്റെ നടപടി ഉണ്ടാകും. ഇപ്പോള്‍ കുറ്റവാളിയാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെ ഇന്ന് ഉച്ചയോടെയാണ് പത്മകുമാറിന്റെ അറസ്റ്റ് എസ്‌ഐടി രേഖപ്പെടുത്തിയത്. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

ശബരിമലയിലെ സ്വര്‍ണക്കൊള്ള പത്മകുമാറിന്റെ അറിവോടെയാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പത്മകുമാര്‍ എല്ലാ ഒത്താശയും നല്‍കി. പത്മകുമാറിന്റെ നിര്‍ദേശത്തിലാണ് മഹ്സറില്‍ ചെമ്പ് തകിടുകള്‍ എന്ന് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നുവെന്നും എസ്ഐടി കണ്ടെത്തല്‍. പത്മകുമാറിന്റെ വീട്ടില്‍ വെച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് ഗൂഢാലോചനകള്‍ നടന്നുവെന്നും എസ്ഐടി നിഗമനം.

Content Highlights: cpim mv govindan Reaction over a padmakumar Arrest in sabarimala Case

dot image
To advertise here,contact us
dot image